Chocolate Day 2025: പ്രൊപ്പോസ് ചെയ്തില്ലേ? ഇനി അല്‍പം മധുരമാകാം; ചോക്ലേറ്റ് ദിനം ഇങ്ങെത്തി
Valentines Week Chocolate Day 2025: സ്നേഹത്തിന്റെ അല്ലെങ്കിൽ പ്രണയത്തിന്റെ മധുരം പകരം ഏറ്റവും സുന്ദരമായ ഒരു മാർഗമെന്ന നിലയ്ക്കാണ് ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. കമിതാക്കൾ മാത്രമല്ല സുഹൃത്തുക്കളും, കുടുംബാംഗങ്ങളുമെല്ലാം ചോക്ലേറ്റ് ദിനത്തിൽ സ്നേഹം പങ്കിടാൻ ചോക്ലേറ്റ് വാങ്ങി പരസപരം നൽകുന്നു.

വാലെന്റൈൻസ് ആഴ്ചയുടെ ആഘോഷത്തിലാണ് ലോകമെമ്പാടുമുള്ള കമിതാക്കൾ. ഫെബ്രുവരി 14ന് ആണ് വാലന്റൈൻസ് ദിനമെങ്കിലും ആഘോഷം ഒരാഴ്ച മുൻപ് തന്നെ തുടങ്ങുന്നു. ഫെബ്രുവരി ഏഴിന് റോസ് ദിനത്തോട് കൂടിയാണ് തുടക്കം. തുടർന്ന് ഫെബ്രുവരി 8ന് ലോകം പ്രൊപ്പോസ് ദിനവും ആഘോഷിച്ചു. പ്രൊപ്പോസ് ചെയ്തു കഴിഞ്ഞാൽ അടുത്തത് അല്പം മധുരമാകാം. മധുരമേറിയ പ്രണയം പൂവണിയുന്നതിന്റെ ഭാഗമായി കമിതാക്കൾ പരസ്പരം ചോക്ലേറ്റ് നൽകുന്നു. വാലെന്റൈൻസ് ആഴ്ചയിലെ മൂന്നാം ദിനമാണ് ചോക്ലേറ്റ് ദിനം.
തുടർന്ന് ടെഡി ദിനം, ഹഗ് ദിനം, കിസ് ദിനം, പ്രോമിസ് ദിനം എന്നിവ ആഘോഷിക്കുകയും ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനത്തോട് കൂടി വാലെന്റൈൻസ് ആഴ്ച അവസാനിക്കുകയും ചെയ്യുന്നു. സ്നേഹത്തിന്റെ അല്ലെങ്കിൽ പ്രണയത്തിന്റെ മധുരം പകരം ഏറ്റവും സുന്ദരമായ ഒരു മാർഗമെന്ന നിലയ്ക്കാണ് ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. കമിതാക്കൾ മാത്രമല്ല സുഹൃത്തുക്കളും, കുടുംബാംഗങ്ങളുമെല്ലാം ചോക്ലേറ്റ് ദിനത്തിൽ സ്നേഹം പങ്കിടാൻ ചോക്ലേറ്റ് വാങ്ങി പരസപരം നൽകുന്നു.
ഫെബ്രുവരി എട്ടിന് പ്രണയം തുറന്ന് പറഞ്ഞതിന് ശേഷം പങ്കാളി ആക്കാൻ ആഗ്രഹിക്കുന്ന വ്യക്തി സമ്മതം അറിയിച്ചാൽ അവർ ഒരുമിച്ച് ജീവിതം ആരംഭിക്കുന്നു. നിങ്ങളുടെ പങ്കാളി സമ്മതമറിയിച്ചു കഴിഞ്ഞാൽ ചോക്ലേറ്റ് ദിനത്തിൽ മധുരം നുണഞ്ഞ് കൊണ്ടാണ് തുടക്കം. 1880ന് ശേഷമുള്ള വിക്ടോറിയൻ കാലഘട്ടത്തിലാണ് ചോക്ലേറ്റ് ഒരു സമ്മാനമായി കൈമാറാൻ ആരംഭിക്കുന്നത്. എന്നാൽ അത് പ്രധാനമായും നടന്നിരുന്നത് അമേരിക്കൻ രാജ്യങ്ങളിലാണ്. കാരണം പണ്ട് അമേരിക്കൻ രാജ്യങ്ങളിലായിരുന്നു കൂടുതൽ കൊക്കോ മരങ്ങളും അതിന്റെ ഉത്പന്നങ്ങളും നിർമിച്ചിരുന്നത്.
