KCL 2025: ജയത്തിനരികെ വീണ്ടും കാലിടറി കാലിക്കറ്റ്; സീസണിൽ തൃശൂരിന് ആദ്യ ജയം
Thrissur Titans Wins Against Calicut Globstars: കെസിഎലിൽ തുടർച്ചയായ രണ്ടാം വിജയവുമായി തൃശൂർ ടൈറ്റൻസ്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.
കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിന് തുടർച്ചയായ രണ്ടാം പരാജയം. രണ്ടാം മത്സരത്തിൽ തൃശൂർ ടൈറ്റൻസിനോടാണ് കാലിക്കറ്റ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 209 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടാനേ സാധിച്ചുള്ളൂ.
യുവതാരം അഹ്മദ് ഇമ്രാൻ്റെ തകർപ്പൻ സെഞ്ചുറിയാണ് തൃശൂരിന് മികച്ച സ്കോർ സമ്മാനിച്ചത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച താരത്തിനൊപ്പം മറ്റ് താരങ്ങളും നിർണായക സംഭാവനകൾ നൽകി. ഏഴ് റൺസ് നേടിയ അനന്ദ് കൃഷ്ണൻ വേഗം പുറത്തായെങ്കിലും മൂന്നാം നമ്പറിലെത്തിയ ഷോൺ റോജർ ഇമ്രാനൊപ്പം ഉറച്ചുനിന്നു. 26 പന്തിൽ 35 റൺസ് നേടിയ താരം രണ്ടാം വിക്കറ്റിൽ ഇമ്രാനൊപ്പം 75 റൺസ് കൂട്ടിച്ചേർത്തു. ശേഷം അക്ഷയ് മനോഹർ (22), അർജുൻ എകെ (24) എന്നിവർക്കൊപ്പവും ഇമ്രാൻ കൂട്ടുകെട്ടുയർത്തി. 54 പന്തിലാണ് താരം സെഞ്ചുറി തികച്ചത്.
Also Read: KCL 2025: കൊച്ചി പഴയ കൊച്ചി തന്നെ; ആലപ്പി റിപ്പിൾസിനെ തകർത്ത് ബ്ലൂ ടൈഗേഴ്‌സിന്റെ തേരോട്ടം




മറുപടി ബാറ്റിംഗിൽ കാലിക്കറ്റിന് ആദ്യ മൂന്ന് വിക്കറ്റുകൾ വേഗം നഷ്ടമായി. സച്ചിൻ സുരേഷ് (7), രോഹൻ കുന്നുമ്മൽ (14), അഖിൽ സ്കറിയ (8) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ പവർപ്ലേ മോശമായി. എങ്കിലും എം അജിനാസും സൽമാൻ നിസാറും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് കാലിക്കറ്റിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 98 റൺസ് നീണ്ട ഈ കൂട്ടുകെട്ട് അവസാനിച്ചതോടെ കാലിക്കറ്റ് വീണ്ടും തകർന്നു. അജിനാസ് 58 റൺസ് നേടിയപ്പോൾ സൽമാൻ 77 റൺസെടുത്താണ് പുറത്തായത്. പിന്നാലെ വന്നവർക്കൊന്നും സ്കോർ ഉയർത്താൻ കഴിഞ്ഞില്ല. സീസണിൽ കളിച്ച രണ്ട് മത്സരങ്ങളും ടൈറ്റൻസ് വിജയിച്ചു.