Famous movie locations: ‘മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ?’ സിനിമകൾ കൊണ്ട് തലവര മാറിയ സ്ഥലങ്ങൾ ഇതെല്ലാം….
Tourist Destinations In Kerala Popular Through Movies: പാട്ടുകളേക്കാളും ഡയലോഗുകളേക്കാലും ചില സിനിമകൾ പ്രേക്ഷകന്റെ മനസ് കീഴടക്കിയത് അതിലെ സ്ഥലങ്ങളിലൂടെയാകും. അത്തരത്തിൽ ഒരു സിനിമ കൊണ്ട് തലവര മാറിയ ചില സ്ഥലങ്ങളെ പരിചയപ്പെട്ടാലോ....

ഒരു സിനിമ പേര് കേട്ടാൽ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് അതിലെ അഭിനേതാക്കളോ പാട്ടുകളോ ഡയലോഗുകളോ ആയിരിക്കും അല്ലേ, എന്നാൽ ചില ചിത്രങ്ങൾ ഇതിൽ നിന്നും വ്യത്യസ്തമാണ്. പാട്ടുകളേക്കാളും ഡയലോഗുകളേക്കാലും ആ സിനിമ പ്രേക്ഷകന്റെ മനസ് കീഴടക്കിയത് അതിലെ സ്ഥലങ്ങളിലൂടെയാകും. അത്തരത്തിൽ ഒരു സിനിമ കൊണ്ട് തലവര മാറിയ ചില സ്ഥലങ്ങളെ പരിചയപ്പെട്ടാലോ….
ഗവി
2012ൽ റിലീസ് ചെയ്ത ഓർഡിനറി എന്ന ചിത്രത്തിലൂടെ പ്രശസ്തമായ സ്ഥലമാണ് ഗവി. കെ എസ് ആർ ടി സി ബസുകളിൽ അതുവരെ ശ്രദ്ധിക്കാത്ത സ്ഥലപ്പേര് പിന്നെ ആളുകളുടെ പ്രിയപ്പെട്ട ഇടമായി. പത്തനംതിട്ട ജില്ലയിലെ മനോഹരമായ ഭൂപ്രദേശമാണ് ഇത്. ഗവിയിലേക്കുള്ള പാതക്കിരുവശവും തേയില തോട്ടങ്ങളാണ്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നിങ്ങനെ ഗവിയിലേക്കുള്ള വഴിയിലും നിരവധി ആകർഷണീയമായ സ്ഥലങ്ങളുണ്ട്.
മീശപ്പുലിമല
ചാർളി എന്ന സിനിമ കണ്ട പ്രേക്ഷകന്റെ മനസിലേക്ക് ആഴ്ന്നിറങ്ങിയ സ്ഥലം. “മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ?” എന്ന ചോദ്യം പ്രേക്ഷന്റെ മനസിൽ ഇന്നും തട്ടിനിൽക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് ഇത്. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായും മീശപ്പുലിമല അറിയപ്പെടുന്നു.
കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരം
ഫഹദ് ഫാസിൽ നായകനായ ‘കാർബൺ’ എന്ന സിനിമയിലൂടെയാണ് വർഷങ്ങളുടെ ചരിത്രവും പാരമ്പര്യവുവുമുള്ള അമ്മച്ചിക്കൊട്ടാരം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരുടെ ഹൃദയം കീഴടക്കിയത്. 25 ഏക്കറിൽ ചുറ്റും കൂറ്റൻ മരങ്ങളാൽ നിറഞ്ഞ ഉൾപ്രദേശത്താണ് കൊട്ടാരം നിലനിൽക്കുന്നത്. കുട്ടിക്കാനം ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് 210 വർഷം പഴക്കമുള്ള ഈ അമ്മച്ചിക്കൊട്ടാരം.
ഉളൂപ്പൂണി
ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷി സഞ്ചരിച്ച വഴികള്‍ ഓര്‍മ്മയുണ്ടോ? മനോഹരമായ പുല്‍മേടുകള്‍ വിരിച്ചുവച്ചുകൊണ്ട് സഞ്ചാരികളെ കാത്തിരിക്കുന്നു മനോഹരമായ പ്രദേശമാണ് ഉളൂപ്പുണി. വാഗമണില്‍ നിന്ന് പുള്ളിക്കാനത്തേക്കുള്ള റൂട്ടിലൂടെയാണ് ഉളുപ്പുണിയിലേക്ക് പോകേണ്ടത്. കാടിന്‍റെ കുളിരും തണുപ്പും ആസ്വദിച്ച് കൊണ്ടുള്ള ജീപ്പ് സഫാരിയാണ് ഇവിടത്തെ ഹൈലൈറ്റ്.