Shikhar Dhawan: കാമുകിയെ ഹോട്ടൽ മുറിയിലേക്ക് സൂത്രത്തിൽ കയറ്റുമായിരുന്നു; ഒന്ന് ഉറങ്ങാൻ സമ്മതിക്കുമോ എന്ന് രോഹിത് ചോദിക്കും: ശിഖർ ധവാൻ
Used To Smuggle Girlfriend To Room Says Dhawan: രോഹിത് ശർമ്മയുമായി റൂം പങ്കിടുന്ന സമയത്ത് കാമുകിയെ മുറിയിൽ ഒളിച്ചുകയറ്റുമായിരുന്നു എന്ന് ശിഖർ ധവാൻ. തൻ്റെ ആത്മകഥയിലാണ് ധവാൻ്റെ വെളിപ്പെടുത്തൽ.
ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന സമയത്ത് കാമുകിയെ രഹസ്യമായി മുറിയിൽ കയറ്റുമായിരുന്നു എന്ന് മുൻ താരം ശിഖർ ധവാൻ. രോഹിത് ശർമ്മയുമായി മുറി പങ്കിടുന്ന സമയത്തായിരുന്നു സംഭവം. തന്നെ ഒന്ന് ഉറങ്ങാൻ സമ്മതിക്കാമോ എന്ന് രോഹിത് ശർമ്മ ചോദിക്കാറുണ്ടായിരുന്നു എന്നും ധവാൻ തൻ്റെ ആത്മകഥയിൽ പറഞ്ഞു. സ്പോർട്സ് സ്റ്റാർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“അവൾ സുന്ദരിയായിരുന്നു. പെട്ടെന്ന് തന്നെ ഞാൻ അവളെ പ്രണയിച്ചു. ഞാൻ വിചാരിച്ചു, ഇവളെ ഞാൻ കല്യാണം കഴിക്കും. പരിശീലന മത്സരത്തിൽ അർദ്ധസെഞ്ചുറി അടിച്ചാണ് ഞാൻ തുടങ്ങിയത്. പര്യടനം നന്നായി പോകുന്നു. എല്ലാ മത്സരത്തിന് ശേഷവും ഞാൻ എലനെ (ശരിയായ പേരല്ല) കാണാൻ പോകുമായിരുന്നു. പിന്നെ അവളെ രഹസ്യമായി മുറിയിലേക്ക് കയറ്റാൻ ആരംഭിച്ചു. അന്ന് രോഹിത് ശർമ്മയുമായി ഞാൻ മുറി പങ്കിടുകയായിരുന്നു. ഇടയ്ക്ക് രോഹിത് ചോദിക്കും, ‘ഒന്ന് ഉറങ്ങാൻ അനുവദിക്കാമോ?”- ധവാൻ പറഞ്ഞു.
“ഒരു ദിവസം വൈകുന്നേരം ഞാൻ എലനുമായി ഡിന്നറിന് പോവുകയായിരുന്നു. അവൾ എനിക്കൊപ്പമുണ്ടെന്ന വാർത്ത ടീമിനിടയിൽ കാട്ടുതീപോലെ പടർന്നു. കൈകൾ കോർത്ത് ലോബിയിലൂടെ ഞങ്ങൾ നടക്കുന്നത് ഒരു സെലക്ടർ കണ്ടു. അവളുടെ കൈ വിടണമെന്ന് എനിക്ക് തോന്നിയില്ല. കാരണം ഞങ്ങൾ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ. ആ ഓസ്ട്രേലിയൻ പര്യടനത്തിൽ ഞാൻ നന്നായി കളിച്ചിരുന്നെങ്കിൽ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചേനെ. പക്ഷേ, എൻ്റെ പ്രകടനങ്ങൾ മോശമായിക്കൊണ്ടിരുന്നു.”- ധവാൻ തുടർന്നു.




ഇന്ത്യക്കായി 34 ടെസ്റ്റുകളിലും 167 ഏകദിനങ്ങളിലും 68 ടി20കളിലും ഇന്ത്യക്കായി കളിച്ച ധവാൻ ഏറെക്കാലം രോഹിത് ശർമ്മയുടെ ഓപ്പണിങ് പങ്കാളി ആയിരുന്നു. 2012ൽ കിക്ക്ബോക്സറായ അയേഷ മുഖർജിയെ വിവാഹം കഴിച്ച ധവാൻ 2023ൽ വിവാഹമോചിതനായി. തൊട്ടടുത്ത വർഷം അദ്ദേഹം ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.