KCL 2025: കൊച്ചി പഴയ കൊച്ചി തന്നെ; ആലപ്പി റിപ്പിള്‍സിനെ തകര്‍ത്ത് ബ്ലൂ ടൈഗേഴ്‌സിന്റെ തേരോട്ടം
Kerala cricket league season 2 Alleppey Ripples vs Kochi Blue Tigers Match Result: 31 പന്തില്‍ 66 റണ്‍സെടുത്ത വിനൂപ് മനോഹരന്റെയും, പുറത്താകാതെ 13 പന്തില്‍ 31 റണ്‍സെടുത്ത ആല്‍ഫി ഫ്രാന്‍സിസ് ജോണിന്റെയും ബാറ്റിങ് മികവിലാണ് കൊച്ചി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സാംസണ്‍ ബ്രദേഴ്‌സ് മത്സരത്തില്‍ നിരാശപ്പെടുത്തി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ജൈത്രയാത്ര തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെ കൊച്ചി 34 റണ്‍സിന് തകര്‍ത്തു. തുടര്‍ച്ചയായ രണ്ടാമത്തെ വിജയം നേടിയ കൊച്ചി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടും തോറ്റ ആലപ്പിയാണ് ഏറ്റവും അവസാന സ്ഥാനത്ത്. കൊച്ചി ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആലപ്പി 19.2 ഓവറില്‍ 149 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ കെഎം ആസിഫും, മുഹമ്മദ് ആഷിക്കുമാണ് ആലപ്പിയെ നിഷ്പ്രഭമാക്കിയത്.
ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും, ജലജ് സക്‌സേനയും തരക്കേടില്ലാത്ത തുടക്കമാണ് ആലപ്പിക്ക് നല്‍കിയത്. 15 പന്തില്‍ 16 റണ്‍സെടുത്ത ജലജിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ആസിഫ് കൊച്ചിയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. ആലപ്പിയുടെ പ്രതീക്ഷയായ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്നത്തെ മത്സരത്തില്‍ നിറംമങ്ങി. ഒമ്പത് പന്തില്‍ 11 റണ്‍സെടുത്ത താരത്തെ ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ പുറത്താക്കി.
തൊട്ടുപിന്നാലെ 36 പന്തില്‍ 33 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനും പുറത്തായി. വിനൂപ് മനോഹരനായിരുന്നു വിക്കറ്റ്. ആലപ്പിയുടെ ടോപ് സ്‌കോററാണെങ്കിലും മന്ദഗതിയിലായിരുന്നു അക്ഷയ് ചന്ദ്രന്റെ ബാറ്റിങ്. തുടര്‍ന്ന് അനൂജ് ജോതിനും, അഭിഷേ പി നായരും ആലപ്പിയെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആസിഫ് വീണ്ടും വില്ലനായി അവതരിച്ചു. തകര്‍ത്തടിച്ച അഭിഷേകിനെ (13 പന്തില്‍ 29) ആസിഫ് പുറത്താക്കിയതോടെ ആലപ്പി നടുങ്ങി. 10 പന്തില്‍ 15 റണ്‍സെടുത്ത അനൂജിനെ ആഷിക് ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ ആലപ്പി കൂട്ടത്തകര്‍ച്ച അഭിമുഖീകരിച്ചു.




അക്ഷയ് ടികെ-മൂന്ന് പന്തില്‍ അഞ്ച്, അര്‍ജുന്‍ സുരേഷ് നമ്പ്യാര്‍-14 പന്തില്‍ 16, ബാലു ബാബു-0, ആദിത്യ ബൈജു-എട്ട് പന്തില്‍ എട്ട്, എന്‍ ബേസില്‍-മൂന്ന് പന്തില്‍ രണ്ട്, ശ്രീഹരി എസ് നായര്‍-നാല് പന്തില്‍ അഞ്ച് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
31 പന്തില്‍ 66 റണ്‍സെടുത്ത വിനൂപ് മനോഹരന്റെയും, പുറത്താകാതെ 13 പന്തില്‍ 31 റണ്‍സെടുത്ത ആല്‍ഫി ഫ്രാന്‍സിസ് ജോണിന്റെയും ബാറ്റിങ് മികവിലാണ് കൊച്ചി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സാംസണ്‍ ബ്രദേഴ്‌സ് മത്സരത്തില്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ സാലി സാംസണ്‍ മൂന്ന് പന്തില്‍ ആറു റണ്‍സെടുത്ത് പുറത്തായി. 22 പന്തില്‍ 13 റണ്‍സെടുക്കാനെ സഞ്ജു സാംസണ് സാധിച്ചുള്ളൂ.