KCL 2025: കേരള ക്രിക്കറ്റിൻ്റെ പ്രതിഭാധാരാളിത്തത്തിൽ അമ്പരന്ന് ഇന്ത്യൻ ക്രിക്കറ്റ്; നോട്ടമിട്ട് പല ഐപിഎൽ ടീമുകൾ
KCL Season 2 Talent Pool: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയാകർഷിക്കുകയാണ്. വരുന്ന ഐപിഎലിൽ ഒന്നിലധികം കേരള താരങ്ങൾ കളിച്ചേക്കും.
കേരള ക്രിക്കറ്റ് ലീഗിൻ്റെ ആദ്യ സീസണ് ശേഷം ആകെയൊരു വിഗ്നേഷ് പുത്തൂർ മാത്രമേ പുതുതായി ഐപിഎൽ വിലാസത്തിലെത്തിയിരുന്നുള്ളൂ. എന്നാൽ, അരങ്ങിൽ കണ്ടതല്ല, അണിയറയിൽ നടന്നത്. ലീഗിൽ കളിച്ച പല താരങ്ങളും പല ഫ്രാഞ്ചൈസികളുടെ ട്രയൽസിലും പങ്കെടുത്തു. ടീം കോമ്പിനേഷനടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ലേലത്തിൽ ഫ്രാഞ്ചൈസികൾ ഇടപെടുക. അതുകൊണ്ടാണ് പല പേരുകളും അപ്രത്യക്ഷമായത്.
കഴിഞ്ഞ തവണ തന്നെ കേരള ക്രിക്കറ്റിലെ പ്രതിഭാധാരാളിത്തത്തെപ്പറ്റി ക്രിക്കറ്റ് പ്രേമികൾ മനസ്സിലാക്കിയിരുന്നു. ഇത്തവണ കാണുന്നത് അതിലും കൂടുതലാണ്. രസകരമായ കാര്യമെന്താണെന്നാൽ, നിലവിലെ സംസ്ഥാന ടീമിൽ കളിക്കുന്ന പലരെക്കാളും മികച്ച യുവതാരങ്ങൾ കെസിഎലിൻ്റെ രണ്ടാം സീസണിൽ കാണാം. പ്രസിഡൻഷ്യൽ കപ്പിലും മറ്റും നിറഞ്ഞുനിന്ന പല താരങ്ങൾക്കും കെസിഎലിൽ വിസിബിലിറ്റി ലഭിക്കുന്നു.
Also Read: KCL 2025: ‘ഉടൻ തന്നെ ഒരു മലയാളി കൂടി ഇന്ത്യക്കായി കളിക്കും’; വമ്പൻ പ്രഖ്യാപനവുമായി സഞ്ജു സാംസൺ




കഴിഞ്ഞ കളി ആലപ്പി റിപ്പിൾസിനെ വിജയത്തിലെത്തിച്ച മുഹമ്മദ് കൈഫ് കരിയറിൽ ആദ്യമായി കളിക്കുന്ന കെസിഎൽ മത്സരമായിരുന്നു അത്. വയസ് 23. ഏഴ് സിക്സറുകളാണ് കൈഫ് അടിച്ചത്. റിപ്പിൾസിലെ തന്നെ പേസ് ബൗളിംഗ് ഓൾറൗണ്ടർ ആദിത്യ ബൈജുവും ഈ സീസണിൻ്റെ കണ്ടെത്തലാണ്. 19 വയസുള്ള ആദിത്യ ബൈജു വിനു മങ്കാദ് ട്രോഫിയിലടക്കം തിളങ്ങി. 19 വയസുള്ള, വിനു മങ്കാദ് ട്രോഫിയിൽ തിളങ്ങിയ മറ്റൊരാളുണ്ട്. അഹമദ് ഇമ്രാൻ. ഏജ് ഗ്രൂപ്പ് ടൂർണമെൻ്റുകളിലൊക്കെ ക്യാപ്റ്റനായിരുന്നു. ഓൾറൗണ്ടർ. ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം രഞ്ജി സെമിയിലായിരുന്നു, കഴിഞ്ഞ സീസണിൽ. ഒരുപക്ഷേ, കേരളത്തിൽ നിന്നുള്ള അടുത്ത സൂപ്പർ സ്റ്റാർ.
അഖിൻ സത്താർ (22 വയസ്), പവൻ രാജ് (22 വയസ്) എന്നീ പേസർമാരും കൊല്ലത്തിനെതിരെ അവസാന പന്തിൽ സിക്സടിച്ച് വിജയിച്ച ഓൾറൗണ്ടർ ആഷിക് മുഹമ്മദ്, ജോബിൻ ജോബി, നിഖിൽ തോട്ടത്ത് തുടങ്ങി ശ്രദ്ധേയരായ മറ്റ് പേരുകളുമുണ്ട്.