പിന്നീട് ചോക്ലേറ്റ് യുറോപിലേക്കും എത്തി തുടങ്ങി. അതും നല്ല വർണക്കടലാസുകളിൽ പൊതിഞ്ഞ് പ്രത്യേകം പെട്ടികളിലാക്കിയാണ് എത്തിക്കുന്നത്. ഇത്തരത്തിൽ തങ്ങളുടെ പ്രണയനികൾക്ക് ചോക്ലേറ്റ് എത്തിച്ച് നൽകുന്നതിന് പ്രണയമെന്ന് പേരും നൽകി. ഇതോടെ ഇതിന്റെ കച്ചവട സാധ്യത മനസ്സിലാക്കി കാഡ്ബറി പോലെയുള്ള കമ്പനികൾ ചോക്ലേറ്റിനും പ്രണയത്തിനും തമ്മിലൊരു ബന്ധം സ്ഥാപിച്ചെടുത്തു. അങ്ങനെ 1861 മുതൽ ഹൃദയാകൃതയിൽ പെട്ടികൾ നിർമിച്ച് അതിൽ ചോക്ലേറ്റുകൾ നിറച്ച് കാഡ്ബറി വിൽപന ആരംഭിച്ചു.
ചോക്ലേറ്റ് ദിനം ആഘോഷിക്കാനുള്ള വഴികൾ
- ചോക്ലേറ്റ് ബോക്സ് സമ്മാനമായി നൽകാം: നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ചോക്ലേറ്റ് ബോക്സ് സമ്മാനമായി നൽകുക എന്നതാണ് ചോക്ലേറ്റ് ദിനം ആഘോഷിക്കാനുള്ള ഏറ്റവും നല്ല മാർഗം. ആ നിമിഷം കൂടുതൽ മനോഹരമാക്കാൻ ഹൃദയാകൃതിയിലുള്ള ബോക്സുകൾ തിരഞ്ഞെടുക്കാം.
- ഒരുമിച്ച് ചോക്ലേറ്റ് ഉണ്ടാക്കാം: ബേക്കിംഗ് ഇഷ്ടമാണെങ്കിൽ, ബ്രൗണികൾ, കപ്പ്കേക്കുകൾ, അല്ലെങ്കിൽ ചോക്ലേറ്റ് കേക്ക് പോലുള്ള ചോക്ലേറ്റ് വിഭവങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കുക. ഒരുമിച്ച് ബേക്ക് ചെയ്യുന്നത് ആഘോഷത്തെ കൂടുതൽ മനോഹരമാക്കുന്നു.
- ചോക്ലേറ്റ് തീം ഡേറ്റ്: ചോക്ലേറ്റ് നിർമ്മാണ ഫാക്ടറിയോ, കഫേയിലോ മറ്റും ചോക്ലേറ്റ് തീം ഡേറ്റ് ആസൂത്രണം ചെയ്യുക. ഇതുപോലെ പതിവിൽ നിന്ന് വ്യത്യസ്തമായും ചോക്ലേറ്റ് ദിനം ആഘോഷിക്കാം.
- സ്വയം ചോക്ലേറ്റ് ഗിഫ്റ്റ് ഉണ്ടാക്കാം: നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനായി രസകരമായ ആകൃതിയിൽ സ്വയം ചോക്ലേറ്റുകൾ ഉണ്ടാക്കാം. ചോക്ലേറ്റ് ദിനം കൂടുതൽ മധുരമേറിയതാക്കാൻ ഇത് സഹായിക്കും.
- ഹൃദയസ്പർശിയായ കുറിപ്പ് തയ്യാറാക്കാം: ചോക്ലേറ്റ് സമ്മാനമായി നൽകുന്നതിനൊപ്പം ഒരു ഹൃദയസ്പർശിയായ കുറിപ്പ് കൂടി തയ്യാറാക്കാം.