Rishabh Pant: എഡ്ജ്ബാസ്റ്റണിൽ ലക്ഷ്യമിടുന്നത് ആ വമ്പന്‍ റെക്കോഡ്; ഇതിഹാസ താരങ്ങളുള്ള പട്ടികയില്‍ പന്ത് തൊട്ടടുത്ത്
India vs England Edgbaston Test: ഇംഗ്ലണ്ടിൽ 10 ടെസ്റ്റുകളിൽ നിന്ന് 42.52 ശരാശരിയിൽ 808 റൺസ് താരം നേടിയിട്ടുണ്ട്. നാല് സെഞ്ച്വറികളും നേടി. 2022 ൽ എഡ്ജ്ബാസ്റ്റണിൽ നേടിയ 146 റണ്‍സാണ് ഇംഗ്ലണ്ടിലെ പന്തിന്റെ ഉയര്‍ന്ന സ്‌കോര്‍

ഋഷഭ് പന്ത്
എഡ്ജ്ബാസ്റ്റണില് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടിയാല്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം. ഡോൺ ബ്രാഡ്മാൻ, രാഹുൽ ദ്രാവിഡ്, ബ്രയാൻ ലാറ എന്നീ ഇതിഹാസ താരങ്ങളടങ്ങുന്ന പട്ടികയില്‍ ഇടം നേടാനുള്ള അവസരമാണ് പന്തിനെ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിൽ തുടർച്ചയായി മൂന്ന് ടെസ്റ്റുകളിൽ സെഞ്ച്വറി നേടുന്ന വിസിറ്റിങ് താരമെന്ന നേട്ടമാണ് പന്തിന് സ്വന്തമാക്കാവുന്നത്. ഡോൺ ബ്രാഡ്മാൻ, വാറൻ ബാർഡ്‌സ്‌ലി, ചാൾസ് മക്കാർട്ട്‌നി, ബ്രയാൻ ലാറ, രാഹുൽ ദ്രാവിഡ്, ഡാരിൽ മിച്ചൽ എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. 2002ലാണ് ദ്രാവിഡ് ഈ നേട്ടം കരസ്ഥമാക്കിയത്.
SENA രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഏഷ്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും, ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും പന്ത് ഇതിനകം സ്വന്തമാക്കിയിരുന്നു. ഹെഡിംഗ്‌ലിയിലെ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടിയ പന്ത് മികച്ച ഫോമിലാണ്. ആദ്യ ഇന്നിങ്‌സില്‍ 134 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്. രണ്ടാം ഇന്നിങ്‌സില്‍ 118 റണ്‍സ് നേടി.
ഇംഗ്ലണ്ടിൽ 10 ടെസ്റ്റുകളിൽ നിന്ന് 42.52 ശരാശരിയിൽ 808 റൺസ് താരം നേടിയിട്ടുണ്ട്. നാല് സെഞ്ച്വറികളും നേടി. 2022 ൽ എഡ്ജ്ബാസ്റ്റണിൽ നേടിയ 146 റണ്‍സാണ് ഇംഗ്ലണ്ടിലെ പന്തിന്റെ ഉയര്‍ന്ന സ്‌കോര്‍. അതേസമയം, രണ്ടാം ടെസ്റ്റ് ജൂലൈ രണ്ടിന് ആരംഭിക്കും. ആദ്യ ടെസ്റ്റില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയതാണ് പരമ്പര.