സ്കൂളിലെ ശൗചാലയമാണോ? ഒരു കുട്ടി പത്താം ക്ലാസ് പൂർത്തിയാക്കുമോ എന്ന് തീരുമാനിക്കുന്നത്

ഓരോ മാസവും കൃത്യമായി വരുന്ന ആർത്തവദിനങ്ങളിൽ സുരക്ഷിതമായി ഉപയോഗിക്കാൻ ഒരു ശൗചാലയമില്ല എന്ന ഒറ്റ കാരണം മാത്രമാണ് അവളുടെ വിദ്യാഭ്യാസം വഴിമുട്ടിക്കുന്നത്. അത് പരിഹരിക്കപ്പെടേണ്ട ഒന്നാണെന്ന് ചിന്തിക്കാതെ, സഹിച്ച് ജീവിക്കേണ്ട ഒന്നായി സമൂഹം കണക്കാക്കി എന്നതാണ് യഥാർത്ഥ പരാജയം. പെൺകുട്ടികളുടെ വിദ്യാഭ്യാസം അനിവാര്യമാണോ എന്ന കാര്യത്തിൽ സമൂഹത്തിൽ ഇന്ന് വലിയ തർക്കങ്ങളൊന്നുമില്ല. എന്നാൽ നമ്മുടെ സ്വന്തം നാട്ടിലെ പ്രാദേശിക സ്കൂളുകളിൽ സുരക്ഷിതമായ ശൗചാലയങ്ങൾ ഉണ്ടോ.

സ്കൂളിലെ ശൗചാലയമാണോ? ഒരു കുട്ടി പത്താം ക്ലാസ് പൂർത്തിയാക്കുമോ എന്ന് തീരുമാനിക്കുന്നത്

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 06 Nov 2026 | 01:38 PM

നമ്മുടെ രാജ്യത്തെ ഒരു ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളിൽ പതിനാലുകാരിയായ പെൺകുട്ടി ഓരോ മാസവും കൃത്യമായി ചില ദിവസങ്ങളിൽ ക്ലാസിൽ വരാതിരിക്കുന്നു. പഠനത്തിൽ താല്പര്യമില്ലാത്തതുകൊണ്ടാകും അവൾ വരാത്തതെന്ന് അധ്യാപകർ കരുതുന്നു. ആരും ചോദിക്കാത്തതുകൊണ്ട് അവളായിട്ട് ഒന്നും പറയുന്നതുമില്ല. വീട്ടുകാരും ചിന്തിക്കുന്നത് മറ്റൊന്നുമല്ല. എന്നാൽ ഇതിനു പിന്നിലെ യഥാർത്ഥ കാരണം പലരും കരുതുന്നതിനേക്കാൾ ലളിതവും വേഗത്തിൽ പരിഹരിക്കാവുന്നതുമാണ്: അവളുടെ സ്കൂളിൽ പെൺകുട്ടികൾക്കായി സുരക്ഷിതവും ഉപയോഗപ്രദവുമായ ഒരു ശൗചാലയമില്ല. ആർത്തവദിവസങ്ങളിൽ കൂട്ടുകാരുടെ മുന്നിൽ നാണംകെടുന്നതിലും ഭേദം സ്കൂളിൽ പോകാതിരിക്കുന്നതാണെന്ന് ആ കുട്ടി തീരുമാനിക്കുന്നു.

നിസാരമെന്ന് പുറംലോകം കരുതുന്ന ഈയൊരു അടിസ്ഥാന സൗകര്യക്കുറവ്, ഇന്ത്യയിലെ സ്തൂളുകളിൽ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്ന വലിയൊരു സാമൂഹിക വിപത്തായി മാറുന്നുണ്ട്. യുനെസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയിലെ പെൺകുട്ടികളിൽ ഏതാണ്ട് 40 ശതമാനത്തോളം പേരും പത്താം ക്ലാസ് എത്തുന്നതിന് മുൻപ് തന്നെ പഠനം ഉപേക്ഷിക്കുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലെ ലിംഗവിവേചനം പഴയകാലത്തെ കഥയാണെന്ന് കരുതുന്നവരെ അമ്പരപ്പിക്കുന്നതാണ് ഈ കണക്ക്. ഒറ്റരാത്രികൊണ്ടുണ്ടാകുന്ന പെട്ടെന്നുള്ള ഏതെങ്കിലും സംഭവമല്ല ഒരു പെൺകുട്ടിയെ സ്കൂളിൽ നിന്ന് പടിയിറക്കുന്നത്. പ്രൈമറി തലത്തിൽ നിന്ന് സെക്കൻഡറി തലത്തിലേക്ക് കടക്കുന്ന നിർണ്ണായക ഘട്ടത്തിൽ, അവൾ അനുഭവിക്കുന്ന പലവിധ സമ്മർദ്ദങ്ങൾ പടിപടിയായി ഒത്തുചേരുമ്പോഴാണ് ഇതൊരു കൊഴിഞ്ഞുപോക്കായി മാറുന്നത്.

