Hair Split Ends: മുടിയുടെ അറ്റം പിളരുന്നുണ്ടോ? മുറിച്ചുമാറ്റിയിട്ട് കാര്യമില്ല; ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
Natural Remedies For Hair Split Ends: മുടി മുറിക്കാതെ ഈ പ്രശ്നത്തിൽ വീട്ടിൽ തന്നെ ചില പരിഹാരമുണ്ട്. വീട്ടിൽനിന്നു ലഭിക്കുന്ന പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് മുടിയുടെ അറ്റം പിളരുന്നത് തടയാൻ സാധിക്കും. നിങ്ങളുടെ ഭക്ഷണത്തിലെ ബയോട്ടിൻ്റെ അഭാവവും അറ്റം പിളരുന്നതിന് കാരണമാകാറുണ്ട്.
നമ്മൾ പലരും ശ്രദ്ധിക്കാതെ പോകുന്നതും വേണ്ട പരിചരണം നൽകാത്തതുമായ ഒരു പ്രശ്നമാണ് മുടിയുടെ അറ്റം പിളരുന്നത്. ശ്രദ്ധിക്കാതെപോയാൽ മുടി മുഴുവനും നാശമാകുമെന്ന കാര്യ എത്രപേർക്ക് അറിയാം. അഥവാ ഇക്കാര്യം ശ്രദ്ധയിൽ പെട്ടാലോ മുടിയുടെ അറ്റം മുറിച്ചുകളയുകയാണ് ചെയ്യുന്നത്. എന്നാൽ വെട്ടി വെട്ടി മുടിയുടെ നീളം കുറയ്ക്കാമെന്നല്ലാതെ മറ്റ് ഗുണമൊന്നുമില്ലെന്നും ചിലർ അഭിപ്രായപ്പെടാറുണ്ട്.
മുടി മുറിക്കാതെ ഈ പ്രശ്നത്തിൽ വീട്ടിൽ തന്നെ ചില പരിഹാരമുണ്ട്. വീട്ടിൽനിന്നു ലഭിക്കുന്ന പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് മുടിയുടെ അറ്റം പിളരുന്നത് തടയാൻ സാധിക്കും. ഹെയർ സ്റ്റൈലിംഗ്, മുടി കളർ ചെയ്യൽ, ബ്ലോ ഡ്രൈയിംഗ്, സ്ട്രേയ്റ്റിനിങ്, കേളിംഗ്, അല്ലെങ്കിൽ കെമിക്കൽ അടങ്ങിയ ഷാംപൂകൾ, കണ്ടീഷണറുകൾ, സെറം എന്നിവയുടെ ഉപയോഗം ഇതെല്ലാം മുടിയുടെ അറ്റം പിളരുന്നതിൻ്റെ പ്രധാന കാരണങ്ങളാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാത്തവരിലും ശരിയായ പോഷകാഹാരം ലഭിക്കാത്തവർക്കും ഇത്തരം പ്രശ്നം ഉണ്ടാകാറുണ്ട്.
നിങ്ങളുടെ ഭക്ഷണത്തിലെ ബയോട്ടിൻ്റെ അഭാവവും അറ്റം പിളരുന്നതിന് കാരണമാകാറുണ്ട്. പതിവ് ചികിത്സ കാരണം മുടിക്ക് ഉണ്ടാകുന്ന കെമിക്കൽ ട്രോമ ഒബ്സസീവ് കംപൾസീവ് ഡിസോർഡർ മൂലവും അറ്റം പിളരുന്നത് ഉണ്ടാകാം. ഹീറ്റ് ട്രീറ്റ്മെന്റ് വഴി മുടിക്ക് നിരന്തരം ആഘാതം സൃഷ്ടിക്കുന്നു. ഇവയെ പ്രകൃതിദത്തമായി എങ്ങനെ നേരിടാമെന്ന് നോക്കാം.




എണ്ണ ഉപയോഗിക്കുക
മുടിയിൽ എണ്ണ തേയ്ക്കുന്നതാണ് ഇതിൻ്റെ പരിഹാരങ്ങളിൽ ഒന്ന്. ആരോഗ്യമുള്ള മുടി സംരക്ഷണത്തിനായി ഷാംപൂ ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് 15 മിനിറ്റെങ്കിലും മുടിയിൽ എണ്ണ തേക്കാൻ ശ്രമിക്കുക. വെളിച്ചെണ്ണ, ബദാം ഓയിൽ, അംല ഓയിൽ, കറ്റാർ വാഴ ജെൽ ചേർത്ത എണ്ണ, കടുക് എണ്ണ, ഒലിവ് ഓയിൽ ഇവയെല്ലാം ഇതിനായി ഉപയോഗിക്കാം.
വൈറ്റമിൻ ഇ, ബയോട്ടിൻ സപ്ലിമെന്റ് അല്ലെങ്കിൽ മുട്ടയുടെ മഞ്ഞക്കരു ഹെയർ മാസ്ക് എന്നിവ സ്വാഭാവികമായി അറ്റം പിളരുന്നത് ഒഴിവാക്കാൻ സഹായിക്കും. മുട്ട ഉപയോഗിച്ചുള്ള ഹെയർ മാസ്ക് മുടിയുടെ അറ്റം പിളരുന്നത് മുടി മുറിക്കാതെ തന്നെ ഒഴിവാക്കാൻ സഹായിക്കുന്നു. അവ നിങ്ങളുടെ മുടിയെ സ്വാഭാവികമായി പോഷിപ്പിക്കുകയും അതുവഴി പ്രകൃതിദത്ത തിളക്കം നൽകുകയും ചെയ്യുന്നു.
മുടിയുടെ അറ്റം പിളരാതെ ആരോഗ്യമുള്ളതാക്കാൻ തേൻ വളരെ നല്ലതാണ്. തേൻ, തൈര്, ഒലിവ് ഓയിൽ, മുട്ടയുടെ മഞ്ഞക്കരു എന്നിവ ചേർത്ത് ഒരു ഹെയർ മാസ്ക് തയ്യാറാക്കി തലയോട്ടിയിൽ പുരട്ടുക. തല കഴുകുന്നതിനുമുമ്പ് ഏകദേശം 20 മുതൽ 25 മിനിറ്റ് വരെ ഇത് വയ്ക്കുക.
കറ്റാർ വാഴ ജെൽ മുടിയുടെ അറ്റം പിളരുന്നത് തടയാൻ സഹായിക്കും. കറ്റാർ വാഴ ജെൽ മുടിയിൽ പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. അറ്റം പിളരുന്നതിൽ നിന്ന് സംരക്ഷിക്കാൻ പതിവായി ഇവ ഉപയോഗിക്കാം.