AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VS Achuthanandan: വിഎസിനെ ആശുപത്രിയിൽ സന്ദർശിച്ച് സജി ചെറിയാൻ; ആരോഗ്യനിലയെപ്പറ്റി വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്

VS Achuthanandan Health Update: ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയെപ്പറ്റി വിശദീകരിച്ച് മന്ത്രി സജി ചെറിയാൻ. ആശുപത്രിയിൽ വിഎസിനെ സന്ദർശിച്ചതിന് ശേഷമാണ് സജി ചെറിയാൻ ഇക്കാര്യം അറിയിച്ചത്.

VS Achuthanandan: വിഎസിനെ ആശുപത്രിയിൽ സന്ദർശിച്ച് സജി ചെറിയാൻ; ആരോഗ്യനിലയെപ്പറ്റി വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്
വിഎസ് അച്യുതാനന്ദൻImage Credit source: Saji Cherian
abdul-basith
Abdul Basith | Published: 26 Jun 2025 06:29 AM

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ. വിഎസിൻ്റെ ആരോഗ്യനിലയെപ്പറ്റി അദ്ദേഹം ഫേസ്ബുക്കിലൂടെ വിശദീകരിക്കുകയും ചെയ്തു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഈ മാസം 23നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം പട്ടത്തെ ശ്രീ ഉത്രാടം തിരുനാൾ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ് ഉള്ളത്.

ആശുപത്രിയിലെത്തി വിഎസിൻ്റെ മകൻ അരുൺ കുമാറുമായി സംസാരിച്ചു എന്ന് സജി ചെറിയാൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ടീം അറിയിച്ചു എന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

“സഖാവ് വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍ തുടരുകയാണ്. ഇന്ന് ആശുപത്രിയിലെത്തി മകന്‍ അരുണ്‍കുമാറുമായി സംസാരിച്ചു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട് എന്നാണ് മെഡിക്കല്‍ ടീം അറിയിച്ചിരിക്കുന്നത്. എത്രയും വേഗം ആരോഗ്യനില വീണ്ടെടുക്കാൻ സാധിക്കട്ടെ.”

വിഎസിൻ്റെ ആരോഗ്യനിലയിൽ കാര്യമായ മാറ്റങ്ങളില്ലെന്നാണ് ഈ മാസം 25ന് ഉച്ചയ്ക്ക് ആശുപത്രി പുറത്തുവിട്ട വാർത്താകുറിപ്പിൽ അറിയിച്ചിരുന്നത്. തൽസ്ഥിതി തുടരുകയാണെന്നും സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണ് എന്നും വാർത്താ കുറിപ്പിലൂടെ എസ്‌യുടി ആശുപത്രി അറിയിച്ചിരുന്നു. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ, കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ദരുടെയൊക്കെ സംയുക്ത പരിചരണത്തിലാണ് വിഎസ്.

Also Read: VS Achuthanandan: വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ നിർണായക അപ്ഡേറ്റുമായി ആശുപത്രി; ചികിത്സ പ്രത്യേക മെഡിക്കൽ സംഘത്തിൻ്റെ മേൽനോട്ടത്തിൽ

കടുത്ത ആരോഗ്യപ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കുന്ന വിഎസ് തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള അരുൺ കുമാറിൻ്റെ വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. നിലവിൽ വിഎസിൻ്റെ പ്രായം 101 വയസാണ്.

സംസ്ഥാനത്തിൻ്റെ 11ആമത് മുഖ്യമന്ത്രിയാണ് വിഎസ് അച്യുതാനന്ദൻ. 2006 ലാണ് അദ്ദേഹം മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്. ഏറ്റവും പ്രായമുള്ള കേരള മുഖ്യമന്ത്രിയാണ്.