KCL 2025: ജയിക്കാൻ ഒരു പന്തിൽ ഏഴ് റൺസ്; ഒരു പന്ത് തന്നെ ബാക്കിനിർത്തി വിജയിച്ച് ആലപ്പി റിപ്പിൾസ്: വിഡിയോ
Wides Defeated Calicut Globstars: ആലപ്പി റിപ്പിൾസ് കഴിഞ്ഞ കളി വിജയിച്ചതിന് പിന്നിൽ ഭാഗ്യമെന്നല്ലാതെ മറ്റൊന്നും പറയാനില്ല. അവസാന ഓവറിലെ രണ്ട് വൈഡുകളാണ് റിപ്പിൾസിനെ വിജയിപ്പിച്ചത്.

ആലപ്പി റിപ്പിൾസ്
കേരള ക്രിക്കറ്റ് ലീഗിൽ അവസാന ഓവറിലേക്ക് നീളുന്ന ആവേശകരമായ മത്സരങ്ങളാണ് നടക്കുന്നത്. അത് ലീഗിൻ്റെ തന്നെ നിലവാരം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് നിർഭാഗ്യകരമായ ചില മത്സരങ്ങളിൽ പങ്കാളിയായി. ഏരീസ് കൊല്ലം സെയിലേഴ്സിനെതിരായ ആദ്യ കളി ഔട്ട് ഓഫ് സിലബസിലെത്തിയ ബിജു നാരായണൻ്റെ ഇരട്ട സിക്സറുകൾ പണികൊടുത്തപ്പോൾ കഴിഞ്ഞ കളി വൈഡുകളാണ് പരാജയകാരണമായത്.
Also Read: KCL 2025: അവസാന പന്തിലെ വൈഡിൽ വിജയിച്ച് ആലപ്പി റിപ്പിൾസ്; കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിന് ഹൃദയഭേദകം
ആലപ്പി റിപ്പിൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് 177 റൺസിൻ്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മികച്ച തുടക്കത്തിന് ശേഷം റിപ്പിൾസിന് വേഗം വിക്കറ്റുകൾ നഷ്ടമായി. മധ്യനിരയിൽ കളി പിടിയ്ക്കാൻ ഗ്ലോബ്സ്റ്റാഴ്സിന് സാധിച്ചു. അങ്ങനെ അവസാന ഓവറിൽ റിപ്പിൾസിൻ്റെ വിജയലക്ഷ്യം 14 റൺസായി. ഇബ്നുൽ അഫ്താബ് ആണ് പന്തെറിയുന്നത്. വളരെ നന്നായാണ് ആദ്യ മത്സരം കളിച്ച അഫ്താബ് പന്തെറിഞ്ഞുകൊണ്ടിരുന്നത്. മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങിയ താരം ഒരു വിക്കറ്റും വീഴ്ത്തി.
വിഡിയോ കാണാം
Twists, turns, and strokes of fortune! Destiny had the Ripples’ back as they swam through the chaos to snatch victory from the jaws of uncertainty. 🌊✨#KCLSeason2 #KCL2025 pic.twitter.com/zktY1Nmt2f
— Kerala Cricket League (@KCL_t20) August 29, 2025
ആദ്യ മൂന്ന് പന്തുകളിൽ അഫ്താബ് വെറും മൂന്ന് റൺസാണ് വിട്ടുകൊടുത്തത്. നാലാം പന്തിൽ അരുൺ കെഎ ബൗണ്ടറി നേടി. എന്നാൽ, അഞ്ചാം പന്തിൽ അരുണിനെ (22) വീഴ്ത്തിയ അഫ്താബ് ഗ്ലോബ്സ്റ്റാഴ്സിൻ്റെ വിജയം ഏറെക്കുറെ ഉറപ്പിച്ചു. അവസാന പന്തിൽ ഏഴ് റൺസായിരുന്നു റിപ്പിൾസിൻ്റെ വിജയലക്ഷ്യം. ഒരു സിക്സർ പോലും സമനിലയേ നൽകൂ. ആദ്യമെറിഞ്ഞ അവസാന പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് അഫ്താബ് ഒരു സ്ലോ ബോൾ പരീക്ഷിച്ചു. ക്രീസിലെത്തിയ ആദിത്യ ബൈജുവിന് പന്ത് ബാറ്റിൽ കൊള്ളിക്കാനായില്ല. വൈഡായ പന്ത് വിക്കറ്റ് കീപ്പർ എം അജിനാസിനും കൈപ്പിടിയിലൊതുക്കാനായില്ല. അത് ബൗണ്ടറി കടന്നു. വൈഡ്+ബൗണ്ടറി. ആകെ അഞ്ച് റൺസ്. ഒരു പന്തിൽ ജയിക്കാൻ ഇനി രണ്ട് റൺസ്. അടുത്ത പന്തിൽ അഫ്താബ് ബൗൺസർ എറിഞ്ഞു. തലയ്ക്ക് മുകളിലൂടെ പോയതിനാൽ അത് വൈഡ്. ആ പന്തും അജിനാസിൻ്റെ കൈപ്പിടിയിൽ വഴുതി. ബാറ്റർമാർ സിംഗിൾ ഓടിയെടുത്തു. ഒരു പന്ത് ശേഷിക്കെ ഗ്ലോബ്സ്റ്റാഴ്സിന് ജയം.