Venjaramoodu Mass Murder Case: അഫാന് ആരെയും ആക്രമിക്കാന്‍ കഴിയില്ല; മകനെ സംരക്ഷിച്ച് ഷെമീന
Venjaramoodu Mass Murder Case Updates: ആശുപത്രിയില്‍ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമീനയുടെ മൊഴി കഴിഞ്ഞ ദിവസവും പോലീസ് രേഖപ്പെടുത്തിയിരുന്നു. മകന്‍ കൂട്ടക്കൊല ചെയ്തത് അറിഞ്ഞിട്ടും കട്ടലില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് തനിക്ക് പരിക്കേറ്റതെന്ന ഷെമീനയുടെ മൊഴി പോലീസിനെ അമ്പരപ്പിക്കുകയാണ്.

അഫാൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ സംരക്ഷിച്ച് മാതാവ് ഷെമീന. അഫാന്‍ ആക്രമിച്ചിട്ടല്ല തനിക്ക് പരിക്കേറ്റതെന്നും കട്ടിലില്‍ നിന്ന് നിലത്ത് വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു എന്ന് ഷെമീന പോലീസിനോട് ആവര്‍ത്തിച്ചു. മകന് ആരെയും ഉപദ്രവിക്കാന്‍ കഴിയില്ലെന്നും ഷെമീന പോലീസിനോട് പറഞ്ഞു.
ആശുപത്രിയില്‍ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമീനയുടെ മൊഴി കഴിഞ്ഞ ദിവസവും പോലീസ് രേഖപ്പെടുത്തിയിരുന്നു. മകന്‍ കൂട്ടക്കൊല ചെയ്തത് അറിഞ്ഞിട്ടും കട്ടലില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് തനിക്ക് പരിക്കേറ്റതെന്ന ഷെമീനയുടെ മൊഴി പോലീസിനെ അമ്പരപ്പിക്കുകയാണ്.
അതേസമയം, മൂന്നാം ഘട്ട തെളിവെടുപ്പിനായി അഫാനെ ഇന്ന് വെഞ്ഞാറമൂട് പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ഫര്‍സാനയെയും അനിയന്‍ അഫ്‌സാനെയും കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് ദിവസത്തെ കസ്റ്റഡി.
പിതാവ് റഹീമിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ അഫാനെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിച്ച പണം തിരികെ ലഭിക്കുന്നതിനായി നിരന്തരം അധിക്ഷേപിച്ചതാണ് പിതൃസഹോദരനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ കാരണമെന്ന് അഫാന്‍ മൊഴി നല്‍കിയിരുന്നു. ഇരുവരെയും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.
80,000 രൂപയാണ് പിതൃസഹോദരനായ ലത്തീഫില്‍ നിന്ന് കടം വാങ്ങിയിരുന്നത്. ഇത് തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചു. പിതാവിന്റെ ഉമ്മയില്‍ നിന്നും സ്വര്‍ണം വാങ്ങിക്കുന്നതിനും തടസം നിന്നത് ലത്തീഫായിരുന്നു. ഇക്കാരണങ്ങളാണ് പിതൃസഹോദനെ കൊലപ്പെടുത്താന്‍ കാരണമെന്ന് ഒരു കൂസലുമില്ലാതെ അഫാന്‍ പോലീസിനോട് വിവരിച്ചു.
സ്വന്തം അമ്മയെ കൊലപ്പെടുത്താനായി കഴുത്തുഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം കൊലപ്പെടുത്തിയത് പിതാവിന്റെ അമ്മെയെയാണ്. ശേഷം ലത്തീഫിന്റെ വീട്ടിലെത്തി. അഫാനെ കണ്ട് ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് പോയി. ഇതോടെ ബാഗിലിരുന്ന ചുറ്റിക കൊണ്ട് ഹാളില്‍ സെറ്റിയിലിരുന്ന ലത്തീഫിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
ശബ്ദം കേട്ട് മുറിയിലേക്കെത്തിയ സാജിതയെയും ആക്രമിച്ചു. അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്നാലെ പോയി അഫാന്‍ ആക്രമിച്ചു. ലത്തീഫിന്റെ മൊബൈലും കാറിന്റെ താക്കോലും വീട്ടില്‍ നിന്നും 50 മീറ്റര്‍ മാറി കാട്ടിലേക്ക് എറിഞ്ഞ ശേഷം പ്രതി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഇത് തെളിവെടുപ്പിനിലെ അഫാന്റെ സാന്നിധ്യത്തില്‍ പോലീസ് കണ്ടെടുത്തു.