KCL 2025: സഞ്ജു ഇല്ലെങ്കിലും കൊച്ചി പഴയ കൊച്ചി തന്നെയാണ്; ടൈറ്റൻസിനെതിരെ ആധികാരിക ജയം
KCL 2025 KBT Wins Against TT: തൃശൂർ ടൈറ്റൻസിനെ കീഴടക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ് പോയിൻ്റ് പട്ടികയിൽ ഒന്നാമത്. ആറ് വിക്കറ്റിനാണ് കൊച്ചിയുടെ വിജയം.
കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനെ വീഴ്ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സിന് അഞ്ചാം ജയം. ആറ് വിക്കറ്റിൻ്റെ ആധികാരിക വിജയത്തോടെ കൊച്ചി പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി തൃശൂർ ടൈറ്റൻസ് 172 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചി 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ചു.
54 പന്തിൽ 70 റൺസ് നേടിയ ആനന്ദ് കൃഷ്ണനാണ് തൃശൂരിൻ്റെ ടോപ്പ് സ്കോറർ. ആനന്ദിനൊപ്പം 14 പന്തിൽ 39 റൺസ് നേടിയ അർജുൻ എകെയും തിളങ്ങി. ബാക്കിയാർക്കും ഉയർന്ന സ്കോർ നേടാനായില്ല. പലർക്കും നല്ല തുടക്കം ലഭിച്ചെങ്കിലും ക്രീസിൽ തുടരാൻ കഴിഞ്ഞില്ല. ആറ് താരങ്ങൾ ഒറ്റയക്കത്തിന് പുറത്തായി. കൊച്ചിയ്ക്കായി ശ്രീഹരി എസ് നായർ, കെഎം ആസിഫ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Also Read: KCL 2025: സൽമാൻ നിസാറിന്റെ തൂക്കിയടിയിൽ ട്രിവാൻഡ്രം റോയൽസ് തകർന്നു, കാലിക്കറ്റിന് 13 റൺസ് ജയം




മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചി വിനൂപ് മനോഹരൻ്റെ ഫിഫ്റ്റിയിലാണ് വിജയം അനായാസമാക്കിയത്. 42 പന്തിൽ 65 റൺസ് നേടിയ വിനൂപിനൊപ്പം വിപുൽ ശക്തി (31 പന്തിൽ 36), സാലി സാംസൺ (17 പന്തിൽ 25 നോട്ടൗട്ട്) എന്നിവരും കൊച്ചിയ്ക്കായി തിളങ്ങി. കൊച്ചിയുടെ നാലിൽ മൂന്ന് വിക്കറ്റുകളും ആദിത്യ വിനോദാണ് നേടിയത്. വിനൂപ് മനോഹരനാണ് കളിയിലെ താരം.
ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ് ഒന്നാം സ്ഥാനത്ത് ആധിപത്യമുറപ്പിച്ചു. 10 പോയിൻ്റാണ് കൊച്ചിയ്ക്കുള്ളത്. ഏഴ് മത്സരങ്ങളിൽ നാല് ജയം സഹിതം എട്ട് പോയിൻ്റുള്ള കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഇതുവരെ ഒന്നും രണ്ടും സ്ഥാനങ്ങളിലായിരുന്ന തൃശൂർ ടൈറ്റൻസ് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.