India vs England: ഇന്ത്യ പാഴാക്കിയ എട്ട് ക്യാച്ചുകളിൽ ഇംഗ്ലണ്ട് നേടിയത് 250 റൺസ്; ആദ്യ ടെസ്റ്റിലെ പരാജയത്തിന് പ്രധാന കാരണം ചോരുന്ന കൈകൾ
India Dropped 8 Catches Against England Test: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ആകെ പാഴാക്കിയത് 8 ക്യാച്ചുകൾ. ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതിലൂടെ 250 റൺസാണ് ഇന്ത്യ അധികമായി വഴങ്ങിയത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടതിൻ്റെ പധാന കാരണം ഇന്ത്യൻ ഫീൽഡർമാരുടെ ചോരുന്ന കൈകളാണ്. രണ്ട് ഇന്നിംഗ്സിലുമായി എട്ട് തവണയാണ് ഇന്ത്യൻ ഫീൽഡർമാർ ഇംഗ്ലണ്ട് ബാറ്റർമാരെ കൈവിട്ടത്. ഇങ്ങനെ കൈവിട്ട ക്യാച്ചുകളിലൂടെ ഇംഗ്ലണ്ട് നേടിയത് 250 റൺസ്. ഇംഗ്ലണ്ടിനെതിരെ ഹെഡിങ്ലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. അഞ്ച് സെഞ്ചുറികൾ നേടിയെങ്കിലും ഇന്ത്യക്ക് വിജയിക്കാൻ കഴിഞ്ഞില്ല.
ആദ്യ ഇന്നിംഗ്സിലെ അഞ്ചാം ഓവറിൽ യശസ്വി ജയ്സ്വാൾ കൈവിട്ടപ്പോൾ ബെൻ ഡക്കറ്റിൻ്റെ സ്കോർ 11. ഏഴാം ഓവറിൽ 15 റൺസിൽ നിൽക്കെ ഡക്കറ്റിനെ രവീന്ദ്ര ജഡേജയും നിലത്തിട്ടു. പിന്നീട് 23.5 ഓവറിൽ 62 റൺസെടുത്തപ്പോഴാണ് ഡക്കറ്റ് പുറത്തായത്. 31ആം ഓവറിൽ ജയ്സ്വാൾ വീണ്ടും മറ്റൊരു ക്യാച്ച് പാഴാക്കി. ഒലി പോപ്പ് 60 റൺസിൽ നിൽക്കെയായിരുന്നു ക്യാച്ച് നഷ്ടം. പിന്നീട് പോപ്പ് പുറത്തായത് 51ആം ഓവറിൽ 106 റൺസിന്.
72ആം ഓവറിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഹാരി ബ്രൂക്കിൻ്റെ ക്യാച്ച് നഷ്ടപ്പെടുത്തി. ബ്രൂക്ക് 46ൽ നിൽക്കെയാണ് പന്ത് ക്യാച്ച് പാഴാക്കിയത്. 85ആം ഓവറിൽ ബ്രൂക്ക് 82 റൺസിൽ നിൽക്കെ ജയ്സ്വാളിൻ്റെ മൂന്നാം ക്യാച്ച് ഡ്രോപ്പ്. 89ആം ഓവറിൽ 99 റൺസെടുത്താണ് ബ്രൂക്ക് പുറത്തായത്. സായ് സുദർശനായിരുന്നു അടുത്ത പ്രതി. 72ആം ഓവറിൽ സുദർശൻ ക്യാച്ച് പാഴാക്കുമ്പോൾ ജേമി സ്മിത്തിൻ്റെ സ്കോർ 19. 7.5 ഓവറുകൾക്ക് ശേഷം 40 റൺസെടുത്താണ് സ്മിത്ത് പുറത്തായത്. ഒന്നാം ഇന്നിംഗ്സിൽ ഇത്രയുമായിരുന്നു ക്യാച്ച് ഡ്രോപ്പുകൾ.



രണ്ടാം ഇന്നിംഗ്സിലെ 29ആം ഓവറിൽ, സ്വന്തം ബൗളിംഗിൽ ജസ്പ്രീത് ബുംറ സാക്ക് ക്രോളിയെ കൈവിട്ടു. ആ സമയത്ത് ക്രോളിയുടെ സ്കോർ 38. പിന്നീട് 43ആം ഓവറിൽ 65 റൺസ് നേടി ക്രോളി പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ജയ്സ്വാൾ വീണ്ടും ക്യാച്ച് പാഴാക്കി. 39ആം ഓവറിൽ ബെൻ ഡക്കറ്റ് 97 റൺസിൽ നിൽക്കെയായിരുന്നു ക്യാച്ച് പാഴാക്കൽ. 55ആം ഓവറിൽ 149 റൺസ് നേടി ഇംഗ്ലണ്ടിൻ്റെ വിജയത്തിൽ നിർണായക സംഭാവന നൽകിയതിന് ശേഷമാണ് ഡക്കറ്റ് രണ്ടാം ഇന്നിംഗ്സിൽ പുറത്തായത്.