Thamarassery Churam: താമരശേരി ചുരം വഴി ഇന്ന് മുതല്‍ വാഹനങ്ങള്‍ കടത്തിവിടും
Thamarassery Churam Traffic Update: ഗതാഗതം പുനരാരംഭിച്ചെങ്കിലും ചരക്ക് വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണമൊരുക്കും. ഇരുവശങ്ങളിലേക്കും ഒരേ സമയത്ത് ചരക്ക് വാഹനങ്ങള്‍ പോകാന്‍ അനുവദിക്കില്ല. ഒരു സമയം ഒരു വശത്ത് നിന്ന് മാത്രമേ ചരക്ക് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കൂ.

താമരശേരി ചുരം
കോഴിക്കോട്: താമരശേരി ചുരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം നീക്കി. ഇന്ന് മുതല്‍ വാഹനങ്ങള്‍ കടത്തിവിടും. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കയറ്റിവിടുക എന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഗതാഗത നിയന്ത്രണം നീക്കാന്‍ തീരുമാനമായത്. കഴിഞ്ഞ ദിവസം ചെറുവാഹനങ്ങള്‍ക്ക് ചുരമിറങ്ങാനുള്ള അനുവാദം നല്‍കിയിരുന്നു.
ഗതാഗതം പുനരാരംഭിച്ചെങ്കിലും ചരക്ക് വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണമൊരുക്കും. ഇരുവശങ്ങളിലേക്കും ഒരേ സമയത്ത് ചരക്ക് വാഹനങ്ങള്‍ പോകാന്‍ അനുവദിക്കില്ല. ഒരു സമയം ഒരു വശത്ത് നിന്ന് മാത്രമേ ചരക്ക് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കൂ. ഇതിന് പുറമെ ഹെയര്‍പിന്‍ വളവുകളില്‍ സ്ലോട്ടുകളും തീരുമാനിക്കും.
ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചത്. അതിനാല്‍ ഇവിടെ പാര്‍ക്കിങ് അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ചുരം നിരീക്ഷണത്തില്‍ തന്നെയായിരിക്കുമെന്നും അറിയിപ്പുണ്ട്. കോഴിക്കോട് നിന്ന് റഡാറുകളെത്തിച്ച് പരിശോധന നടത്തും.
കഴിഞ്ഞ മൂന്ന് ദിവസമായി കുടുങ്ങിക്കിടന്ന ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം വൈകീട്ടോടെ ചുരമിറങ്ങി. മഴ ശക്തിപ്രാപിച്ചാല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും ഒന്‍പതാം വളവില്‍ അപകട സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പരിശോധനകള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം.
അതേസമയം, ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിന് കാരണം 80 അടി ഉയരത്തിലുണ്ടായ പാറയിലെ വിള്ളലാണെന്നാണ് വിവരം. ബ്ലോക്കുകളായി പാറ വിണ്ടുകീറി. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ മണ്ണും കല്ലുമെല്ലാം റോഡില്‍ നിന്ന് നീക്കം ചെയ്തു. ചുരത്തിലെ മണ്ണിടിച്ചിലില്‍ ഏകോപന പ്രശ്‌നമുണ്ടായതായി ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു.