Vehicle Challan Rules Kerala: മോട്ടോർ വാഹന നിയമം വീണ്ടും കടുക്കുന്നു, ഇനി 5 ചലാൻ കിട്ടിയാൽ ലൈസൻസ് റദ്ദാക്കും
Vehicle challan rules in Kerala are now stricter: കുടിശ്ശികയുള്ള ചലാനുകൾ അടച്ചുതീർക്കുന്നത് വരെ വാഹനം കസ്റ്റഡിയിലെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും. കൂടാതെ, പിഴ ഒടുക്കാത്ത വാഹനങ്ങൾക്ക് പരിവാഹൻ വെബ്‌സൈറ്റിലൂടെയുള്ള സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തും.

Vehicle Challan Rules Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ചലാൻ സംവിധാനം കൂടുതൽ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരമുള്ള പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച്, റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.
പുതിയ നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ചലാനുകൾ ലഭിക്കുകയാണെങ്കിൽ അയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കപ്പെടും. ചലാൻ ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ നിർബന്ധമായും പിഴ അടച്ചിരിക്കണം.
കുടിശ്ശികയുള്ള ചലാനുകൾ അടച്ചുതീർക്കുന്നത് വരെ വാഹനം കസ്റ്റഡിയിലെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും. കൂടാതെ, പിഴ ഒടുക്കാത്ത വാഹനങ്ങൾക്ക് പരിവാഹൻ വെബ്‌സൈറ്റിലൂടെയുള്ള സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തും. നികുതി അടയ്ക്കുന്നത് ഒഴികെ, വിലാസം മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങിയ സേവനങ്ങളൊന്നും അനുവദിക്കില്ല.
ഉത്തരവാദിത്തം ഉടമയ്ക്ക്
നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ആർ.സി ഉടമയ്‌ക്കെതിരെയായിരിക്കും എല്ലാ നിയമനടപടികളും സ്വീകരിക്കുക. മറ്റാരെങ്കിലും ആണ് വാഹനം ഓടിച്ചിരുന്നതെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും. ചലാനെതിരെ പരാതിയുണ്ടെങ്കിൽ ഉടമയ്ക്ക് നേരിട്ട് കോടതിയെ സമീപിക്കാം. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ഇനി മുതൽ പൂർണ്ണമായും വാഹന ഉടമയ്ക്കായിരിക്കും.