Sabarimala Mandala Kalam 2025: ആത്മസമർപ്പണത്തിന്റെ അമൃതകുംഭം! ശബരിമലയിൽ നെയ്തേങ്ങ കൊണ്ടു പോകുന്നതിന്റെ പ്രാധാന്യം
Sabarimala Nei Thenga Significance: തേങ്ങയുടെ പുറംതോട് ആയ ചിരട്ടയെ അഹങ്കാരത്തിനും വ്യാമോഹങ്ങൾക്കും അടിമപ്പെട്ട മനുഷ്യ ശരീരത്തെ ആണ് അർത്ഥമാക്കുന്നത്. തേങ്ങയിലെ വെള്ളം കളഞ്ഞ് നെയ്യ് നിറയ്ക്കുന്നതിനും മറ്റൊരു വലിയ അർത്ഥമാണുള്ളത്

Sabarimala Nei Thenga
വ്രതശുദ്ധിയുടെയും ആത്മസമർപ്പണത്തിന്റെയും പുണ്യ ദിനങ്ങളാണ് മണ്ഡലകാലത്തെ 41 ദിവസങ്ങൾ. ഒരു വ്യക്തിക്ക് ആത്മശുദ്ധി വരുത്തി പുതിയൊരു ജീവിതം തുടങ്ങുവാനുള്ള ദിവസങ്ങളാണ് ഇവ എന്നാണ് വിശ്വാസം. വ്രതം എടുത്ത് മാലയിട്ട് അയ്യനെ കാണാൻ പോകുന്ന ഭക്തന്റെ ഇരുമുടിക്കെട്ടിലെ പ്രധാനപ്പെട്ട ഒന്നാണ് ഒന്നാണ് നെയ്ത്തേങ്ങ. ശബരിമല തീർത്ഥാടനത്തിലെ പവിത്രമായ ആചാരങ്ങളിൽ ഒന്നാണ് തേങ്ങ സമർപ്പിക്കുന്നത്. ഇതിന് ഏറെ പ്രാധാന്യമാണുള്ളത്.
ഒരു ഭക്തന്റെ സമ്പൂർണ്ണമായ ആത്മസമർപ്പണത്തെയും മോക്ഷത്തേയും ആണ് ഈ നെയ്ത്തേങ്ങ പ്രതീകവൽക്കരിക്കുന്നത്. തേങ്ങയുടെ പുറംതോട് ആയ ചിരട്ടയെ അഹങ്കാരത്തിനും വ്യാമോഹങ്ങൾക്കും അടിമപ്പെട്ട മനുഷ്യ ശരീരത്തെ ആണ് അർത്ഥമാക്കുന്നത്. തേങ്ങയിലെ വെള്ളം കളഞ്ഞ് നെയ്യ് നിറയ്ക്കുന്നതിനും മറ്റൊരു വലിയ അർത്ഥമാണുള്ളത്.
ALSO READ: ശബരിമല സ്വാമിമാർ ധരിക്കുന്ന മാല 2 തരം; പിന്നിലെ തത്വവും വ്യത്യാസവും അറിയാം
ഇതിലൂടെ 41 ദിവസത്തെ വ്രതത്തിലൂടെ ആ വ്യക്തി തന്റെ ജീവിതത്തിലെ ലൗകിക സുഖങ്ങളെയും അഹങ്കാരത്തെയും ദുസ്വഭാവങ്ങളെയുമെല്ലാം പൂർണ്ണമായി ഉപേക്ഷിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. ശേഷം പാല് കടഞ്ഞ് ശുദ്ധീകരിച്ച് എടുക്കുന്ന നെയ്യ് തേങ്ങയിൽ നിറക്കുന്നതിലൂടെ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്ത് ശുദ്ധീകരിച്ച ജീവാത്മാവിനെ നിറയ്ക്കുന്നതിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.
തേങ്ങ ഇരുമുടിക്കെട്ടിൽ സൂക്ഷിക്കുമ്പോൾ ശരീരമാകുന്ന പാത്രത്തെ ആത്മാവിനെ വഹിച്ചുകൊണ്ട് ഭക്തൻ പരമാത്മാവിനെ തേടി പോകുന്നു എന്നതാണ് സങ്കല്പം. ശബരിമല സംവിധാനത്തിൽ എത്തിയശേഷം ഭക്തർ കൊണ്ടുപോകുന്ന ഈ നെയ്യാണ് അയ്യപ്പസ്വാമിയുടെ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് ഇതിനെ നെയ്യഭിഷേകം എന്നാണ് പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭക്തന്റെ ജീവാത്മാവ് പരമമായ ശക്തിയായ അയ്യപ്പന് ലയിച്ചുചേരുന്നു എന്നും വിശ്വസിക്കപ്പെടുന്നു.
ഈ ലയനം മോക്ഷത്തിന്റെ അഥവാ ജനന മരണചക്രത്തിൽ നിന്നുള്ള ഒരു വ്യക്തിയുടെ വിമോചനത്തിന്റെ പരമമായ ലക്ഷ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. നെയ്യെ എടുത്തതിനുശേഷം ആ ചിരട്ട പതിനെട്ടാം പടിക്ക് സമീപമുള്ള ആഴിയിലാണ് സമർപ്പിക്കുന്നത്. ഇതിലും വലിയ അർത്ഥമാണുള്ളത്. ആ ഭക്തൻ തന്റെ അഹംഭാവത്തോടുകൂടിയ ശരീരം ഇവിടെ അഗ്നിയിൽ ഉപേക്ഷിച്ച് ദഹിപ്പിക്കുന്നു എന്നാണ് അർത്ഥം. ഇത് പൂർത്തിയാക്കുന്നതോടെ മാത്രമാണ് ആ ഭക്തന്റെ 41 ദിവസത്തെ കഠിന വ്രതം ഫലപ്രാപ്തിയിൽ എത്തുകയുള്ളൂ.