Chakka Avial: വിഷു ഇങ്ങെത്തിയേ…! എന്നാലൊരു ചക്ക അവിയൽ വെച്ചാലോ; തയ്യാറാക്കേണ്ടത് ഇങ്ങനെ
Vishu Special Chakka Avial Recipe: ചക്കകൊണ്ടുള്ള വിഭവങ്ങൾ എണ്ണയാൽ തീരാത്ത അത്രയും ഉണ്ട്. വൈറ്റമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്‌സ്, ഇലക്‌ട്രോലൈറ്റുകൾ, പൊട്ടാസ്യം, ഫൈബർ തുടങ്ങി നിരവധി പോഷകളാൽ സമ്പന്നമാണ് ചക്ക.

വിഷുവും ചക്ക സീസണും ഏകദേശം ഒരേ സമയത്താണ്. ചക്കയും മാമ്പഴവും ധാരാളം കിട്ടുന്ന സമയം ആയതുകൊണ്ട് വിഷുവിനുള്ള സദ്യയ്ക്ക് മറ്റ് വിഭവങ്ങൾ ഒന്നും തന്നെവേണ്ട. വൈറ്റമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്‌സ്, ഇലക്‌ട്രോലൈറ്റുകൾ, പൊട്ടാസ്യം, ഫൈബർ തുടങ്ങി നിരവധി പോഷകളാൽ സമ്പന്നമാണ് ചക്ക.

ചക്കകൊണ്ടുള്ള വിഭവങ്ങൾ എണ്ണയാൽ തീരാത്ത അത്രയും ഉണ്ട്. എന്നാൽ ഈ വിഷുവിന് ഒരു ചക്ക അവിയൽ ആയാലോ. അധികം പച്ചക്കറികൾ ഒന്നുമില്ലാതെ രുചികരമായ ചക്ക അവിയൽ തയാറാക്കാം. ചക്കയുടെ ഒരു ഭാഗവും കളയരുതേ... എല്ലാം ചക്കയവിയലിന് ആവശ്യമാണ്.

ചക്കച്ചുള, ചക്കക്കുരു, ചക്ക മടൽ (ഒരു ചെറിയ കഷ്ണം), വെള്ളരിക്ക - അരക്കപ്പ്, പടവലങ്ങ - അരക്കപ്പ്, മുരിങ്ങക്ക - 2, കാരറ്റ് - 1, പച്ചമാങ്ങ - പുളിക്കനുസരിച്ച്, പച്ചമുളക് - 5, മഞ്ഞൾപ്പൊടി - അര ടീസ്പൂൺ, മുളകുപൊടി - ഒരു ടീസ്പൂൺ, തേങ്ങ - 1, ജീരകം - ഒരു ടീസ്പൂൺ, ചുവന്നുള്ളി - 5 അല്ലി, കറിവേപ്പില - ആവശ്യത്തിന്, വെളിച്ചെണ്ണ - ഒന്നര ടേബിൾസ്പൂൺ എന്നിവയാണ് ചക്കയവിയൽ തയ്യാറാക്കാൻ വേണ്ട ചേരുവകൾ.

ചക്കച്ചുള, ചക്കക്കുരു, ചക്ക മടൽ, വെള്ളരിക്ക, പടവലങ്ങ , കാരറ്റ്, മുരിങ്ങക്ക, പച്ചമാങ്ങ, പച്ചമുളക് ഇവ നീളത്തിൽ അരിഞ്ഞു മാറ്റുക. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിച്ച് ചക്കക്കുരുവും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് വേവിച്ചെടുക്കുക. അതിന് ശേഷം ഇതിലെക്ക് ചക്ക ഒഴികെ മറ്റുള്ള ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും വേവിക്കുക.

10 മിനിറ്റ് കഴിഞ്ഞ് അതിലേക്ക് ചക്ക കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. അഞ്ച് മിനിറ്റ് കൂടി വേവാൻ വയ്ക്കാം. ഒരു തേങ്ങ ചിരകിയതിലേക്ക് ഒരു ടീസ്പൂൺ ജീരകം, ചുവന്നുള്ളി, ഒരു തണ്ട് കറിവേപ്പില ഇവ ചേർത്ത് വെള്ളം തൊടാതെ ചതച്ചെടുക്കാം. ഇത് വെന്ത പച്ചകറികളിലേക്ക് ചേർക്കാം. ശേഷം തീ നന്നായി കുറച്ച് അടച്ച് രണ്ടു മിനിറ്റു കൂടി വേവിക്കുക. ഒടുവിൽ അല്പം പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് യോജിപിച്ച് തീ ഓഫ് ചെയ്യാം.