India vs England: സച്ചിന്‍ പറഞ്ഞത് കേട്ടു? രണ്ടാം ഇന്നിങ്‌സിലും പന്തിന് സെഞ്ചുറി, ഇത് പ്രവണതയിലെ മാറ്റം
Rishabh Pant Century: അലക്ഷ്യമായി വിക്കറ്റ് കളഞ്ഞുകുളിക്കുന്ന പ്രവണതയില്‍ വന്‍ മാറ്റം വന്നിട്ടുണ്ട്. അത് വ്യക്തമാക്കുന്നതാണ് താരം രണ്ട് ഇന്നിങ്‌സുകളിലും നേടിയ സെഞ്ചുറികള്‍. 134, 118 എന്നിങ്ങനെയാണ് രണ്ട് ഇന്നിങ്‌സുകളിലെ താരത്തിന്റെ സ്‌കോറുകള്‍
ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെടും മുമ്പ് ഒരുപാട് ചോദ്യശരങ്ങളുടെ മുന്നിലായിരുന്നു ഇന്ത്യന്‍ ടീം. റെഡ് ബോളിലെ സമീപകാല മോശം പ്രകടനങ്ങളായിരുന്നു അതിന് കാരണം. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ ഇന്ത്യന്‍ യുവനിര എങ്ങനെ നേരിടുമെന്നതായിരുന്നു പ്രധാന ചോദ്യം. സംശയങ്ങളേറെയും ഇന്ത്യന്‍ ബാറ്റിങിനെ ചുറ്റിപ്പറ്റിയായിരുന്നു. അതില്‍ തന്നെ ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ളവരുടെ പ്രകടനം എങ്ങനെയാകുമെന്നും ചര്‍ച്ചകളുണ്ടായി. ഈ സാഹചര്യത്തില്‍ പന്തിന് ഉപദേശവുമായി സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ രംഗത്തെത്തിയിരുന്നു. അലക്ഷ്യമായി ഔട്ടാകരുതെന്നും, ടീമിന് ആവശ്യമുള്ളപ്പോള്‍ പ്രതിരോധിച്ച് കളിക്കണമെന്നുമായിരുന്നു പന്തിന് സച്ചിന്‍ നല്‍കിയ ഉപദേശം.
സച്ചിന്‍ ഉപദേശിച്ചതുപോലെ പന്ത് അത്രകണ്ട് പ്രതിരോധ മാര്‍ഗം സ്വീകരിച്ചിട്ടില്ല. എന്നാല്‍ അലക്ഷ്യമായി വിക്കറ്റ് കളഞ്ഞുകുളിക്കുന്ന പ്രവണതയില്‍ വന്‍ മാറ്റം വന്നിട്ടുണ്ട്. അത് വ്യക്തമാക്കുന്നതാണ് താരം രണ്ട് ഇന്നിങ്‌സുകളിലും നേടിയ സെഞ്ചുറികള്‍. 134, 118 എന്നിങ്ങനെയാണ് രണ്ട് ഇന്നിങ്‌സുകളിലെ താരത്തിന്റെ സ്‌കോറുകള്‍. രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്ത് സ്വന്തമാക്കി.
ലീഡുയര്‍ത്തി ഇന്ത്യ
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നിലവില്‍ 357 റണ്‍സിന്റെ ലീഡുണ്ട്. പന്തിനെ കൂടാതെ കെഎല്‍ രാഹുലും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയിരുന്നു. 247 പന്തില്‍ 137 റണ്‍സെടുത്ത രാഹുലിനെ ബ്രൈഡണ്‍ കാര്‍സെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.




നാലാം വിക്കറ്റില്‍ രാഹുലും പന്തും പടുത്തുയര്‍ത്തിയ 195 റണ്‍സിന്റെ കൂട്ടുക്കെട്ട് നിര്‍ണായകമായി. ഷൊയബ് ബഷീറിന്റെ പന്തില്‍ സാക്ക് ക്രൗളി ക്യാച്ചെടുത്താണ് പന്ത് പുറത്തായത്. മറ്റ് ബാറ്റര്‍മാരെല്ലാം രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി.
യശ്വസി ജയ്‌സ്വാള്‍-4, സായ് സുദര്‍ശന്‍-30, ശുഭ്മന്‍ ഗില്‍-8, കരുണ്‍ നായര്‍- 20, ശാര്‍ദ്ദുല്‍ താക്കൂര്‍-4, മുഹമ്മദ് സിറാജ്-0, ജസ്പ്രീത് ബുംറ-0 എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. രവീന്ദ്ര ജഡേജയും, പ്രസിദ്ധ് കൃഷ്ണയുമാണ് ക്രീസില്‍.
ഇംഗ്ലണ്ടിനായി ബ്രൈഡണ്‍ കാര്‍സെസെയും ജോഷ് ടോങ്കും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബാഷിറും, ബെന്‍ സ്റ്റോക്‌സും , ക്രിസ് വോക്‌സും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. നാലാം ദിനം രണ്ട് വിക്കറ്റിന് 90 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. പരമാവധി റണ്‍സ് അടിച്ചുകൂട്ടി വേഗം ഡിക്ലയര്‍ ചെയ്യാനാകും ഇനി ഇന്ത്യയുടെ ശ്രമം.