Sanju Samson: തിരുവനന്തപുരത്ത് സഞ്ജു സാംസണ്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ? പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍
Rumors of Sanju Samson entering politics: സഞ്ജു സാംസണ്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം. ഇക്കാര്യം തനിക്കറിയില്ലെന്നും, തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Sanju Samson
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം പ്രചരിക്കുന്നു. സഞ്ജുവിനെ മത്സരിപ്പിച്ച് വിജയിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍ എന്ന തരത്തിലാണ് അഭ്യൂഹം പ്രചരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സഞ്ജുവോ, താരവുമായി അടുപ്പം പുലര്‍ത്തുന്ന മറ്റാരെങ്കിലുമോ പ്രതികരിച്ചിട്ടില്ല. കരിയറിന്റെ നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുന്ന സഞ്ജു ക്രിക്കറ്റ് ഉപേക്ഷിച്ച് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. ഇക്കാര്യം തനിക്കറിയില്ലെന്നും, തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സഞ്ജുവിന്റെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് അറിയില്ലെന്നാണ് രാജീവിന്റെ വിശദീകരണം.
പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേമത്ത് താന്‍ തന്നെ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
സഞ്ജു തിരക്കിലാണ്
അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കും, ലോകകപ്പിനുമുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. നേരത്തെ മുന്‍ താരം യുവരാജ് സിങിന്റെ കീഴില്‍ താരം പരിശീലനം നടത്തിയിരുന്നു. തുടര്‍ന്ന് പരിശീലകന്‍ ബിജു ജോര്‍ജ്, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷണനിങ് കോച്ചായ എടി രാജാമണി പ്രഭു എന്നിവരുടെ സഹായത്തിലും താരം പരിശീലനം നടത്തി.
നിലവില്‍ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റായ ഗബ്രിയേല്‍ കുര്യനൊപ്പമാണ് സഞ്ജു പരിശീലനം നടത്തുന്നത്. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ ഗബ്രിയേല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ടി20 ലോകകപ്പില്‍ സഞ്ജുവാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. സഞ്ജു-അഭിഷേക് ശര്‍മ സഖ്യമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍.