Thrissur: ആദ്യം കയ്യടി, പിന്നാലെ നടപടി; വൈറൽ വിഡിയോയിൽ വൻ ട്വിസ്റ്റ്, ആംബുലൻസ് ഡ്രൈവർക്ക് കുരുക്ക്
Ambulance Viral Video: മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ പി.വി ബിജുവിന്റെയും സംഘത്തിന്റെയും സംശയങ്ങളാണ് അന്വേഷണത്തിന് സഹായകരമായത്.

Ambulance Viral Video
തൃശ്ശൂർ: ആംബുസൻസിന് വനിത എഎസ്ഐ വഴിയൊരുക്കിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രോഗിയുമായി പോയ ആംബുലൻസിന് പെട്ടെന്ന് വഴിയൊരുക്കിയത് കയ്യടിക്ക് കാരണമായി, എന്നാൽ സംഭവത്തിൽ വൻ ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. ആംബുലൻസിൽ രോഗി ഇല്ലായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ പി.വി ബിജുവിന്റെയും സംഘത്തിന്റെയും സംശയങ്ങളാണ് അന്വേഷണത്തിന് സഹായകരമായത്. ആംബുലൻസിന്റെ ഡ്രൈവർ വണ്ടി ഓടിക്കുമ്പോൾ മിററിൽ ഡ്രൈവർ ഷൂട്ട് ചെയ്യുന്നത് കാണാമായിരുന്നു. വാഹനത്തിന്റെ വലത് ഭാഗത്തുള്ള കണ്ണാടിയിൽ ആണ് എഎസ്ഐ ഓടി വരുന്നത് കണ്ടത്. അത്തരത്തിൽ ദൃശ്യം പകർത്തണമെങ്കിൽ അത് ഡ്രൈവർക്ക് മാത്രമേ കഴിയുകയുള്ളൂ എന്ന് മോട്ടോർ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.വി.ബിജു മനോരമ ന്യൂസിനോടു പറഞ്ഞു.
തുടർന്നാണ് അന്വേഷണം നടത്തിയത്. വാഹന ഉടമയുമായി ബന്ധപ്പെട്ടു, ഡ്രൈവറുടേയും വാഹനത്തിലുണ്ടായിരുന്ന നഴ്സിന്റെയും വിവരങ്ങൾ ശേഖരിച്ചു. രോഗിയേയും കൊണ്ട് അശ്വിനി ജംക്ഷനില്‍ വരാനുള്ള സമയവും മാളയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് എത്താനുള്ള സമയവും തമ്മിൽ പൊരുത്തകേടുകൾ ഉണ്ടായിരുന്നു. പിന്നാലെ ഡ്രൈവറെ വിളിച്ചു. രോഗിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരുന്ന വഴിക്ക് അവിടെ ഐസിയു ബെഡ് ലഭ്യമല്ലെന്ന് അറിയുകയും തുടർന്ന് ജൂബിലി മിഷനിലേക്ക് വാഹനം തിരിച്ചു എന്നുമാണ് ഡ്രൈവർ പറഞ്ഞത്.
ALSO READ: കെണിവെച്ച് പിടിച്ച് കൂട്ടിലാക്കി… ഇപ്പോ ആപ്പിലായി; തത്തയെ വളർത്തിയ വീട്ടുടമസ്ഥനെതിരെ കേസ്
എന്നാൽ, അന്വേഷണസംഘത്തിന് ഈ ന്യായീകരണം വിശ്വസനീയമായി തോന്നിയില്ല. നേരിട്ട് ഹാജരാകുവാൻ ഡ്രൈവറോട് ആവശ്യപ്പെട്ടുവെങ്കിലും അയാൾ എത്തിയില്ല. തുടർന്ന് നിര്‍ബന്ധമായും വരണമെന്ന് ആവശ്യപ്പെതോടെയാണ് ഡ്രൈവറും നഴ്സും ഹാജരായത്. രണ്ടു പേരെയും ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്തതോടെയാണ് ട്വിസ്റ്റ് സംഭവിച്ചത്.
ആംബുലൻസിൽ രോഗിയുണ്ടായിരുന്നില്ലെന്ന് ഇരുവരും സമ്മതിച്ചു. നിയമപ്രകാരം ആംബുലൻസിൽ രോഗി ഇല്ലെങ്കിൽ സൈറൽ മുഴക്കാൻ പാടില്ല. മറ്റ് വാഹനങ്ങളെ പോലെ നിയമങ്ങൾ പാലിക്കണം. വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതും തെറ്റാണ്. വനിത എഎസ്ഐ ഓടി വരുന്നത് ഡ്രൈവര്‍ കണ്ടിരുന്നു. വാഹനത്തില്‍ രോഗി ഇല്ലെന്ന് പറയാതിരുന്നതും തെറ്റാണ്. ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകും. ലൈസന്‍സ് പിടിച്ചെടുത്തിട്ടുണ്ടെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.