Chinnaswamy Stadium Stampede: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; വിരാട് കോലിക്കെതിരെ പോലീസിൽ പരാതി
Complaint Filed Against Virat Kohli: സീനിയർ സോഷ്യൽ ആക്‌ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ് ബെംഗളൂരുവിലെ കബ്ബോൺ പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ ഈ പരാതി കൂടി ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരു: ഐപിഎൽ കിരീടാഘോഷത്തിന്റെ ഭാഗമായി ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കാനിടയായ സംഭവത്തിൽ ആർസിബി താരം വിരാട് കോലിക്കെതിരെ പോലീസിൽ പരാതി. സീനിയർ സോഷ്യൽ ആക്‌ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ് ബെംഗളൂരുവിലെ കബ്ബോൺ പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ ഈ പരാതി കൂടി ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. നിലവിൽ പുരോഗമിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും ഈ പരാതിയും പരിശോധിക്കപ്പെടുക.
ചിന്നസ്വാമി ദുരന്തത്തിൽ ആർസിബിയുടെ മാർക്കറ്റിങ് മേധാവി നിഖിൽ സോസാലെ അടക്കം നാലുപേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പരിപാടിയുടെ നടത്തിപ്പുകാരായ ഡിഎൻഎ എന്ന ഇവന്റ്റ് മാനേജ്മെന്റിന്റെ പ്രതിനിധി സുനിൽ മാത്യുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) ഭാരവാഹികളുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കരുതെന്നാണ് കോടതി ഉത്തരവ്.
ALSO READ: ചിന്നസ്വാമി ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസാലെയുടെ അറസ്റ്റിൽ തത്കാലം ഇടപെടുന്നില്ലെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിലും സ്റ്റേഡിയത്തിലെ വിജയാഘോഷം നിർത്തിവെക്കാൻ അധികൃതർ തയ്യാറാവാത്തത് നേരത്തെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. താരങ്ങൾ സ്റ്റേഡിയത്തിന് നടുവിൽ ഒത്തുകൂടി ട്രോഫി പ്രദർശിപ്പിക്കുകയും, ടീം അംഗങ്ങൾ ചേർന്ന് സ്റ്റേഡിയത്തെ വലം വെക്കുകയും ചെയ്തിരുന്നു. വൻ ആരവങ്ങളോട് കൂടിയാണ് കാണികൾ വിരാട് കോലിയെയും സംഘത്തെയും വരവേറ്റത്. എന്നാൽ, വിക്ടറി പരേഡ് ടീം ഒഴിവാക്കിയിരുന്നു.