Wayand Landslide: വയനാട് പുനരധിവാസം; പത്ത് കോടി രൂപ നൽകുമെന്ന് യു.പി സർക്കാർ
വയനാട്ടിലെ പുനരധിവാസത്തിനായി ധനസഹായം അഭ്യർത്ഥിച്ചുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിന് പിന്നാലെയാണ് സർക്കാർ 10 കോടി ധനസഹായം അനുവദിച്ചതായി അറിയിച്ചത്.
വയനാട്ടിലെ പുനരധിവാസത്തിനായി ഉത്തർപ്രദേശ് സർക്കാർ പത്ത് കോടി രൂപ നൽകും. പുനരധിവാസത്തിന് ധനസഹായമായി പത്ത് കോടി രൂപ അനുവദിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. ഗവർണർ ജില്ലയിലെ പുനരധിവാസത്തിന് സഹായം അഭ്യർത്ഥിച്ച് കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് യുപി സർക്കാർ ധനസഹായം അനുവദിച്ചതായി അറിയിച്ചത്.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടലിൽ (Wayanad Lanslides) മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപയാണ് കേരള സർക്കാർ ധനസഹായമായി നൽകിയത്. ദുരന്തത്തിൽ അംഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപയും ചെറിയ അംഗവൈകല്യങ്ങൾക്ക് 50,000 രൂപയുമാണ് നൽകുന്നത്. തമിഴ്നാട് സർക്കാർ 5 കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. കൂടാതെ നിരവധി സിനിമ താരങ്ങളും വയനാട് പുനരധിവാസത്തിനായി ധനസഹായവുമായി രംഗത്ത് വന്നിരുന്നു.
പ്രഭാസ് 2 കോടി, ചിരഞ്ജീവിയും രാംചരണും ചേർന്ന് 1 കോടി, സൂര്യ ജ്യോതിക കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപ, മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ, മോഹൻലാൽ 25 ലക്ഷം, കമൽ ഹാസൻ 25 ലക്ഷം, ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം, ടോവിനോ 25 ലക്ഷം, അല്ലു അർജുൻ 25 ലക്ഷം രൂപ, വിക്രം 20 ലക്ഷം, നയൻതാരയും വിഘ്‌നേശ് ശിവനും ചേർന്ന് 20 ലക്ഷം രൂപ, സൗബിൻ ഷാഹിർ 20 ലക്ഷം, രശ്‌മിക മന്ദന 10 ലക്ഷം, മഞ്ജു വാരിയർ, പേർളി മാണി, റിമി ടോമി എന്നിവർ 5 ലക്ഷം രൂപ വീതവും, നവ്യ നായർ 1 ലക്ഷം രൂപയും നൽകി.