Vipanchika Death Case: ‘ഞാനും കുഞ്ഞും ഉരുകിയുരുകി കഴിയുകയാണ്, അയാള്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ല’; അവസാനമായി വിപഞ്ചിക പറഞ്ഞത്
Family alleges mystery in Vipanchika's death: യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടിലാണ് നിതീഷും കുടുംബവും

വിപഞ്ചിക
ഷാര്‍ജയില്‍ ഒന്നര വയസുള്ള മകള്‍ക്കൊപ്പം യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം മുഖ്യമന്ത്രി, യുഎഇ എംബസി, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. മരിക്കുന്നതിന് മുമ്പ് വിപഞ്ചിക ബന്ധുക്കളോട് സംസാരിച്ചതിന്റെ ശബ്ദസന്ദേശവും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഭര്‍ത്താവ് നിതീഷ്, ഭര്‍തൃപിതാവ്, നാത്തൂന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃകുടുംബം പീഡിപ്പിച്ചതായി യുവതിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്. തന്റെ മരണത്തില്‍ ഒന്നാം പ്രതി ഭര്‍ത്താവും നാത്തൂനുമാണെന്നും, ഭര്‍തൃപിതാവാണ് രണ്ടാം പ്രതിയെന്നും ആരെയും വെറുതെ വിടരുതെന്നും വിപഞ്ചിക കുറിപ്പില്‍ പറയുന്നു.
ഭര്‍തൃപിതാവ് അപമര്യാദയായി പെരുമാറിയിട്ടും പ്രതികരിച്ചില്ലെന്നും, തന്നെ വിവാഹം ചെയ്തതത് അയാള്‍ക്ക് കൂടി വേണ്ടിയാണെന്ന് ഭര്‍ത്താവ് പറഞ്ഞതായും കുറിപ്പില്‍ യുവതി ആരോപിച്ചു. ഭര്‍ത്താവിന്റെ സഹോദരി ജീവിക്കാന്‍ അനുവദിച്ചില്ല. സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് ഉപദ്രവിച്ചെന്നും, പണമില്ലാത്തവള്‍, തെണ്ടി എന്നിങ്ങനെയെല്ലാം വിളിച്ച് ആക്ഷേപിച്ചെന്നും യുവതി ആരോപിച്ചു.
ഷവര്‍മ വായില്‍ കുത്തിക്കയറ്റി
ഒരിക്കല്‍ നിതീഷ് അയാളുടെ കുടുംബത്തിന്റെ വാക്കുകേട്ട് ബഹളമുണ്ടാക്കിയെന്നും, പൊടിയും മുടിയുമെല്ലാം ചേര്‍ന്ന ഷവര്‍മ തന്റെ വായില്‍ കുത്തിക്കയറ്റിയെന്നും, ഗര്‍ഭിണിയായിരുന്നപ്പോള്‍ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചെന്നും യുവതി ആരോപിച്ചു. ഏഴാം മാസത്തില്‍ ഇറക്കിവിട്ടു. ഭര്‍ത്താവിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ് വിപഞ്ചികയുടെ ആരോപണം. ഭക്ഷണമോ വെള്ളമോ തരാറില്ലായിരുന്നുവെന്നും യുവതി കുറിപ്പിലെഴുതി.
വക്കീല്‍ നോട്ടീസ് കിട്ടിയതോടെ മരണം
ഭര്‍തൃകുടുംബത്തില്‍ നിന്ന് യുവതി കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വിവാഹം വേര്‍പ്പെടുത്താന്‍ നിതീഷ് ശ്രമിച്ചപ്പോള്‍ യുവതി വിയോജിച്ചു. വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ താന്‍ കുഞ്ഞിനൊപ്പം മരിക്കുമെന്ന് യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട് വക്കീല്‍ നോട്ടീസ് കിട്ടിയതോടെ യുവതി ജീവനൊടുക്കുകയായിരുന്നു.
കുഞ്ഞ് പട്ടിക്കുഞ്ഞിനെ പോലെ കിടന്നു
കുഞ്ഞ് വീട്ടില്‍ പട്ടിക്കുഞ്ഞിനെ പോലെയാണ് കിടക്കുന്നതെന്ന് ബന്ധുവിന് അയച്ച ശബ്ദസന്ദേശത്തില്‍ യുവതി പറഞ്ഞിരുന്നു. ഭര്‍ത്താവിന് അയാളുടെ കാര്യം മാത്രം നോക്കിയാല്‍ മതി. ഒരു വര്‍ഷത്തിനിടയ്ക്ക് നാലോ അഞ്ചോ തവണ മാത്രമാണ് അയാള്‍ കൊച്ചിനെ പുറത്തുകൊണ്ടുപോയിട്ടുള്ളൂ. നാട്ടുകാരെ ബോധിപ്പിക്കാനാണ് അങ്ങനെ ചെയ്തത്. എന്നാല്‍ ഭര്‍തൃസഹോദരിയോടും, അവരുടെ കുട്ടിയോടുമൊപ്പം ഭര്‍ത്താവ് എപ്പോഴും യാത്ര ചെയ്യുമെന്നും, മോശം വാക്കുകളാണ് അയാളുടെ വായില്‍ നിന്ന് പുറത്തുവന്നിരുന്നതെന്നും യുവതി ബന്ധുവിനോട് പറഞ്ഞിരുന്നു. അയാള്‍ക്ക് പണത്തോട് ആര്‍ത്തിയാണ്. താനും മകളും ഉരുകിയുരുകിയാണ് കഴിഞ്ഞിരുന്നത്. കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തയാള്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ലെന്നും യുവതി പറഞ്ഞു.
നാലര വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളുകളായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദുബായിലെ ഒരു സ്ഥാപനത്തില്‍ എച്ച് ആര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു വിപഞ്ചിക. യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടിലാണ് നിതീഷും കുടുംബവും. വിപഞ്ചികയുടെയും മകളുടെയും മരണത്തില്‍ അല്‍ ബുഹൈറ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 0471-2552056 )