വേനലിൽ നിന്ന് സംരക്ഷണം മൃ​ഗങ്ങൾക്കും വേണം ; നിർദ്ദേശം പുറപ്പെടുവിച്ച് മൃ​ഗസംരക്ഷണം വകുപ്പ്

വേനൽ ചൂട് മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ചൂട് കൂടിയ ഈ സമയത്ത് പട്ടുണ്ണി, ചെള്ള്, പേൻ , ഈച്ച തുടങ്ങിയ കീടങ്ങൾ പെറ്റു പെരുകാൻ സാധ്യത കൂടുതലാണ്.

വേനലിൽ നിന്ന് സംരക്ഷണം മൃ​ഗങ്ങൾക്കും വേണം ; നിർദ്ദേശം പുറപ്പെടുവിച്ച് മൃ​ഗസംരക്ഷണം വകുപ്പ്
Updated On: 

01 May 2024 18:57 PM

തിരുവനന്തപുരം; വേനൽ കടുത്തതോടെ മൃ​ഗങ്ങളെയും ചൂടി ബാധിക്കുന്നത് മുന്നിൽക്കണ്ട് നിർദ്ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ് രം​ഗത്ത്. ചൂട് കൂടുന്ന സാഹചര്യത്തിൽ ക്ഷീര കർഷകർക്കു വേണ്ടി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

സൂര്യാഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള സമയമായ രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ മൃ​ഗങ്ങളെ തുറസായ സ്ഥലത്തു വെയിലിൽ മേയാൻ വിടുന്നത് ഒഴിവാക്കണം എന്നതാണ് പ്രധാന നിർദ്ദേശം. 11നു മുൻപും നാലിനു ശേഷവും മാത്രം പശുക്കളെ മേയാൻ വിടണം എന്നും നിർദ്ദേശത്തിൽ പറയുന്നു.

തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കുകയും ഫാൻ സജ്ജീകരിക്കുന്നതും തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹകരമാവും എന്നും പറയുന്നു. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ കയറ്റി വിടുകയോ തുള്ളി നന അല്ലെങ്കിൽ സ്പ്രിങ്ക്‌ളർ നനയ്ക്കലോ നടത്താം. ഇതല്ലെങ്കിൽ നനച്ച ചാക്കിടുന്നതും നല്ലതാണ്.

ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തിൽ എല്ലാ സമയവും മൃ​ഗങ്ങൾക്ക് ലഭ്യമായിരിക്കുന്ന തരത്തിൽ ക്രമീകരിക്കണം. കറവപശുക്കൾക്ക് 80- 100 ലിറ്റർ വെള്ളം എന്ന കണക്കിലാണ് നൽകേണ്ടത്. ധാരാളം പച്ചപ്പുല്ല് തീറ്റയായി നൽകാൻ കഴിവതും ശ്രമിക്കണം.

കാലിത്തീറ്റ നൽകുന്നത് രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി ചിട്ടപ്പെടുത്തി നൽകുന്നതും ​ഗുണം ചെയ്യും. ചൂടും ഈർപ്പവും (ഹ്യൂമിഡിറ്റി) കൂടിയ പകൽ സമയങ്ങളിൽ നനയ്ക്കുന്നത് മൂലം കന്നുകാലികളുടെ ശരീരം പെട്ടെന്ന് തണുക്കാൻ സഹായിക്കും.

ശരീരോഷമാവ് സ്വയം നിയന്ത്രിക്കുന്നതിന് കുറച്ചു സമയമെടുക്കും. പിന്നീട് അവയുടെ ശരീരോഷ്മാവ് സ്വയം വർദ്ധിക്കുന്നതിനും മറ്റു അസ്വസ്ഥതകൾക്കും കാരണമാകും. താരതമ്യേന ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളുടെ ശരീരം നനയ്ക്കാൻ ശ്രദ്ധിക്കണം.

കനത്ത ചൂട് കാരണം കന്നുകാലികളിൽ കൂടുതൽ ഉമിനീർ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. ഇത് മൂലം ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

വേനൽ ചൂട് മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ചൂട് കൂടിയ ഈ സമയത്ത് പട്ടുണ്ണി, ചെള്ള്, പേൻ , ഈച്ച തുടങ്ങിയ കീടങ്ങൾ പെറ്റു പെരുകാൻ സാധ്യത കൂടുതലാണ്.

അതിനാൽ അവ പരത്തുന്ന മാരക രോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്‌മോസിസ്, ബബീസിയോസിസ് എന്നിവയും കൂടുതലായി പരക്കാൻ സാധ്യതയുണ്ട്. ചൂട് കാലത്തു ഇത്തരം പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കരുതൽ കൂടി കർഷകർ നടപ്പിലാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ബാക്ടീരിയ പരത്തുന്ന അകിടു വീക്കം വേനൽക്കാലത്തു സാധാരണ കണ്ടുവരുന്ന മറ്റൊരു അസുഖമാണ്. ഇതു നിയന്ത്രിക്കുന്നതിനു കറവയുള്ള മൃഗങ്ങളുടെ അകിടിൽ നിന്നും പാൽ പൂർണമായി കറന്ന് ഒഴിവാക്കാനും ശ്രദ്ധിക്കണം.

കൂടാതെ ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടുമായി കറവ ക്രമീകരിക്കാനും ശ്രമിക്കുക. കൃഷിപ്പണിക്ക ഉപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മുതൽ വൈകിട്ടു നാലു വരെയുള്ള സമയങ്ങളിൽ കൃഷിപ്പണിക്കായി പുറത്തിറക്കാൻ പാടില്ല. പ്രാദേശികമായി കാലാവസ്ഥാ വിദ​ഗ്ധർ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം. സൂര്യാഘാത ലക്ഷണങ്ങളും ഇതിനൊപ്പം ശ്രദ്ധിക്കണം.

കന്നുകാലികൾക്ക് പനി, വായിൽ നിന്നും നുരയും പതയും വരിക, തളർച്ച, ഭക്ഷണം വേണ്ടായ്ക, വായ തുറന്നു ശ്വസിക്കുന്നത്, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ തന്നെ വിദഗ്ദ്ധ ചികിത്സ നൽകാനും ശ്രദ്ധിക്കണം.

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി