Three Year Old Kalyani Death: മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന സംഭവം: കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി, പിതാവിന്റെ ബന്ധു കസ്റ്റഡിയിൽ
Three year old Kalyani death Case: ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. അമ്മയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം വിവരങ്ങള്‍ സ്ഥിരീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
തിരുവാങ്കുളത്ത് മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ വൻവഴിതിരിവ്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. സംഭവത്തില്‍ പിതാവിന്റെ അടുത്ത ബന്ധുവിനെ
പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളെ ബുധനാഴ്ച രാവിലെ മുതൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയ്ക്ക് പിന്നാലെ അതീവ രഹസ്യമായാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അമ്മയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം വിവരങ്ങള്‍ സ്ഥിരീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായി ചെങ്ങമനാട് പൊലീസ് വ്യാഴാഴ്ച കോടതിയിൽ അപേക്ഷ നൽകും.
ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നതായും വിവരമുണ്ട്. തിങ്കളാഴ്ചയാണ് കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൂട്ടിക്കൊണ്ട് അമ്മ സ്വന്തം വീട്ടിൽ പോയത്. കുഞ്ഞും സഹോദരനും അച്ഛന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ വീട്ടിലെത്തിയപ്പോൾ കുട്ടി കൂടെയുണ്ടായിരുന്നില്ല. ബസിൽ വച്ച് കുട്ടിയെ കാണാതായെന്നാണ് അമ്മ സന്ധ്യ പറഞ്ഞത്.
തുടർന്ന് ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചു. മൊഴിയെടുത്തപ്പോൾ സന്ധ്യ പരസ്പര വിരുദ്ധമായി സംസാരിച്ചത് പൊലീസിന് സംശയമുണ്ടാക്കി. തുടർന്ന് സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്നു താഴേക്ക് എറിഞ്ഞതായി സമ്മതിച്ചത്. തിരച്ചലിനൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ 2.20ന് 36 അടി താഴ്ചയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തിയാണ് സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലയ്ക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സന്ധ്യ നിലവില്‍ കാക്കനാട് വനിതാ സബ് ജയിലിലാണ്.