Varkala Train Attack: മദ്യപിച്ച് ട്രെയിനിൽ കയറി; പുകവലി ചോദ്യം ചെയ്തത് പ്രകോപിതനാക്കി; റിമാൻഡ് റിപ്പോർട്ട് പുറത്ത്
Varkala Train Attack: വധശ്രമം അടക്കം ആറു വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. കേരള എക്സ്പ്രസിലെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

അറസ്റ്റിലായ പ്രതി സുരേഷ് കുമാർ
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതി സുരേഷ് കുമാറിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പുകവലി ചോദ്യം ചെയ്തതിനെ തുടർന്നാണ് പെൺകുട്ടിയെ ചവിട്ടി പുറത്തേക്ക് വീഴത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുകവലിച്ചുകൊണ്ട് പ്രതി പെൺകുട്ടികളുടെ അടുത്തേക്ക് എത്തിയത് എതിര്‍ത്തതാണ് പ്രകോപനത്തിനു കാരണം. സമീപത്ത് നിന്ന് മാറി നിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പറഞ്ഞതോടെയാണ് പ്രകോപിതനായ സുരേഷ് കുമാര്‍ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വധശ്രമം അടക്കം ആറു വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. കേരള എക്സ്പ്രസിലെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദൃശ്യത്തിൽ രണ്ട് പെൺകുട്ടികൾ ട്രെയിനിൻ്റെ വാതിലിന്റെ ഭാഗത്ത് ഇരിക്കുന്നത് കാണാം. പ്രതിയായ സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടിതള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ടാമത്തെ പെൺകുട്ടിയെയും പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ ഞായറാഴ്ച കോട്ടയം അതിരമ്പുഴയിലെയും നാഗമ്പടത്തേയും ബാറുകളിൽ കയറി മദ്യപിച്ച ശേഷമാണ് ഇയാൾ സുഹൃത്തിനൊപ്പം ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിയത്. സുഹൃത്തിന് സീറ്റ് കിട്ടി. ഇയാൾ പുകവലിക്കാനായി ശുചിമുറിയുടെ ഭാഗത്തേക്കു പോയി. തുടർന്ന് വാതിലിനു സമീപത്ത് നിന്ന് ഇയാൾ പുകവലിച്ചു. ഈ സമയം ശ്രീക്കുട്ടിയും അര്‍ച്ചനയും ഇത് ചോദ്യം ചെയ്തു. ഇവിടെ നിന്ന് പുകവലിക്കാൻ പാടില്ലെന്നും പരാതിപ്പെടുമെന്നും ഇയാളോട് ഇവർ പറഞ്ഞു. ഇത് കേട്ട് മദ്യലഹരിയില്‍ ആയിരുന്ന സുരേഷ് പ്രകോപിതനായി ശ്രീക്കുട്ടിയെ പിന്നില്‍നിന്നു മുതുകില്‍ ആഞ്ഞു ചവിട്ടി ട്രെയിനിനു പുറത്തേക്കു വീഴ്ത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്ന അർച്ചനെ ഇത് കണ്ട് നിലവിളിച്ച. ഈ സമയം അര്‍ച്ചനെയയും ഇയാള്‍ ചിവിട്ടി. എന്നാൽ ഡോറിൽ പിടിച്ചു തൂങ്ങികിടന്നതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ മറ്റ് യാത്രക്കാർ എത്തിയാണ് അര്‍ച്ചനയെ പിടിച്ചുകയറ്റിയത്. അതേസമയം നിലവിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ശ്രീകുട്ടി.