Kerala Weather update: കേരളം തണുത്തു വിറച്ച ദിവസം, ഫ്രീസായി ഇടുക്കിയും വയനാടും
Winter Peaks in Kerala: പാലക്കാട്, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ ആദ്യമായി താപനില 15°C-ന് താഴെ രേഖപ്പെടുത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: കേരളത്തിൽ തണുപ്പ് കടുക്കുന്നു. സംസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഭൂരിഭാഗം പ്രദേശങ്ങളിലും കുറഞ്ഞ താപനില 20°C-ന് താഴെയായി കുറഞ്ഞു.
മൂന്നാറിൽ മൈനസ് ഡിഗ്രി ഇടുക്കി ജില്ലയിലെ മൂന്നാറിൽ ഈ സീസണിൽ ആദ്യമായി താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു. സെവൻമലൈയിൽ മൈനസ് ഒരു ഡിഗ്രി (-1°C) തണുപ്പാണ് ഇന്ന് അനുഭവപ്പെട്ടത്. ഇടുക്കിയിലെ തന്നെ മറ്റു പ്രദേശങ്ങളായ ചുഡാവുറൈ, ലക്ഷ്മി, നല്ലിതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളിൽ 0°C താപനിലയും രേഖപ്പെടുത്തി.
മറ്റ് ജില്ലകളിലെ കണക്കുകൾ
വയനാട് ജില്ലയിൽ ഈ സീസണിൽ ആദ്യമായി തണുപ്പ് 10°C-ന് താഴെയെത്തിയതായി കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളത്തിന്റെ ഫേസ്ബുക്ക് രുറിപ്പിൽ വ്യക്തമാക്കുന്നു. ശരാശരി കുറഞ്ഞ താപനില 10.5°C ആയി രേഖപ്പെടുത്തിയിട്ടുണ്ട്.
Also read – തെക്കിൻ്റെ കശ്മീർ തണുത്ത് വിറക്കുന്നു; മൂന്നാറിൽ താപനില മൈനസിലേക്ക്, ഇന്നത്തെ കാലാവസ്ഥ
പാലക്കാട്, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ ആദ്യമായി താപനില 15°C-ന് താഴെ രേഖപ്പെടുത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ശരാശരി കണക്കുകൾ പ്രകാരം കാസർഗോഡ് 16.5°C-ഉം, പാലക്കാട് 16.9°C-ഉം, പത്തനംതിട്ടയിൽ 17°C-ഉം ആണ് ഇന്നത്തെ താപനില. മറ്റ് ജില്ലകളിലെ മിക്ക പ്രദേശങ്ങളിലും 15°C മുതൽ 18°C വരെയായിരുന്നു കുറഞ്ഞ താപനില.
ഔദ്യോഗിക കണക്കുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം പലയിടങ്ങളിലും സാധാരണയേക്കാൾ വലിയ കുറവാണ് താപനിലയിൽ ഉണ്ടായട്ടുള്ളത്. പുനലൂരിൽ ഇന്ന് അനുഭവപ്പെട്ട 16°C സാധാരണ ലഭിക്കേണ്ടതിനേക്കാൾ 5.5°C കുറവാണ്. കോട്ടയത്ത് 17.8°C രേഖപ്പെടുത്തി. ഇത് സാധാരണയേക്കാൾ 4.2°C കുറവാണ്.
അതേസമയം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 24 വരെ കേരളത്തിലും ലക്ഷദ്വീപിലും മഴ പെയ്യാൻ സാധ്യത കുറവാണെന്നാണ് പ്രവചനം.