AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: നിരാശപ്പെടുത്തി സഞ്ജു, ആലപ്പി റിപ്പിള്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍

Kerala cricket league season 2 Alleppey Ripples vs Kochi Blue Tigers: കെസിഎല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ആറാമനായി ബാറ്റിങിന് എത്തിയ താരം 22 പന്തില്‍ 13 റണ്‍സാണെടുത്തത്. വലിയ സ്‌കോര്‍ നേടാനായില്ലെന്ന് മാത്രമല്ല, സ്‌കോറിങിന് വേഗതയുമില്ലായിരുന്നു

KCL 2025: നിരാശപ്പെടുത്തി സഞ്ജു, ആലപ്പി റിപ്പിള്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍
സഞ്ജു സാംസണ്‍ Image Credit source: facebook.com/KochiBlueTigersOfficial
jayadevan-am
Jayadevan AM | Published: 23 Aug 2025 16:42 PM

തിരുവനന്തപുരം: കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ ആലപ്പി റിപ്പിള്‍സിന് 184 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍ വിനൂപ് മനോഹരന്റെയും (31 പന്തില്‍ 66), ഒമ്പതാമനായി ബാറ്റിങിന് എത്തിയ ആല്‍ഫി ഫ്രാന്‍സിസ് ജോണിന്റെയും (പുറത്താകാതെ 13 പന്തില്‍ 31) ബാറ്റിങാണ് കൊച്ചിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടിയ ആലപ്പി ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊച്ചിക്ക് ഭേദപ്പെട്ട തുടക്കമാണ് വിനൂപ് മനോഹരനും, വിപുല്‍ ശക്തിയും നല്‍കിയത്. എട്ട് പന്തില്‍ 11 റണ്‍സെടുത്ത വിപുലിനെ പുറത്താക്കി വിഘ്‌നേഷ് പുത്തൂര്‍ കൊച്ചിക്ക് ആദ്യ പ്രഹരം സമ്മാനിച്ചു.

തുടര്‍ന്ന് ക്രീസിലെത്തിയ മുഹമ്മദ് ഷാനു തുടക്കത്തില്‍ തന്നെ രണ്ട് സിക്‌സറുകള്‍ പായിച്ചെങ്കിലും അധികം നേരം പിടിച്ചുനില്‍ക്കാനായില്ല. അഞ്ച് പന്തില്‍ 15 റണ്‍സെടുത്ത താരം അക്ഷയ് ചന്ദ്രന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ സാലി സാംസണും പുറത്തായി. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ സാലി മൂന്ന് പന്തില്‍ ആറു റണ്‍സാണ് എടുത്തത്. അക്ഷയ് ചന്ദ്രനായിരുന്നു ഈ വിക്കറ്റും സ്വന്തമാക്കിയത്.

പിന്നാലെ കെജെ രാകേഷും, സഞ്ജു സാംസണും കരുതലോടെ സ്‌കോര്‍ബോര്‍ഡ് മുന്നോട്ടു നയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്‌കോറിങിന്റെ വേഗം മന്ദഗതിയിലായി. ലീഗിലെ മുതിര്‍ന്ന താരമായ രാകേഷ് 23 പന്തില്‍ 12 റണ്‍സാണ് എടുത്തത്. ശ്രീഹരി എസ് നായരാണ് 42കാരനായ രാകേഷിനെ പുറത്താക്കിയത്. അധികം വൈകാതെ സഞ്ജു സാംസണെ ജലജ് സക്‌സേന പുറത്താക്കിയതോടെ കൊച്ചി പ്രതിരോധത്തിലായി. 22 പന്തില്‍ 13 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

വിക്കറ്റ് കീപ്പര്‍ നിഖിലും നിരാശപ്പെടുത്തി. 14 പന്തില്‍ ഒമ്പത് റണ്‍സായിരുന്നു നിഖിലിന്റെ സംഭാവന. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയവര്‍ കൊച്ചിയുടെ സ്‌കോറിങിന്റെ വേഗത വര്‍ധിപ്പിച്ചു. മൂന്ന് പന്തില്‍ 12 റണ്‍സെടുത്താണ് എട്ടാമനായ മുഹമ്മദ് ആഷിക്ക് പുറത്തായത്. ആല്‍ഫിക്കൊപ്പം പിഎസ് ജെറിനും (ഒരു റണ്‍സ്) പുറത്താകാതെ നിന്നു. ആലപ്പിക്ക് വേണ്ടി ശ്രീഹരി എസ് നായര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, വിഘ്‌നേഷ് പുത്തൂര്‍, ബാലു ബാബു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Also Read: KCL 2025: ചാമ്പ്യന്മാരെ തുരത്തി ട്രിവാൻഡ്രം റോയൽസ്; റിയ ബഷീറിൻ്റെ മികവിൽ ജയം നാല് വിക്കറ്റിന്

നിരാശപ്പെടുത്തി സഞ്ജു

കെസിഎല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ആറാമനായി ബാറ്റിങിന് എത്തിയ താരം 22 പന്തില്‍ 13 റണ്‍സാണെടുത്തത്. വലിയ സ്‌കോര്‍ നേടാനായില്ലെന്ന് മാത്രമല്ല, സ്‌കോറിങിന് വേഗതയുമില്ലായിരുന്നു. ഒരു ബൗണ്ടറി പോലും താരത്തിന് നേടാനുമായില്ല. ഏഷ്യാ കപ്പ് മുന്നില്‍ക്കണ്ടാണ് താരം ആറാമനായി ബാറ്റിങിന് എത്തിയത്.

എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തത് താരത്തിന് തിരിച്ചടിയാകുമോയെന്നാണ് ആരാധകരുടെ ആശങ്ക. കെസിഎല്ലില്‍ സഞ്ജു ആദ്യമായാണ് ബാറ്റിങിന് ഇറങ്ങുന്നത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ കഴിഞ്ഞ മത്സരത്തില്‍ പ്ലേയിങ് ഇലവനിലുണ്ടായിരുന്നെങ്കിലും സഞ്ജുവിന് ബാറ്റിങിന് ഇറങ്ങേണ്ടി വന്നില്ല. ആദ്യ മത്സരത്തിന് ശേഷം പനി മൂലം താരം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. നാളെ ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരെയാണ് കൊച്ചിയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ താരം തിരികെ ഫോമിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.