Wayanad Landslide: തുടർചികിത്സ, വീട്ടുവാടക, സഹായധനം; മുണ്ടക്കൈയിൽ സർക്കാർ സ്വീകരിച്ച ദുരിതാശ്വാസ നടപടികൾ വിശദീകരിച്ച് മുഖ്യമന്ത്രി
Pinarayi Vijayan About Relief Measures In Mundakkai And Chooralmala: ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്കായി സർക്കായി വിവിധ സഹായങ്ങൾ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പിണറായി വിജയൻ
ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതർക്കാർക്കായി സർക്കാർ സ്വീകരിച്ച ദുരിതാശ്വാസ നടപടികൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതരുടെ തുടർചികിത്സയ്ക്കും വീട്ടുവാടകയ്ക്കും ഉൾപ്പെടെ നടപടികൾ സ്വീകരിച്ചെന്നും സഹായധനം നൽകിവരികയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേദിവസമാണ് വയനാട് മുണ്ടക്കൈ – ചൂരൽ മലയിൽ ഉരുൾപൊട്ടലുണ്ടായത്.
ദുരന്തമുണ്ടായി ഒരു മാസത്തിനകം താല്ക്കാലിക പുനരധിവാസം പൂർത്തീകരിക്കും എന്ന പ്രഖ്യാപനം സർക്കാർ പാലിച്ചു എന്ന് മുഖ്യമന്ത്രി കുറിച്ചു. വാടക വീടുകളിൽ താമസിക്കുന്നവർക്ക് മാത്രമല്ല, അവരവരുടെ താല്പര്യപ്രകാരം ബന്ധുവീടുകളിലേക്ക് മാറിയവർക്കും വാടകയായി മാസം 6000 രൂപ വീതം നൽകിവരുന്നു. വീട്ടുവാടകയിനത്തിൽ 2025 മെയ് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആകെ 3,98,10,200 രൂപ ചെലവഴിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ വീതം അനുവദിച്ചു. പരിക്കേറ്റവർക്കും സഹായധനം അനുവദിച്ചു.
ദുരന്തബാധിതരുടെ തുടർ ചികിത്സയുടെ ചെലവും സർക്കാർ വഹിക്കുന്നുണ്ട്. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ദിവസം 300 രൂപ വീതംം, അതായത് മാസം 9000 രൂപ വീതം സഹായധനം അനുവദിച്ചു. ആറ് മാസത്തേക്കാണ് സഹായധനം അനുവദിച്ചത്. ഇത് പിന്നീട് ഒൻപത് മാസത്തേക്കായി ദീർഘിപ്പിച്ചു. ഇതിനായി ആകെ 9,07,20,000 രൂപ ചെലവഴിച്ചു.
നഷ്ടപ്പെട്ട മുഴുവൻ രേഖകളും തിരികെ ലഭിക്കാനുള്ള സഹായങ്ങൾ ആദ്യദിനങ്ങളിൽ തന്നെ നൽകാൻ ആരംഭിച്ചു. ആയിരം രൂപയുടെ ഭക്ഷ്യകിറ്റ് ഓരോ മാസവും വിതരണം ചെയ്യുന്നു. ദുരന്തത്തിൽ തകർന്ന വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു.
മാതാപിതാക്കൾ നഷ്ടപ്പെട്ട 24 കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു. മാതാപിതാക്കൾ രണ്ടുപേർ നഷ്ടപ്പെട്ട ഏഴ് കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട 17 കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും വിതരണം ചെയ്തു. മറ്റ് സഹായങ്ങളും അനുവദിച്ചു.
പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിൻ്റെ നിർമ്മാണം നടക്കുകയാണ്. 410 റെസിഡൻഷ്യൽ യൂണിറ്റുകൾ, പൊതു കെട്ടിടങ്ങൾ, റോഡുകൾ, ജലവിതരണം, മലിനജല സംവിധാനങ്ങൾ, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, ലാൻഡ്സ്കേപ്പിംഗ്, സൈറ്റ് വികസനം എന്നിവയാണ് ടൗൺഷിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് ആവശ്യപ്പെട്ട 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. ആകെ 16,05,00,000 രൂപയാണ് വിതരണം ചെയ്തത് എന്നും അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: