Narendra Modi : പാരാലിമ്പിക്സ് താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി; ചിത്രങ്ങൾ കാണാം
Narendra Modi Interacts Paralympians : ഇക്കൊല്ലം പാരാലിമ്പിക്സിൽ മത്സരിക്കുന്ന താരങ്ങളുമായി വിർചൽ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 28 മുതൽ സെപ്തംബർ എട്ട് വരെയാണ് ഇക്കൊല്ലത്തെ പാരലിമ്പിക്സ് നടക്കുക.

ഇക്കൊല്ലത്തെ പാരാലിമ്പിക്സിൽ മത്സരിക്കുന്ന താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിർച്വലായാണ് പ്രധാനമന്ത്രി താരങ്ങളുമായി സംവദിച്ചത്. താരങ്ങൾക്ക് മോദി ആശംസകളറിയിച്ചു. ഓഗസ്റ്റ് 28 മുതൽ സെപ്തംബർ എട്ട് വരെ പാരിസിലാണ് ഇത്തവണത്തെ പാരാലിമ്പിക്സ് നടക്കുക.

അമ്പെയ്ത്ത് താരം ശീതൾ ദേവി, ഷൂട്ടർ അവാനി ലെഖാറ, ഹൈ ജമ്പ് താരം മാരിയപ്പൻ തങ്കവേലു തുടങ്ങി വിവിധ താരങ്ങളുമായി അദ്ദേഹം സംവദിച്ചു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ റെക്കോർഡുകൾ തകർത്ത് നിരവധി മെഡലുകളുമായി തിരികെവരാനാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

റെക്കോർഡുകൾ പഴങ്കഥയാക്കി മികച്ച പ്രകടനം നടത്തിവരണമെന്ന് താരങ്ങളെ പ്രധാനമന്ത്രി ആശംസിച്ചു. രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ട്. ടോക്യോ പാരാലിമ്പിക്സിലേതുപോലെ പാരിസിലും റെക്കോർഡുകൾ തകർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നും പ്രധാനമന്ത്രി താരങ്ങളോട് പറഞ്ഞു.

കഴിഞ്ഞ തവണ ടോക്യോ പാരാലിമ്പിക്സിൽ 19 മെഡലുകൾ നേടിയ ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനങ്ങളാണ് നടത്തിയത്. 2012ൽ ലണ്ടനിൽ വച്ച് നടന്ന പാരലിമ്പിക്സിൽ വെറും ഒരു മെഡൽ നേടിയ നിലയിൽ നിന്ന് 19 മെഡലുകൾ എന്നത് ശ്രദ്ധേയമായ വളർച്ചയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ 17കാരിയായ അമ്പെയ്ത്ത് താരം ശീതൾ ദേവിയോട് പാരാലിമ്പിക്സ് ആസ്വദിക്കാൻ പ്രധാനമന്ത്രി ഉപദേശിച്ചു. ഇത്തവണ സ്വർണമെഡൽ തന്നെ നേടുമെന്ന് മാരിയപ്പൻ തങ്കവേലു പ്രധാനമന്ത്രിക്ക് വാക്ക് കൊടുത്തു. കഴിഞ്ഞ തവണത്തെ പാരാലിമ്പിക്സിൽ വെള്ളിമെഡൽ നേടിയ താരമാണ് മാരിയപ്പൻ തങ്കവേലു.