India vs England: രണ്ടാം ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ച് ഈ ഓള്‍റൗണ്ടര്‍മാര്‍? ഫീല്‍ഡിങില്‍ പൊളിച്ചുപണി ഉറപ്പ്
India vs England Second Test: ജസ്പ്രീത് ബുംറയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ബുംറ സെലക്ഷന് ലഭ്യമാണെന്ന് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് വ്യക്തമാക്കിയെങ്കിലും, താരം കളിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല
ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിയുടെ പശ്ചാത്തലത്തില്‍ എഡ്ജ്ബാസ്റ്റണിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യ ടെസ്റ്റിലെ ഒന്നിലേറെ താരങ്ങളെ മാറ്റുമെന്നാണ് സൂചന. ഓള്‍ റൗണ്ടര്‍മാരായ നിതീഷ് കുമാർ റെഡ്ഡിയും വാഷിംഗ്ടൺ സുന്ദറും പ്ലെയിംഗ് ഇലവനിൽ ഇടം നേടാനാണ് സാധ്യത. ശാര്‍ദ്ദുല്‍ താക്കൂറിന് പകരമാകും നിതീഷ് പ്ലേയിങ് ഇലവനിലെത്തുന്നത് ആദ്യ ടെസ്റ്റില്‍ താക്കൂറിന് കാര്യമായി തിളങ്ങാനായില്ല. ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സ് മാത്രമാണ് നേടിയത്. വിക്കറ്റുകളൊന്നും ലഭിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സ് മാത്രമെടുത്ത് പുറത്തായി. എന്നാല്‍ ബൗളിങില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ താരം രണ്ട് വിക്കറ്റുകളാണ് പിഴുതത്.
പരിശീലന സെഷനില്‍ ശാര്‍ദ്ദുല്‍ താക്കൂര്‍ വളരെ കുറച്ച് മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം. എന്നാല്‍ നിതീഷ് റെഡ്ഡി പരിശീലനത്തില്‍ സജീവമായി പങ്കെടുത്തു. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സ്ഥാനവും സംശയനിഴലിലാണ്. ജഡേജയും ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സാണ് താരം നേടിയത്. ഒരു വിക്കറ്റു പോലും നേടാനായില്ല. രണ്ടാം ഇന്നിങ്‌സില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരു വിക്കറ്റും സ്വന്തമാക്കി. ജഡേജയ്ക്ക് പകരം വാഷിങ്ടണിനെ പരിഗണിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നെറ്റ്‌സില്‍ വാഷിങ്ടണ്‍ കൂടുതല്‍ നേരെ പന്തെറിഞ്ഞിരുന്നു.
കുല്‍ദീപിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും വാഷിങ്ടണിനാണ് പ്രഥമ പരിഗണനയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. അതേസമയം, ജസ്പ്രീത് ബുംറയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ബുംറ സെലക്ഷന് ലഭ്യമാണെന്ന് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് വ്യക്തമാക്കിയെങ്കിലും, താരം കളിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.




Read Also: Jasprit Bumrah: ആരാ പറഞ്ഞത് ബുംറയില്ലെന്ന്? എഡ്ജ്ബാസ്റ്റണിലും എറിഞ്ഞേക്കും ‘ബും ബും’
ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതും ടീം ഗൗരവത്തോടെയാണ് കാണുന്നത്. യശ്വസി ജയ്‌സ്വാളാണ് ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത്. ഫീല്‍ഡിങ് പ്ലേസ്‌മെന്റില്‍ പതിവുരീതികളില്‍ നിന്നു വ്യത്യസ്തമായി പൊളിച്ചുപണി നടത്താനുള്ള സാധ്യതകളും ടീം പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.