Jasprit Bumrah: പണി പാളിയോ? ജസ്പ്രീത് ബുംറയ്ക്ക് പരിക്കോ? ശുഭ്മാന്‍ ഗില്‍ വെളിപ്പെടുത്തുന്നു
Jasprit Bumrah Injury Concern: എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ടെസ്റ്റില്‍ ബുംറ കളിക്കുമോയെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ഗില്‍ തയ്യാറായില്ല

ഇടയ്‌ക്കെപ്പോഴോ വിജയപ്രതീക്ഷകള്‍ സമ്മാനിച്ചെങ്കിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് ഒടുവില്‍ അടിയറവ് പറയേണ്ടി വന്നു. യശ്വസി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരൊഴികെയുള്ള ബാറ്റര്‍മാര്‍ പരാജയമായി. ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയൊഴികെയുള്ളവര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനുമായില്ല (Image Credits: PTI)

ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റുകളൊന്നും ലഭിച്ചിരുന്നില്ല. ആദ്യ ടെസ്റ്റിന്റെ അവസാന ഘട്ടത്തില്‍ ബുംറ കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു. ഇതോടെ താരം പരിക്കിന്റെ പിടിയിലാണോ എന്നായി ആരാധകരുടെ ആശങ്ക.

ഇന്ത്യ രണ്ടാം ന്യൂ ബോള്‍ എടുക്കുന്ന സമയത്ത് ബുംറ ഷോള്‍ഡര്‍ മസാജിന് വിധേയനാകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് ബുംറയുടെ പരിക്കിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ശക്തമാക്കി. എന്നാല്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍.

ബുംറയുടെ ഫിറ്റ്‌നസിന് ഒരു കുഴപ്പവുമില്ലെന്ന് ഗില്‍ പറഞ്ഞു. ഇംഗ്ലണ്ട് വിജയ ലക്ഷ്യത്തിന് തൊട്ടടുത്തെത്തിയ പശ്ചാത്തലത്തില്‍ മറ്റ് ബൗളര്‍മാര്‍ക്കും അവസരങ്ങള്‍ നല്‍കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഗില്‍ വിശദീകരിച്ചു.

എന്നാലും മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ബുംറയെ മാറ്റിനിര്‍ത്താനുള്ള തീരുമാനത്തില്‍ ആരാധകര്‍ തൃപ്തരല്ല. ഗില്ലിന്റെ ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ പിഴച്ചെന്നാണ് വിമര്‍ശനം. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ടെസ്റ്റില്‍ ബുംറ കളിക്കുമോയെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ഗില്‍ തയ്യാറായില്ല.