‘കൊതുക് ചില്ലറക്കാരനല്ല, എത്രയാ സെൻസറുകൾ’; കൊതുകുകൾ ചിലരെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന് പിന്നിലെ സത്യം വെളിപ്പെടുത്തി പുതിയ പഠനം!
Not your blood type! Scientists pinpoint exact skin chemical and lifestyle factors that attract mosquitoes: ഇരയെ കണ്ടെത്താൻ കൊതുകുകൾ വിപുലമായ സെൻസറി സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. 100 മീറ്റർ അകലെ നിന്ന് പോലും മനുഷ്യർ പുറത്തുവിടുന്ന കാർബൺ ഡയോക്സൈഡിൻ്റെ സാന്നിധ്യം തിരിച്ചറിയാൻ കൊതുകുകൾക്ക് സാധിക്കുമത്രെ. എന്നാൽ ഈ സിഗ്നൽ പിടിച്ച് മനുഷ്യൻ്റെ അടുത്തെത്തുന്ന കൊതുകുകൾ, പിന്നീട് ശരീരത്തിൻ്റെ താപനില, ഈർപ്പം, ചർമ്മത്തിലെ ഗന്ധം എന്നിവ ഒന്ന് വിലയിരുത്തിയ ശേഷമാണത്രേ ആരെ കടിക്കണം എന്ന് കൃത്യമായി തീരുമാനിക്കുന്നത്.

Aedes aegypti, Disease vector mosquito known for dengue
ഒരുമിച്ചിരിക്കുമ്പോൾ ചിലരെ മാത്രം കൊതുകുകൾ വളഞ്ഞിട്ട് ആക്രമിക്കുന്നത് നമ്മൾ കാണാറുണ്ട്. ഈ പ്രതിഭാസത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ശരീരത്തിൽ നിന്നുള്ള പ്രത്യേക ഗന്ധം, ചൂട്, ശ്വസിക്കുമ്പോൾ പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡ്, ചർമ്മത്തിലെ രാസഘടകങ്ങൾ എന്നിവയുടെ ഒരു മിശ്രിതമാണ് ചില മനുഷ്യരെ കൊതുകുകളുടെ പ്രിയപ്പെട്ട ഇരകളാക്കി മാറ്റുന്നത് എന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
കൊതുകുകൾക്ക് ചില വ്യക്തികളോട് കൂടുതൽ ആകർഷണം തോന്നുന്നത് ഒരു യാഥാർത്ഥ്യമാണെന്നും, എന്നാൽ ഈ ആകർഷണം ഒരോ സമയത്തും വ്യത്യസ്തമായിരിക്കും എന്നും ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഫോർ ഡെവലപ്‌മെൻ്റിലെ മെഡിക്കൽ എൻ്റമോളജിസ്റ്റായ ഫ്രെഡറിക് സിമാർഡ് പറയുന്നു. ഇരയെ കണ്ടെത്താൻ കൊതുകുകൾ വിപുലമായ സെൻസറി സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മനുഷ്യർ ശ്വസിക്കുമ്പോൾ പുറത്തുവിടുന്ന കാർബൺ ഡയോക്സൈഡാണ് കൊതുകുകളെ ആകർഷിക്കുന്ന ഏറ്റവും ശക്തമായ ഘടകം എന്ന് സ്വീഡിഷ് ഗവേഷകനായ റിക്ക് ഹാർഡ് ഇഗ്നൽ പറയുന്നു. 100 മീറ്റർ അകലെ നിന്ന് പോലും മനുഷ്യർ പുറത്തുവിടുന്ന കാർബൺ ഡയോക്സൈഡിൻ്റെ സാന്നിധ്യം തിരിച്ചറിയാൻ കൊതുകുകൾക്ക് സാധിക്കുമത്രെ. എന്നാൽ ഈ സിഗ്നൽ പിടിച്ച് മനുഷ്യൻ്റെ അടുത്തെത്തുന്ന കൊതുകുകൾ, പിന്നീട് ശരീരത്തിൻ്റെ താപനില, ഈർപ്പം, ചർമ്മത്തിലെ ഗന്ധം എന്നിവ ഒന്ന് വിലയിരുത്തിയ ശേഷമാണത്രേ ആരെ കടിക്കണം എന്ന് കൃത്യമായി തീരുമാനിക്കുന്നത്.
Also Read: Health tips: ഉറക്കത്തിൽ ജീവൻ വരെ അപകടത്തിലാക്കുന്ന നൊക്ട്രേണൽ ഹൈപ്പോഗ്ലൈസീമിയ, പ്രമേഹരോഗികൾ അറിയാതെ പോകരുത് ഇത്
ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളെ കേന്ദ്രീകരിച്ച് നടത്തിയ പരീക്ഷണത്തിൽ, ചർമ്മത്തിലെ എണ്ണമയം ഉണ്ടാക്കുന്ന ചില പ്രത്യേക ഗന്ധ സംയുക്തങ്ങൾ കൊതുകുകളെ അമിതമായി ആകർഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ‘മഷ്‌റൂം ആൽക്കഹോൾ’ എന്ന രാസഘടകമാണ് പ്രധാന വില്ലൻ. ഇതിൻ്റെ അളവ് ശരീരത്തിൽ നേരിയ തോതിൽ കൂടിയാൽ പോലും കൊതുകുകൾ ആ വ്യക്തിയിലേക്ക് കാന്തം പോലെ ആകർഷിക്കപ്പെടും.
മദ്യപിക്കുന്നതും കൊതുകുകളെ ആകർഷിക്കാൻ കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ബിയർ കഴിക്കുന്നത് ശരീരതാപനില ഉയർത്തുകയും ശ്വസനത്തിലൂടെ കൂടുതൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളാൻ കാരണമാവുകയും ചെയ്യുന്നു. ഇതോടൊപ്പം ചർമ്മത്തിൻ്റെ സ്വാഭാവിക ഗന്ധത്തിലും വ്യത്യാസമുണ്ടാകുന്നു. അതേസമയം, കാലങ്ങളായി ആളുകൾ വിശ്വസിച്ചിരുന്ന ചില ധാരണകൾ തെറ്റാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. കൊതുകുകൾക്ക് ഒ പോസിറ്റീവ് പോലുള്ള പ്രത്യേക രക്തഗ്രൂപ്പുകളോട് കൂടുതൽ താല്പര്യമുണ്ടെന്ന വാദത്തിന് തെളിവുകളില്ലെന്നും മനുഷ്യൻ്റെ നിറം കൊതുകുകളെ ആകർഷിക്കുന്നതിൽ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
English Summary
A global scientific review has debunked old myths about blood types, revealing that a complex mix of carbon dioxide, body heat, and skin chemistry dictates mosquito attraction. The research highlights “mushroom alcohol” (1-octen-3-ol) as a primary chemical attractant and confirms that drinking alcohol significantly spikes an individual’s vulnerability to bites.