ശുചിത്വമില്ലായ്മയു കൊഴിഞ്ഞുപോക്കും

പരിഹരിക്കാൻ ഏറ്റവും എളുപ്പമുള്ളതും ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നതുമായ പ്രശ്നമാണ് ശൗചാലയങ്ങളുടെ കുറവ്. സ്കൂളുകളിൽ കുടിവെള്ളമോ മതിയായ ശുചിമുറികളോ ഇല്ലാത്ത സാഹചര്യം ഇന്ത്യയിലുടനീളമുണ്ട്. ആർത്തവദിനങ്ങളിൽ സുരക്ഷിത ശൗചാലയങ്ങളില്ലാത്തത് മൂലം പെൺകുട്ടികൾ മാസത്തിൽ മൂന്നോ നാലോ ദിവസം വീടുകളിൽ തന്നെ കഴിയുന്നു. ഇത് വർഷാവസാനം വലിയൊരു അധ്യയന നഷ്ടമായി മാറി ഒടുവിൽ അവരുടെ പഠനത്തിൽ താളപ്പിഴകൾ സൃഷ്ടിച്ച് സ്കൂൾ വിടാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു. ഇത് കേവലം പെൺകുട്ടികളുടെ പ്രശ്നമല്ല, മറിച്ച് ഹാജർനിലയെ നേരിട്ട് ബാധിക്കുന്ന വലിയൊരു അടിസ്ഥാന സൗകര്യ വിടവാണ്.

യാത്രാദൂരം അരക്ഷിതാവസ്ഥ

പ്രൈമറി സ്കൂളുകളെ അപേക്ഷിച്ച് സെക്കൻഡറി സ്കൂളുകൾ സാധാരണയായി വീടുകളിൽ നിന്നും അഞ്ചോ അതിലധികമോ കിലോമീറ്റർ അകലെയാണ്. വെളിച്ചമില്ലാത്ത വഴികളും വിശ്വസനീയമല്ലാത്ത പൊതുഗതാഗത സംവിധാനങ്ങളും പെൺകുട്ടികളുടെ യാത്രക്ക് വലിയൊരു സുരക്ഷാഭീഷണിയാണ് വഴിയിലെ ശല്യപ്പെടുത്തലുകളും അതിക്രമങ്ങളും ഭയന്ന് രക്ഷിതാക്കൾ തന്നെ പെൺകുട്ടികളുടെ പഠനം നിർത്താൻ തീരുമാനിക്കുന്ന അവസ്ഥ ഇന്നും ഒട്ടേറെ പ്രദേശങ്ങളിലുണ്ട്.

ബാല വിവാഹം

പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരു ഘടകമാണ് ബാലവിവാഹം. ലോകത്തിലെ ബാലവധുക്കളിൽ മൂന്നിലൊന്നും ഇന്ത്യയിലാണ്. ‘ഗേൾസ് നോട്ട് ബ്രൈഡ്സ്’നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്, ഒരു പെൺകുട്ടി സെക്കൻഡറി തലത്തിൽ പൂർത്തിയാക്കുന്ന ഓരോ അധിക വർഷവും അവൾ ബാലവിവാഹത്തിന് ഇരയാകാനുള്ള സാധ്യതയെ ഏകദേശം 6 ശതമാനം വീതം കുറയ്ക്കുന്നു എന്നാണ്. സ്കൂൾ വിദ്യാഭ്യാസം നഷ്ടപ്പെടുന്ന കുട്ടികൾ ബാലവിവാഹത്തിലേക്ക് എളുപ്പം തള്ളിവിടപ്പെടുന്നു; മറുവശത്ത് പെൺമക്കളെ നേരത്തെ വിവാഹം കഴിപ്പിച്ചുവിടാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ അവരുടെ ഉപരിപഠനം അനാവശ്യമാണെന്ന് കരുതുകയും ചെയ്യുന്നു.

