CSK vs MI: മുംബൈ ഇന്ത്യന്‍സ് പെട്ടിയും കിടക്കയും എടുക്കേണ്ടി വരുമോ? പിന്നെയും തോറ്റു
Chennai Super Kings beat Mumbai Indians: മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനോടാണ് തോറ്റത്. 160 റണ്‍സ് വിജയലക്ഷ്യം ചെന്നൈ അനായാസം മറികടന്നു. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് ഇന്നത്തെ മത്സരത്തിലും അര്‍ധ സെഞ്ചുറിയുമായി തിളങ്ങി.

മുംബൈ ഇന്ത്യന്‍സ്
ചെന്നൈ, 2-5-2026: ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഏഴാം തോല്‍വി വഴങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് എട്ട് വിക്കറ്റിനാണ് മുംബൈ തോറ്റത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിലും മുംബൈ ചെന്നൈയോട് തോറ്റിരുന്നു. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, 11 പന്തുകള്‍ ബാക്കിനില്‍ക്കെ സിഎസ്‌കെ വിജയലക്ഷ്യം മറികടന്നു. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 159, ചെന്നൈ സൂപ്പര്‍ കിങ്‌സ് 18.1 ഓവറില്‍ രണ്ട് വിക്കറ്റിന് 160.
മുംബൈയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ഹീറോയായ സഞ്ജു സാംസണ്‍ ഇന്ന് നിരാശപ്പെടുത്തിയെങ്കിലും, മറ്റ് ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ചെന്നൈ അനായാസം വിജയത്തിലേക്ക് കുതിച്ചു. ഗുജറാത്തിനെതിരായ മത്സരത്തിലൂടെ ഫോമിലേക്ക് തിരികെയെത്തിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് ഇന്നത്തെ മത്സരത്തിലും അര്‍ധ സെഞ്ചുറിയുമായി തിളങ്ങി.
റുതുരാജിന്റെ സിക്‌സര്‍
Simply beautiful batting! 🤌
🎥 Ruturaj Gaikwad and Kartik Sharma making it look effortless during their brilliant partnership 🤝
Updates ▶️ https://t.co/VVAjldiiC0#TATAIPL | #KhelBindaas | #CSKvMI | @ChennaiIPL pic.twitter.com/uE5xhwvuZe
— IndianPremierLeague (@IPL) May 2, 2026
പുറത്താകാതെ 48 പന്തില്‍ 67 റണ്‍സാണ് റുതുരാജ് നേടിയത്. ഇമ്പാക്ട് പ്ലയറായെത്തിയ കാര്‍ത്തിക് ശര്‍മയും അര്‍ധ സെഞ്ചുറി നേടി. പുറത്താകാതെ 40 പന്തില്‍ 54 റണ്‍സാണ് കാര്‍ത്തിക്ക് നേടിയത്. ഉര്‍വിള്‍ പട്ടേല്‍ 12 പന്തില്‍ 24 റണ്‍സെടുത്തു. ഒമ്പത് പന്തില്‍ 11 റണ്‍സെടുക്കാനെ സഞ്ജുവിന് സാധിച്ചുള്ളൂ.
മുംബൈയുടെ തകര്‍ച്ച
ബൗളിങിന് അനുകൂലമാണ് സാഹചര്യങ്ങളെന്ന് മനസിലാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. റുതുരാജിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഉടന്‍ തന്നെ ചെന്നൈ ബൗളര്‍മാര്‍ തെളിയിച്ചു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ മുംബൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തില്‍ ഒരു റണ്‍സെടുത്ത വില്‍ ജാക്ക്‌സിനെ അന്‍ഷുല്‍ കാംബോജാണ് പുറത്താക്കിയത്.
മുംബൈയ്ക്കായി കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ റിയാന്‍ റിക്കല്‍ട്ടണും, നമാന്‍ ധിറും രണ്ടാം വിക്കറ്റില്‍ ടീമിനെ കര കയറ്റാന്‍ ശ്രമിച്ചു. 24 പന്തില്‍ 37 റണ്‍സെടുത്ത റിക്കല്‍ട്ടണെ വീഴ്ത്തി നൂര്‍ അഹമ്മദ് ചെന്നൈയ്ക്ക് രണ്ടാമത്തെ പ്രഹരം ഏല്‍പിച്ചു.
തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തുടക്കം മുതല്‍ തകര്‍ത്തടിച്ചെങ്കിലും അധിക നേരം ക്രീസില്‍ തുടരാനായില്ല. 12 പന്തില്‍ 21 റണ്‍സെടുത്ത സൂര്യ രാമകൃഷ്ണ ഘോഷിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെയെത്തിയ തിലക് വര്‍മയെ അധിക നേരം നിലയുറപ്പിക്കാന്‍ നൂര്‍ അഹമ്മദ് സമ്മതിച്ചില്ല. എട്ടു പന്തില്‍ അഞ്ച് റണ്‍സെടുക്കാനെ തിലകിന് സാധിച്ചുള്ളൂ.
അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ നമാന്‍ ധിറും പുറത്തായി. 37 പന്തില്‍ 57 റണ്‍സാണ് മുംബൈയുടെ ടോപ് സ്‌കോററായ നമാന്‍ നേടിയത്. തുടര്‍ന്നെത്തിയ എല്ലാ ബാറ്റര്‍മാരും അമ്പേ പരാജയമായി. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ-23 പന്തില്‍ 18, റോബിന്‍ മിന്‍സ്-മൂന്ന് പന്തില്‍ അഞ്ച്, ക്രിഷ് ഭഗത്-ആറു പന്തില്‍ മൂന്ന് നോട്ടൗട്ട്, ട്രെന്‍ഡ് ബോള്‍ട്ട്-രണ്ടു പന്തില്‍ ഏഴ് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
മൂന്ന് വിക്കറ്റെടുത്ത അന്‍ഷുല്‍ കാംബോജും, രണ്ട് വിക്കറ്റെടുത്ത നൂര്‍ അഹമ്മദും, ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിയ രാമകൃഷ്ണ ഘോഷും, ജാമി ഒവര്‍ട്ടണും സിഎസ്‌കെയ്ക്കായി ബൗളിങില്‍ തിളങ്ങി.
English Summary
Chennai Super Kings defeated Mumbai Indians by 8 wickets in the 44th match of IPL 2026. Chasing a target of 160 runs with 11 balls to spare, CSK chased down the target with 11 balls to spare. Ruturaj Gaikwad and Kartik Sharma remained unbeaten on half-centuries. Naman Dhir scored a half-century for MI.