Rahul Mamkootathil: ഇത് എന്റെ മാത്രം പ്രശ്നമല്ല, എനിക്കും നീതി വേണം, രാഹുലിനെതിരേയുള്ള പരാതിയെപ്പറ്റി അതിജീവിതയുടെ ഭർത്താവ്
Survivor's Husband reacts in Rahul mamkootathil issue: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് രാജി വയ്പിച്ചതിന് ശേഷമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടിയിരുന്നത്. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്റെ കുടുംബജീവിതം തകർത്തുവെന്ന പരാതിയിൽ നടപടി വൈകുന്നതിനെതിരെ അതിജീവിതയുടെ ഭർത്താവ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകിയിട്ടും എംഎൽഎയെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറാകാത്തത് ഖേദകരമാണെന്ന് അദ്ദേഹം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ മാസം രണ്ടാം തീയതി പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒരു നിയമസഭാംഗത്തിനെതിരെ ഇത്രയും ഗൗരവകരമായ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് പോലീസ് ഇത്ര നിസ്സംഗത കാട്ടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഭാര്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വന്നതാണെന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞതെന്ന് കേട്ടു. പ്രശ്നപരിഹാരത്തിന് എത്തിയ ആളാണെങ്കിൽ എന്തുക്കൊണ്ട് തന്നോട് സംസാരിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.
Also Read: V. K. Ebrahimkunju Death: മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
“ഇത് എന്റെ മാത്രം പ്രശ്നമല്ല. പുറത്തുപറഞ്ഞാൽ അഭിമാനം പോകുമെന്ന് ഭയന്ന് കഴിയുന്ന ഒരുപാട് പേർക്ക് വേണ്ടിയാണ് ഞാൻ ശബ്ദമുയർത്തുന്നത്. കുറ്റം ചെയ്ത എംഎൽഎ ഇപ്പോഴും യാതൊരു തടസ്സവുമില്ലാതെ വിലസുകയാണ്.” രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് രാജി വയ്പിച്ചതിന് ശേഷമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടിയിരുന്നത്. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമനടപടികളുമായി മുന്നോട്ട്
അതിജീവിതയുമായുള്ള വിവാഹമോചനത്തിന് ഉടൻ അപേക്ഷ നൽകുമെന്ന് ഭർത്താവ് അറിയിച്ചു. ഏക മകനായ താനും പ്രായമായ മാതാപിതാക്കളും വലിയ മാനസിക വേദനയിലൂടെയാണ് കടന്നുപോകുന്നത്. നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും തന്നെ പിന്തുണയ്ക്കുന്ന രാഹുൽ ഈശ്വറിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.