സാമ്പത്തിക ബാധ്യ വീട്ടുജോലി

ദാരിദ്ര്യവും വിഭവങ്ങളുടെ കുറവും അനുഭവിക്കുന്ന കുടുംബങ്ങളിൽ ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പലപ്പോഴും മുൻഗണന ലഭിക്കുന്നത്. പെൺകുട്ടികളെ പലപ്പോഴും വീട്ടുജോലികൾ ചെയ്യാനും ഇളയ കുട്ടികളെ നോക്കാനും കൂലിപ്പണിക്ക് വിടാനുമാണ് രക്ഷിതാക്കൾ നിർബന്ധിതരാകുന്നത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകൾ ആദ്യം ബാധിക്കുന്നത് പലപ്പോഴും പെൺകുട്ടിയുടെ പുസ്തക സഞ്ചിയെയാണ്.

പരിഹാരം സങ്കീർണ്ണമല്ല
ഈ തടസ്സങ്ങൾ നീക്കാൻ രാജ്യത്തെ ആഴത്തിലുള്ള എല്ലാ സാമൂഹിക മനോഭാവങ്ങളെയും ഒറ്റയടിക്ക് മാറ്റേണ്ട ആവശ്യമില്ല.

ശൗചാലയങ്ങൾ ഒരുക്കുക: ഇതൊരു കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ലളിതമായ സൗകര്യമാണ്.

യാത്രാസൗകര്യം: പെൺകുട്ടികൾക്കായി സുരക്ഷിതമായ സ്കൂൾ ബസുകളോ സൈക്കിളുകളോ യാത്രാസൗകര്യങ്ങളോ ഉറപ്പാക്കുക എന്നത് ഭരണപരമായ ഒരു ക്രമീകരണം മാത്രമാണ്.

ധനസഹായങ്ങൾ: പെൺകുട്ടികൾ സ്കൂളിൽ തുടരുന്നതിന് നൽകുന്ന സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും അവരുടെ പഠനച്ചെലവ് കുറയ്ക്കുകയും രക്ഷിതാക്കൾക്ക് ആശ്വാസമാകുകയും ചെയ്യുന്നുവെന്ന് പല സംസ്ഥാനങ്ങളിലെയും അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്.

ആമുഖത്തിൽ സൂചിപ്പിച്ച ആ പതിനാലുകാരിയെക്കുറിച്ച് വീണ്ടും ചിന്തിക്കുക. സ്കൂളിൽ പോകാൻ താല്പര്യമില്ലാത്തതുകൊണ്ടോ, അവളുടെ രക്ഷിതാക്കൾ പഠനത്തെ എതിർത്തതുകൊണ്ടോ അല്ല അവൾ കൊഴിഞ്ഞുപോക്കിന്റെ വക്കിലെത്തിയത്. ഓരോ മാസവും കൃത്യമായി വരുന്ന ആർത്തവദിനങ്ങളിൽ സുരക്ഷിതമായി ഉപയോഗിക്കാൻ ഒരു ശൗചാലയമില്ല എന്ന ഒറ്റ കാരണം മാത്രമാണ് അവളുടെ വിദ്യാഭ്യാസം വഴിമുട്ടിക്കുന്നത്. അത് പരിഹരിക്കപ്പെടേണ്ട ഒന്നാണെന്ന് ചിന്തിക്കാതെ, സഹിച്ച് ജീവിക്കേണ്ട ഒന്നായി സമൂഹം കണക്കാക്കി എന്നതാണ് യഥാർത്ഥ പരാജയം.

പെൺകുട്ടികളുടെ വിദ്യാഭ്യാസം അനിവാര്യമാണോ എന്ന കാര്യത്തിൽ സമൂഹത്തിൽ ഇന്ന് വലിയ തർക്കങ്ങളൊന്നുമില്ല. എന്നാൽ നമ്മുടെ സ്വന്തം നാട്ടിലെ പ്രാദേശിക സ്കൂളുകളിൽ സുരക്ഷിതമായ ശൗചാലയങ്ങൾ ഉണ്ടോ, യാത്രാസൗകര്യങ്ങൾ ഭദ്രമാണോ, പഠനം സാമ്പത്തികമായി ഭാരമാകാതെ കുട്ടികൾക്ക് മുന്നോട്ടുപോകാൻ കഴിയുന്നുണ്ടോ എന്ന കൃത്യമായ കാര്യങ്ങൾ പരിശോധിച്ച് പരിഹരിക്കാൻ നാം തയ്യാറാകുന്നുണ്ടോ എന്നതാണ് ഇന്നിന്റെ കാതലായ ചോദ്യം.

Loading...
Unable to load recommendations.
Follow Us
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; എന്തുകൊണ്ട്?
കിടിലൻ പെർഫോമൻസ്! ഹീറോയുടെ പവർ ഫുൾ ബൈക്ക്
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി