Viyyur Central Jail: വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു; തെങ്കാശി സ്വദേശിയാണ്
Prisoner Escape News: കഴിഞ്ഞ ദിവസം (നവംബര്‍ 3) രാത്രിയോടെയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പോലീസ് നടപടികളുടെ ഭാഗമായി തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വിയ്യൂരിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

ബാലമുരുകന്‍
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയലില്‍ നിന്നും തടവുകാരന്‍ രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകന്‍ ആണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് വ്യാപക പരിശോധന ആരംഭിച്ചു. കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമായിരുന്നു ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ ധരിച്ചതെന്നാണ് വിവരം. കൊലപാതകം ഉള്‍പ്പെടെയുള്ള 50ഓളം കേസുകളില്‍ പ്രതിയാണിയാള്‍.
കഴിഞ്ഞ ദിവസം (നവംബര്‍ 3) രാത്രിയോടെയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പോലീസ് നടപടികളുടെ ഭാഗമായി തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വിയ്യൂരിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഇതിനിടെയാണ് രക്ഷപ്പെട്ടത്.
ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചപ്പോള്‍ പോലീസ് വാനിന്റെ വിന്‍ഡോ വഴി ബാലമുരുകന്‍ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുമ്പും ബാലമുരുകന്‍ ജയില്‍ ചാടിയിട്ടുണ്ട്. നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ പിന്നീട് കണ്ടെത്തിയത്.
2023 സെപ്റ്റംബര്‍ 24 മുതല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഇയാള്‍. 33 വയസുകാരന ബാലമുരുകന്‍ അഞ്ചോളം കൊലക്കേസുകളിലും പ്രതിയാണ്. വേഷം മാറുന്നതില്‍ പ്രതി വിദഗ്ധനാണെന്ന് പോലീസ് പറയുന്നു. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ കടം രാമനദി ഗ്രാമത്തില്‍ ജനിച്ച ബാലമുരുകന്‍, ഗുണ്ടാ സംഘത്തിന്റെ തലവനായും വര്‍ഷളോളം പ്രവര്‍ത്തിച്ചു.
തമിഴ്‌നാട് പോലീസ് തനിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയോടെ കേരളത്തിലേക്ക് കടക്കുകയായിരുന്നു. മറയൂരിലെ മോഷണത്തിനിടെ കേരള പോലീസിന്റെ പിടിയിലായി. തനിക്കെതിരെ സാക്ഷി പറഞ്ഞ യുവതിയോട് ബാലമുരുകന്‍ ക്രൂരമായി പ്രതികാരം ചെയ്തിട്ടുണ്ട്.