Idukki Travel Guide: വൈശാലി ഗുഹയും ചെറുതോണി അണക്കെട്ടും കാണണോ; നേരെ വിട്ടോ, കൂടുതലറിയാം
Explore Idukki Vaishali Cave And Cheruthoni Dam: വർഷത്തിൽ ചില പ്രത്യേക സീസണുകളിലും അവധിക്കാലങ്ങളിലും മാത്രമായിരുന്നു മുൻപ് ഇടുക്കി ഡാം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നതെങ്കിൽ, ഇപ്പോൾ ആഴ്ചയ്യൽ ആറ് ദിവസവും സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ഈ വർഷം ആദ്യമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇടുക്കി അണക്കെട്ട് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇപ്പോൾ ഇടുക്കി ആർച്ച് ഡാം കാണാൻ സാധിക്കുന്നതാണ്.
കേരളത്തിലെ കണ്ടിരിക്കേണ്ട ദൃശ്യവിസ്മയങ്ങളിൽ ഒന്നാണ് ഇടുക്കിയിലെ പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയ കാഴ്ചകൾ. കനത്ത സുരക്ഷാ കാരണങ്ങളാൽ വർഷത്തിൽ ചില പ്രത്യേക സീസണുകളിലും അവധിക്കാലങ്ങളിലും മാത്രമായിരുന്നു മുൻപ് ഇടുക്കി ഡാം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നതെങ്കിൽ, ഇപ്പോൾ ആഴ്ചയ്യൽ ആറ് ദിവസവും സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ഈ വർഷം ആദ്യമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇടുക്കി അണക്കെട്ട് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. തദ്ദേശീയർക്ക് പുറമേ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇപ്പോൾ ഇടുക്കി ആർച്ച് ഡാം കാണാൻ സാധിക്കുന്നതാണ്.
ചെറുതോണി അണക്കെട്ടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും, മനോഹരമായ ഇടുക്കി തടാകത്തിലെ ബോട്ടിംഗ് സവാരി നടത്താനും വനം വകുപ്പ് വിനോദസഞ്ചാരികൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ വൈകുന്നേരം അഞ്ച് മണി വരെ ബോട്ടിംഗ് സൗകര്യം ലഭിക്കുന്നതാണ്. മുതിർന്നവർക്ക് 178 രൂപയും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 85 രൂപയുമാണ് ബോട്ടിങ്ങിന് ഈടാക്കുന്നത്. അര മണിക്കൂറാണ് ബോട്ട് യാത്ര ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ പതിനെട്ട് പേരെ ഒരേസമയം കൊണ്ടുപോകാൻ കഴിയുന്ന ബോട്ടാണ് ഇവിടെയുള്ളത്. വെള്ളാപ്പാറ ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ പ്രധാനമായും ഇടുക്കി, ചെറുതോണി അണക്കെട്ട്. വൈശാലി ഗുഹ എന്നീ വിസ്മയ കാഴ്ചകൾ കാണാം.
ALSO READ: മാലിദ്വീപിലേക്കല്ല ഇനി ലക്ഷദ്വീപിലേക്ക്; യാത്രാസമയം പകുതിയാകും, പറന്നിറങ്ങാൻ സീപ്ലെയിൻ
ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം വിനോദസഞ്ചാരികൾക്ക് പകർന്നുനൽകാൻ ബോട്ട് ജീവനക്കാരും യാത്രക്കാരോടൊപ്പം ഉണ്ടാകും. ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെയും ബോട്ട് യാത്രയിൽ കാണാൻ കഴിയും. 2015 മുതൽ പദ്ധതി നിലവിലുണ്ടെങ്കിലും, ഇതിന് വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല, അതിനാൽ അധികം വിനോദസഞ്ചാരികൾ ഇവിടെ എത്താറില്ല. പാറേമ്മാവിൽ കൊളുമ്പൻ സമാധിക്ക് എതിർവശത്തുള്ള കൗണ്ടറിൽ നിന്നാണ് ബോട്ടിങ്ങിനുള്ള ടിക്കറ്റുകൾ വാങ്ങേണ്ടത്. ബോട്ട് ജെട്ടിയിലെത്തിയ ശേഷം സവാരി ആരംഭിക്കാം.
എന്താണ് വൈശാലി ഗുഹ?
1988-ൽ ഭരതൻ സംവിധാനം ചെയ്ത ‘വൈശാലി’ എന്ന ഇതിഹാസ സിനിമയിലെ സുപ്രധാന രംഗങ്ങൾ ചിത്രീകരിച്ചത് ഇടുക്കി ഡാമിന് സമീപമുള്ള ഈ ഗുഹയിൽ വച്ചാണ്. ചെറുതോണി അണക്കെട്ടിൽ നിന്നും ഇടുക്കി ആർച്ച് ഡാമിലേക്ക് പോകുന്ന വഴിക്കാണ് കരിമ്പാറ തുരന്നുണ്ടാക്കിയ ഈ മനോഹരമായ ഗുഹ സ്ഥിതി ചെയ്യുന്നത്. ഒരു വശത്ത് തടാകത്തിൻ്റെ നീലനിറവും മറുവശത്ത് ഭീമാകാരമായ കരിമ്പാറക്കൂട്ടങ്ങളും ഈ ഗുഹയിലെത്തിയാൽ നിങ്ങൾക്ക് കാണാൻ സാധിക്കും. വൈശാലി ചിത്രം പുറത്തിറങ്ങിയ ശേഷം പിന്നീട് ഈ ഗുഹ അറിയപ്പെടുന്നത് വൈശാലി ഗുഹ എന്ന പേരിലാണ്.
ഡാമിലേക്കുള്ള ടിക്കറ്റ്
ഡാം സന്ദർശനത്തിനായുള്ള ടിക്കറ്റുകൾ കവാടത്തിലെ കൗണ്ടറുകളിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ ജലവിഭവ വകുപ്പിന്റെ പോർട്ടൽ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. വിനോദ സഞ്ചാരികൾക്ക് ഡാമിന് മുകളിലേക്ക് മൊബൈൽ ഫോണുകൾ, ക്യാമറകൾ, ബാഗുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകാൻ അനുവാദമില്ല. ഇവ കവാടത്തിലെ സുരക്ഷിതമായ കൗണ്ടറുകളിൽ സൂക്ഷിക്കേണ്ടതാണ്. എറണാകുളത്ത് നിന്ന് വരുന്നവർക്ക് കോതമംഗലം, അടിമാലി അല്ലെങ്കിൽ മുവാറ്റുപുഴ, വണ്ണപ്പുറം വഴി ഏകദേശം 110 കിലോമീറ്റർ ദൂരമുണ്ടാകും ഇവിടേക്ക്. കോട്ടയത്ത് നിന്ന് വരുന്നവർക്ക് നേരെ പാലാ, തൊടുപുഴ വഴി 100 കിലോമീറ്റർ സഞ്ചരിച്ചാൽ ഡാമിലേക്ക് എത്തിച്ചേരാനാകും.
ENGLISH SUMMARY:
Explore and know about travel guide to visiting the Idukki Arch Dam also known as Cheruthoni Dam, and the iconic Vaisali Cave. Check the entry timings, ticket prices, boating details, and security guidelines before your trip.