Indian Passport Revamped: ഇന്ത്യൻ പാസ്‌പോർട്ടിൽ അടിമുടി മാറ്റം; നിങ്ങൾ അറിഞ്ഞിരിക്കണം ഈ പ്രധാന മാറ്റങ്ങൾ
Know About Indian Passport Changes: യാത്രകൾ കൂടുതൽ അനായാസമാക്കാനും സാങ്കേതികമായി കൂടുതൽ മികവും സുരക്ഷയും ഉറപ്പാക്കാനുമാണ് ഈ മാറ്റങ്ങൾ. 2025ൽ ഇന്ത്യൻ പാസ്‌പോർട്ടിനുണ്ടാകുന്നത് അത്തരത്തിൽ അഞ്ച് മാറ്റങ്ങളാണ്. അതിൽ ഇ– പാസ്‌പോർട്ട് മുതൽ പാസ്‌പോർട്ടിനായി ജനന സർട്ടിഫിക്കറ്റ് വരെ നൽകേണ്ട കാര്യങ്ങളുണ്ട് ഇക്കൂട്ടത്തിൽ.
മാറ്റങ്ങൾ എപ്പോഴും അനിവാര്യമാണ്. അത്തരത്തിൽ സാങ്കേതികമായും അല്ലാതെയുമുള്ള മാറ്റങ്ങളാണ് ഇന്ത്യൻ പാസ്‌പോർട്ടിൽ വരുത്തിയിരിക്കുന്നത്. യാത്രകൾ കൂടുതൽ അനായാസമാക്കാനും സാങ്കേതികമായി കൂടുതൽ മികവും സുരക്ഷയും ഉറപ്പാക്കാനുമാണ് ഈ മാറ്റങ്ങൾ. 2025ൽ ഇന്ത്യൻ പാസ്‌പോർട്ടിനുണ്ടാകുന്നത് അത്തരത്തിൽ അഞ്ച് മാറ്റങ്ങളാണ്. അതിൽ ഇ– പാസ്‌പോർട്ട് മുതൽ പാസ്‌പോർട്ടിനായി ജനന സർട്ടിഫിക്കറ്റ് വരെ നൽകേണ്ട കാര്യങ്ങളുണ്ട് ഇക്കൂട്ടത്തിൽ.
ഇ-പാസ്‌പോർട്ട്
ഇന്ത്യയിൽ ഇനി മുതൽ ഇ-പാസ്‌പോർട്ടുകൾ ലഭ്യമായി തുടങ്ങുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒറ്റനോട്ടത്തിൽ നിലവിലുള്ള പാസ്‌പോർട്ടുകൾക്ക് സമാനമായിരിക്കും ഇ-പാസ്‌പോർട്ടുകളും. എന്നാൽ ഇതിലെ ചിപ്പുകളിലാകട്ടെ പാസ്‌പോർട്ട് ഉടമയുടെ ബയോമെട്രിക്ക് വിവരങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് വിമാനത്താവളങ്ങളിലെ പരിശോധനകൾക്ക് വേഗത കൂട്ടും. കൂടാതെ സുരക്ഷ വർധിപ്പിക്കാനും സഹായിക്കും. ഇനി മുതൽ നിലവിലെ നിങ്ങളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞാൽ പുതുതായി ലഭിക്കുക ഇ-പാസ്‌പോർട്ടായിരിക്കും.
വിലാസമില്ല
പാസ്‌പോർട്ടിന്റെ അവസാന പേജിൽ മേൽവിലാസം നൽകുന്നത് മാറ്റാനാണ് പുതിയ തീരുമാനം. സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ പാസ്‌പോർട്ടിൽ രേഖപ്പെടുത്തുന്നതിന് പകരമായി ഡിജിറ്റലായി ഈ വിവരങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്യുക. ഇതോടെ അധികൃതർക്ക് മാത്രമെ പാസ്‌പോർട്ട് ഉടമയുടെ വിലാസം പരിശോധിക്കാനും മനസ്സിലാക്കാനും സാധിക്കുകയുള്ളൂ.
ജനന സർട്ടിഫിക്കറ്റ്
പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവരിൽ ഒരു വിഭാഗത്തിന് മാത്രം ഇനി മുതൽ ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 2023 ഒക്ടോബർ ഒന്നിനു ശേഷം ജനിച്ചവർക്കാണ് ഈ മാറ്റം ബാധകമാകുന്നത്. ഇവർക്ക് പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കുമ്പോൾ ജനനസർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതേസമയം അതിന് മുമ്പ് ജനിച്ചവർക്ക് പഴയതുപോലെയുള്ള രേഖകൾ സമർപ്പിച്ചാൽ മതിയാകും.
മാതാപിതാക്കളുടെ പേര്
ഇന്ത്യൻ പാസ്‌പോർട്ടിൽ നിന്നും മാതാപിതാക്കളുടെ പേര് ഒഴിവാക്കുക എന്നതാണ് മാറ്റങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. അനാവശ്യമായി സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടി വരുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. പ്രത്യേകിച്ചും കുടുംബ വിവരങ്ങൾ സ്വകാര്യമാക്കിവയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ മാറ്റം ഗുണം ചെയ്യും.
കളർകോഡ്
വ്യത്യസ്ത തരം പാസ്‌പോർട്ടുകൾക്ക് വ്യത്യസ്ത നിറങ്ങൾ നൽകുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ എളുപ്പത്തിൽ പാസ്‌പോർട്ടുകൾ തിരിച്ചറിയാൻ കഴിയും. ഇത് ഇമിഗ്രേഷൻ, സുരക്ഷാ പരിശോധനകളെ കൂടുതൽ വേഗത്തിലാക്കും.