India vs England: മിന്നിത്തിളങ്ങി ജയ്‌സ്വാള്‍, നങ്കൂരമിട്ട് ഗില്ലും, പന്തും; ഇന്ത്യ ഭേദപ്പെട്ട നിലയില്‍
India vs England Second Test Updates: തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 8.4 ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ കെഎല്‍ രാഹുലാണ് ആദ്യം പുറത്തായത്. 26 പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ക്രിസ് വോക്ക്‌സിന്റെ പന്തില്‍ വിക്കറ്റ് തെറിക്കുകയായിരുന്നു

ഔട്ടായി മടങ്ങുന്ന യശ്വസി ജയ്‌സ്വാള്‍
എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. നിലവില്‍ മൂന്ന് വിക്കറ്റു നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 109 പന്തില്‍ 42 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, 28 പന്തില്‍ 14 റണ്‍സുമായി വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തുമാണ് ക്രീസില്‍. 107 പന്തില്‍ 87 റണ്‍സെടുത്ത ജയ്‌സ്വാള്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സാണ് ജയ്‌സ്വാളിനെ പുറത്താക്കിയത്. സ്റ്റോക്ക്‌സിന്റെ പന്തില്‍ ജാമി സ്മിത്ത് ക്യാച്ചെടുക്കുകയായിരുന്നു.
ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 8.4 ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ കെഎല്‍ രാഹുലാണ് ആദ്യം പുറത്തായത്. 26 പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ക്രിസ് വോക്ക്‌സിന്റെ പന്തില്‍ വിക്കറ്റ് തെറിക്കുകയായിരുന്നു.
തുടര്‍ന്ന് ക്രീസിലെത്തിയ കരുണ്‍ നായര്‍ക്ക് അധികം നേരം പിടിച്ചുനില്‍ക്കാനായില്ല. 50 പന്തില്‍ 31 റണ്‍സെടുത്ത താരത്തിന് ബ്രൈഡണ്‍ കാര്‍സെയുടെ പന്തില്‍ പിഴച്ചു. ഹാരി ബ്രൂക്കിന് ക്യാച്ച് സമ്മാനിച്ചാണ് കരുണ്‍ മടങ്ങിയത്. 45-ാം ഓവറിലാണ് ജയ്‌സ്വാളിന്റെ വിക്കറ്റു നഷ്ടമായത്.
ആദ്യ ടെസ്റ്റില്‍ നിന്നു മൂന്ന് മാറ്റവുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ പ്ലേയിങ് ഇലവനിലുണ്ടായിരുന്ന സായ് സുദര്‍ശന്‍, ശാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെ ഒഴിവാക്കി. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ് എന്നിവര്‍ പകരം പ്ലേയിങ് ഇലവനിലെത്തി. ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യയ്ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ എഡ്ജ്ബാസ്റ്റണില്‍ വിജയം അനിവാര്യമാണ്.