Hug Day 2025: എന്നാലും എന്തിനായിരിക്കും ഹഗ് ഡേ ആഘോഷിക്കുന്നത്?
Valentine’s Week 2025: ഹഗ് ദിനത്തിന്റെ പ്രാധാന്യവും ആലിംഗനം ചെയ്യുന്നതിന്റെ ആരോഗ്യ ഗുണങ്ങളെയും കുറിച്ചാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്. വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വാക്കുകള്‍ മതിയാകാതെ വരുമ്പോള്‍ സ്‌നേഹം പങ്കുവെക്കാനുള്ള ഒരു മാര്‍ഗമാണ് ആലിംഗനം. സ്‌നേഹം പ്രകടിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ ഗുണങ്ങളും മാനസിക ഉന്മേഷവും ആലിംഗനങ്ങള്‍ നല്‍കുന്നു.

ഒരാളോട് നമുക്കുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളുണ്ടല്ലേ. വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത സ്‌നേഹം സ്പര്‍ശനങ്ങളിലൂടെ ഇതള്‍ വിരിയുന്നു. ഓരോരുത്തര്‍ക്കും സ്‌നേഹം എന്നത് പ്രണയമെന്നത് വ്യത്യസ്തമാണ്. ചിലരത് പ്രകടിപ്പിക്കുമ്പോള്‍ മറ്റുചിലര്‍ മനസുകൊണ്ട് സ്‌നേഹിക്കുന്നു.
വാക്കുകള്‍ ഉപയോഗിച്ച് മാത്രമല്ല സ്‌നേഹം നമുക്ക് പ്രകടിപ്പിക്കാന്‍ സാധിക്കുന്നത്. നമ്മുടെ പങ്കാളിയെ അല്ലെങ്കില്‍ അച്ഛനെയോ അമ്മയെയോ ആരെയുമാകട്ടെ അവരെ ഒന്ന് വാരിപുണര്‍ന്നും സ്‌നേഹം പ്രകടിപ്പിക്കാം. ലോകമെമ്പാടുമുള്ള ജനങ്ങള്‍ അവര്‍ സ്‌നേഹിക്കുന്നവരെ ആലിംഗനം ചെയ്ത് സ്‌നേഹം പ്രകടിപ്പിക്കാനൊരുങ്ങുകയാണ്. അതെ നാളെയാണ് (ഫെബ്രുവരി 12) വാലന്റൈന്‍ വീക്കിലെ ആറാം ദിനമായ ഹഗ് ഡേ.
പ്രിയപ്പെട്ടവരോടൊപ്പം എന്നെന്നും ഉണ്ടെന്നും അവരുടെ ഏത് പ്രശ്‌നവും പരിഹരിക്കാന്‍ നിങ്ങള്‍ തയാറാണെന്നുമെല്ലാം തെളിയിക്കാന്‍ ഒരു ആലിംഗനം നിങ്ങളെ സഹായിക്കും. അതിനാല്‍ തന്നെയാണ് ഹഗ് ഡേയ്ക്ക് ഇത്രയേറെ പ്രാധാന്യം കൈവരുന്നതും. പരസ്പരം കെട്ടിപിടിച്ച് സംസാരിച്ചാല്‍ തന്നെ രണ്ടാളുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഓരോരുത്തരിലുമുള്ള മാനസിക സമ്മര്‍ദം കുറയും. ഹഗ് ഡേ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി മാറ്റിവെക്കാം.




ഏറ്റവും കാര്യക്ഷമമായ പ്രണയ ഭാഷകളില്‍ ഒന്ന് തന്നെയാണ് ആലിംഗനം. വാക്കുകള്‍ കൊണ്ട് സാധ്യമാകാത്തതെല്ലാം ഒരു സ്പര്‍ശനം കൊണ്ട് സാധ്യമാകുന്നു. നിങ്ങളിലെ അളവറ്റ സ്‌നേഹം പുഴ പോലെ അവരിലേക്കെത്തുന്നു. കമിതാക്കള്‍ മാത്രമല്ല, ഈ ലോകത്ത് സ്‌നേഹിക്കുന്നവരെല്ലാം തന്നെ പരസ്പരം വാരിപുണര്‍ന്ന് അനന്തമായ സ്‌നേഹത്തിന്റെ ആഴം പരസ്പരം പങ്കുവെക്കണം എന്ന ലക്ഷ്യമാണ് ഈ ദിനാഘോഷത്തിന്റെ പിന്നിലുള്ളത്.
Also Read: Happy Hug Day 2025: പ്രിയപ്പെട്ടവരെ ആലിംഗനം കൊണ്ട് പൊതിയാം; ഹഗ് ഡേ ആശംസകളും സന്ദേശങ്ങളുമയച്ചാലോ
ആലിംഗനം എന്നത് വെറും വൈകാരികമായ പ്രകടനം മാത്രമല്ല. ആരോഗ്യപരമായും നിങ്ങള്‍ക്ക് ഒട്ടനവധി ഗുണങ്ങളാണ് കെട്ടിപിടിക്കുന്നത് കൊണ്ട് ലഭിക്കുന്നത്. പരസ്പരം പുണരുന്ന സമയത്ത് ശരീരത്തിലെ സന്തോഷ ഹോര്‍മോണായ ഓക്‌സിടോസിന്റെ അളവ് വര്‍ധിക്കുന്നു. മാത്രമല്ല സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ നിയന്ത്രിക്കാനും അതുവഴി രക്തസമ്മര്‍ദം കുറയ്ക്കാനും ആലിംഗനം സഹായിക്കുന്നു.
കൂടാതെ ആലിംഗനം ചെയ്യുമ്പോള്‍ ഉത്കണ്ഠ കുറയുകയും പ്രതിരോധശേഷി വര്‍ധിക്കുകയും ചെയ്യുന്നു. മാത്രമല്ല, ആലിംഗനം ചെയ്യുമ്പോള്‍ സന്തോഷത്തെ ഉത്തേജിപ്പിക്കുന്ന തലച്ചോറിലെ ന്യൂറോ ട്രോന്‍സ്മിറ്റായ ഓക്‌സിടോസിന്‍ ഉണരുന്നു. ഇവയ്‌ക്കെല്ലാം പുറമെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ആലിംഗനം നല്ലതാണ്. അപ്പോള്‍ ഹഗ് ഡേയില്‍ പ്രിയപ്പെട്ടവരെ ഒരു മടിയും കൂടാതെ വാരിപുണര്‍ന്നോളൂ.