പങ്കാളികള്‍ ഒരേ രക്തഗ്രൂപ്പായാല്‍ കുട്ടികള്‍ക്ക് അപകടമാണോ?
Same Blood Group Issues In Couples: വധു നെഗറ്റീവും വരന്‍ പോസിറ്റീവും ആണെങ്കില്‍ ആര്‍എച്ച് പൊരുത്തക്കേട് ഉണ്ടാകും. ഇത് ഭാവിയില്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളിയാകും. ഗര്‍ഭസ്ഥ ശിശുവിന് പിതാവില്‍ നിന്ന് ആര്‍എച്ച് പോസിറ്റീവ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രതീകാത്മക ചിത്രം
വിവാഹവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. ദമ്പതികളുടെ രക്തഗ്രൂപ്പ് ഒന്ന് തന്നെ ആകുന്നത് അപകടം സൃഷ്ടിക്കുമോ എന്ന കാര്യത്തെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വധൂവരന്മാര്‍ തമ്മിലുള്ള പൊരുത്തമാണ് വിവാഹത്തില്‍ ഏറ്റവും പ്രധാനം. എന്നാല്‍ വിവാഹം ചെയ്യുന്ന ആളുകളുടെ രക്തഗ്രൂപ്പ് ഒന്നായാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്ലതല്ലെന്നാണ് ചിലര്‍ പറയുന്നത്.
എന്നാല്‍ വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് അത് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നില്ല. പക്ഷെ ദമ്പതികള്‍ കുഞ്ഞിനായി പ്ലാന്‍ ചെയ്യുമ്പോള്‍ രക്തത്തെ ബാധിക്കുന്ന ചില കാര്യങ്ങളുണ്ട്. റിസസ് ഫാക്ടറിന്‌റെ അഭാവമാണ് ഒന്ന്, ചുവന്ന രക്താണുക്കളില്‍ കാണുന്ന പ്രോട്ടീനാണിത്. ഇവയുള്ള ആളുകളെ ആര്‍എച്ച് പോസിറ്റീവ് എന്നും ഇല്ലാത്തവരെ ആര്‍എച്ച് നെഗറ്റീവ് എന്നും തരംതിരിക്കുന്നു.
വധു നെഗറ്റീവും വരന്‍ പോസിറ്റീവും ആണെങ്കില്‍ ആര്‍എച്ച് പൊരുത്തക്കേട് ഉണ്ടാകും. ഇത് ഭാവിയില്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളിയാകും. ഗര്‍ഭസ്ഥ ശിശുവിന് പിതാവില്‍ നിന്ന് ആര്‍എച്ച് പോസിറ്റീവ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
കുഞ്ഞില്‍ നിന്നും അമ്മയുടെ ശരീരത്തിലേക്ക് ആര്‍എച്ച് ഘടകങ്ങള്‍ കടന്നേക്കാം. ഇതിനെ അമ്മയുടെ രോഗപ്രതിരോധ സംവിധാനം തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കാന്‍ കഴിവുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. ആദ്യ ഗര്‍ഭത്തില്‍ ഇത്തരത്തില്‍ നടക്കുന്നതിനാല്‍ തന്നെ പ്രശ്‌നങ്ങളേതുമില്ല. എന്നാല്‍ തുടര്‍ന്നുള്ള ഗര്‍ഭകാലത്ത് ഈ ആന്റിബോഡികള്‍ ഗര്‍ഭപാത്രം വഴി കുഞ്ഞിന്റെ രക്തത്തിലേക്ക് പോകും.
Also Read: Jamun Juice: ഇത്തവണ ഞാവൽ പഴത്തിൻ്റെ ജ്യൂസ് തൂക്കി…; തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഇങ്ങനെ
കുഞ്ഞ് ആര്‍എച്ച് നെഗറ്റീവ് ആണെങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍ ആര്‍എച്ച് പോസ്റ്റീവ് ആണെങ്കില്‍ ആന്റിബോഡികള്‍ ആര്‍എച്ച് പ്രോട്ടീനുകള്‍ വഹിക്കുന്ന ചുവന്ന രക്താണുക്കളെ ആക്രമിക്കുകയും അവ പൊട്ടാന്‍ കാരണമാകുകയും ചെയ്യുന്നു. ഇതിനെ ഹീമോലിറ്റിക് അല്ലെങ്കില്‍ ആര്‍എച്ച് രോഗം എന്ന് വിളിക്കുന്നു.