Vizhinjam Boat Accident: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു; മൂന്ന് പേർ രക്ഷപ്പെട്ടത് മൂന്നര മണിക്കൂർ നീന്തി
Vizhinjam boat accident: വ്യാഴാഴ്ച രാത്രി രാത്രി 11-ഓടെയായിരുന്നു അപകടം. വിഴിഞ്ഞം സ്വദേശി സാമന്റെ ‘അനു’ എന്ന വള്ളത്തിൽ മീൻപിടിത്തത്തിനു പോയ അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം: വിഴിഞ്ഞത് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒരാളെ കാണാതായി. പുല്ലുവിള പഴയതുറ പുരയിടം സ്വദേശി പി.ആന്റണി (53) ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. ആന്റണിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.
വെള്ളിയാഴ്ച രാവിലെ 10-ഓടെയാണ് പൂവാർ കടലിൽനിന്നാണ് കോസ്റ്റൽ പോലീസ് ആന്റണിയുടെ മൃതദേഹം കണ്ടെടുത്തത്. തിരയിൽപ്പെട്ട് കാണാതായ പുല്ലുവിള കിണറ്റടിവിളാകം പുരയിടത്തിൽ സ്റ്റെല്ലസിന് വേണ്ടി കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും തിരച്ചിൽ നടത്തുകയാണ്.
വ്യാഴാഴ്ച രാത്രി രാത്രി 11-ഓടെയായിരുന്നു അപകടം. വിഴിഞ്ഞം സ്വദേശി സാമന്റെ ‘അനു’ എന്ന വള്ളത്തിൽ മീൻപിടിത്തത്തിനു പോയ അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം തീരത്തുനിന്ന് നാലു നോട്ടിക്കൽ മൈൽ അകലെ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും തിരമാലയിലുംപ്പെട്ട് വള്ളം മറിഞ്ഞ് അഞ്ചുപേരും കടലിൽ വീഴുകയായിരുന്നു.
വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി മുത്തപ്പൻ (48), പുതിയതുറ കൊച്ചുപള്ളിക്കു സമീപം പുഷ്പദാസൻ (65), തമിഴ്‌നാട് സ്വദേശി രജിൻ (42) എന്നിവരാണ് രക്ഷപ്പെട്ടത്. മൂന്നരമണിക്കൂറോളം നീന്തിയാണ് രക്ഷപ്പെട്ടത്. മുത്തപ്പൻ വെള്ളിയാഴ്ച രാവിലെയോടെ അടിമലത്തുറയിലും പുഷ്പദാസൻ പുല്ലുവിള തീരത്തും നീന്തിക്കയറി. കപ്പലുകൾ തുറമുഖത്തിന്റെ ബെർത്തിലേക്ക് എത്തുന്നതിനായി കടലിൽ സ്ഥാപിച്ചിട്ടുള്ള ബോയകളിലൊരെണ്ണത്തിൽ പിടിച്ചുനിന്ന രജിനെ മറ്റുവള്ളക്കാരെത്തിയാണ് രക്ഷിച്ചത്.