Welfare Pension: കാത്തിരിപ്പ് വേണ്ട, ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ നിങ്ങളുടെ കൈകളിലേക്ക്
Pension Distribution: ഓണത്തോടനുബന്ധിച്ച് ഒരാള്‍ക്ക് 4800 രൂപ ലഭിക്കും. ഒരു മാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനായി 900 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവിടുന്നത്. മൂന്ന് മാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനായി 2700 കോടി രൂപയും വേണ്ടി വരും.
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 62 ലക്ഷം പേര്‍ക്ക് മൂന്നുമാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഓഗസ്റ്റ് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈയാഴ്ച ഒരു മാസത്തെ പെന്‍ഷനും അടുത്തമാസം രണ്ട് മാസത്തെ പെന്‍ഷനും നല്‍കാനാണ് സര്‍ക്കാര്‍ ആലോചന.
ഇതോടെ ഓണത്തോടനുബന്ധിച്ച് ഒരാള്‍ക്ക് 4800 രൂപ ലഭിക്കും. ഒരു മാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനായി 900 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവിടുന്നത്. മൂന്ന് മാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനായി 2700 കോടി രൂപയും വേണ്ടി വരും.
ഇതിനായി 1800 കോടി രൂപയാണ് ധനവകുപ്പ് വകയിരിക്കുന്നത്. അഞ്ച് മാസത്തെ കുടിശികയില്‍ രണ്ട് മാസത്തെ ഈ സാമ്പത്തിക വര്‍ഷവും ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്പത്തിക വര്‍ഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ചായിരിക്കും ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേര്‍ത്ത് നടപ്പ് മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.
Also Read: Onam 2024: ഓണത്തിന് പച്ചക്കറി വാങ്ങി കീശ കാലിയാകുമോ..? സാധാരണക്കാർക്ക് താങ്ങായി ഹോർട്ടികോർപ്പ്
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടും വീട്ടിലും പെന്‍ഷന്‍ ലഭിക്കുന്നതാണ്. അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്തെ ഓണക്കാല ചെലവുകള്‍ക്കായി 5000 കോടിയെങ്കിലും വേണമെന്നാണ് ഏകദേശ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ മാസം വരെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കടമെടുപ്പ് പരിധിയില്‍ ബാക്കിയുള്ളത് 3753 കോടി രൂപയാണ്. എന്നാല്‍ ഇതില്‍ മൂവായിരം കോടി കടമെടുത്ത് ക്ഷേമ പെന്‍ഷന്‍ കൊടുക്കുകയും അത്യാവശ്യ ചെലവുകള്‍ക്ക് തുക അനുവദിച്ച് തുടങ്ങാനുമാണ് സര്‍ക്കാര്‍ തീരുമാനം.
കേരളത്തിന് അനുവദനീയമായ സാമ്പത്തിക സഹായത്തില്‍ ഈ വര്‍ഷം പതിനയ്യായിരം കോടി രൂപയോളം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയവുമായി നിരന്തരം സംസാരിക്കുന്നണ്ടെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഓണക്കാല ചെലവുകള്‍ മറികടക്കാന്‍ പെന്‍ഷന്‍ തുകക്ക് പുറമെ 5000 കോടിയെങ്കിലും വേണം. എന്നാല്‍ കേന്ദ്ര സഹായം കിട്ടിയില്ലെങ്കില്‍ നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാണ്.
അതേസമയം, ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ ആറ് മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മാവേലി സ്റ്റോറുകള്‍ വഴിയായിരിക്കും അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നത്. 13 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. എഎവൈ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് ലഭിക്കുക. ആറുലക്ഷം പേര്‍ക്ക് 36 കോടി രൂപ ചിലവിലാണ് കിറ്റ് ഒരുക്കിയിട്ടുള്ളത്.
കൂടാതെ സെപ്റ്റംബര്‍ ആറ് മുതല്‍ സപ്ലൈകോ വഴി ഓണ വിപണി ആരംഭിക്കും. ജൈവ പച്ചക്കറി ഫെയറും ഇത്തവണ ഒരുക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകള്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 6 മുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും.
അതേസമയം, ഇത്തവണ സൗജന്യ ഓണക്കിറ്റ് ഇത്തവണ സപ്ലൈക്കോ വില്‍പ്പന ശാലകള്‍ വഴി നല്‍കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് എന്നാണ് വിവരം. 5.87 ലക്ഷം വരുന്ന മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് ഇത്തവണം കിറ്റ് വിതരണം ചെയ്യുന്നത്. നേരത്തെ റേഷന്‍ കടകള്‍ വഴിയായിരുന്നു കിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ കിറ്റ് വിതരണം സപ്ലൈക്കോ വഴിയാക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ചുരുങ്ങിയ എണ്ണത്തിലുള്ള കിറ്റുകള്‍ റേഷന്‍ കടയില്‍ എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഈ കാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെ ആലോചിക്കുന്നത്. മാത്രമല്ല മുമ്പ് കിറ്റുകള്‍ വിതരണം ചെയ്ത ഇനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ കുടിശിക നല്‍കിയിട്ടില്ല.
ഈ വിഷയത്തില്‍ റേഷന്‍ വ്യാപാരി സംഘടനകള്‍ക്കുള്ള പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് നിലവിലെ നീക്കമെന്നും അഭ്യൂഹമുണ്ട്. നിലവില്‍ സപ്ലൈക്കോയുടെ മാവേലി സ്റ്റോര്‍ ഉള്‍പ്പെടെയുള്ള വില്‍പ്പന ശാലകള്‍ വഴി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സബ്‌സിഡി സാധനങ്ങള്‍ നല്‍കുന്നുണ്ട്. ഈ സംവിധാനമാണ് കിറ്റ് വിതരണത്തിനും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.