Testicular Torsion: കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ വൃഷണം നീക്കം ചെയ്യേണ്ടി വരും; തിലക് വര്‍മയെ ബാധിച്ച ടെസ്റ്റിക്കുലാർ ടോർഷൻ നിസാരമല്ല
What Is Testicular Torsion That Forced Tilak Varma To Undergo Surgery: മെഡിക്കല്‍ എമര്‍ജന്‍സിയായ 'ടെസ്റ്റിക്കുലാർ ടോർഷൻ' അപൂര്‍വമാണ്. വൃഷണങ്ങളിലേക്ക് രക്തം എത്തിക്കുന്ന സ്‌പെർമാറ്റിക് കോർഡ് പിണഞ്ഞു പോകുന്ന അവസ്ഥയാണിത്. ഇത് വൃഷണങ്ങളിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തും

Tilak Varma
ടെസ്റ്റിക്കുലാർ ടോർഷൻ എന്ന മെഡിക്കല്‍ എമര്‍ജന്‍സി പലര്‍ക്കും അത്ര സുപരിചിതമല്ല. ടെസ്റ്റിക്കുലാര്‍ ടോര്‍ഷനുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം തിലക് വര്‍മ അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായതോടെയാണ് ഈ ആരോഗ്യപ്രശ്‌നം ചര്‍ച്ചയായത്. വൃഷണങ്ങളിലെ രക്തയോട്ടം തടസ്സപ്പെടുകയും കഠിനമായ വേദനയുണ്ടാക്കുകയും ചെയ്യുന്ന മെഡിക്കല്‍ എമര്‍ജന്‍സിയായ ‘ടെസ്റ്റിക്കുലാർ ടോർഷൻ’ അപൂര്‍വമാണ്. 25 വയസ്സിന് താഴെയുള്ള 4,000 പുരുഷന്മാരിൽ ഒരാൾക്ക് ഇത് സംഭവിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വൃഷണങ്ങളിലേക്ക് രക്തം എത്തിക്കുന്ന സ്‌പെർമാറ്റിക് കോർഡ് പിണഞ്ഞു പോകുന്ന അവസ്ഥയാണിത്. ഇത് വൃഷണങ്ങളിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തും. കോശങ്ങള്‍ നശിക്കാനും ഇത് കാരണമാകും. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ വൃഷണം നീക്കം ചെയ്യേണ്ടി വരാം. അല്ലെങ്കില്‍ പ്രത്യുൽപാദന ശേഷിയെ സാരമായി ബാധിക്കാം.
ലക്ഷണങ്ങൾ
വളരെ പെട്ടെന്നായിരിക്കാം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. വൃഷണസഞ്ചിയിൽ ഉണ്ടാകുന്ന അസഹനീയമായ വേദനയാണ് പ്രധാന ലക്ഷണം. വൃഷണസഞ്ചിയിൽ വീക്കം വരുന്നതാണ് മറ്റൊരു ലക്ഷണം. വൃഷണത്തിന്റെ സ്ഥാനമാറ്റം, അടിവയറ്റിലെ ശക്തമായ വേദന, ഓക്കാനം, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍ തുടങ്ങിയവയും ലക്ഷണങ്ങളാണ്.
ഇതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ജന്മനായുള്ള പ്രത്യേകതകള്‍ ഒരു കാരണമാണ്. ഏത് പ്രായത്തിലും വരാം. എങ്കിലും 12 മുതല്‍ 18 വയസ് വരെയുള്ള ആണ്‍കുട്ടികളില്‍ സാധ്യത കൂടുതലാണ്.
കായികതാരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് ടെസ്റ്റിക്കുലാർ ടോർഷൻ സാധ്യത വര്‍ധിപ്പിക്കുന്നു. കളിക്കളത്തിലുണ്ടാകുന്ന വീഴ്ചയോ പന്തുകൊണ്ടുള്ള ആഘാതമോ ആകാം തിലക് വര്‍മയ്ക്ക് ഇത് സംഭവിക്കാന്‍ കാരണമെന്ന് കരുതുന്നു. ഉറക്കത്തിനിടയിലും വൃഷണങ്ങൾ തിരിഞ്ഞ് ഇത് സംഭവിക്കാം.
ചികിത്സ
എത്രയും വേഗം ചികിത്സ തേടുകയാണ് പ്രധാനം. വേദന തുടങ്ങി ആറു മണിക്കൂറിനുള്ളിലെങ്കിലും ചികിത്സ തേടാനായാല്‍ വൃഷണം സംരക്ഷിക്കാനാകും. ചില സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയ വേണ്ടിവരും. സർജറിക്ക് ശേഷം കൃത്യമായ വിശ്രമം അത്യാവശ്യമാണ്.