WPL 2026: ആര്‍സിബി ബൗളര്‍മാരോട് കരുണയില്ലാതെ സജനയുടെ പ്രഹരം; മലയാളി താരത്തിന്റെ കരുത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്‌കോര്‍
WPL 2026 Mumbai Indians Vs RCB: മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 155 റണ്‍സ് വിജയലക്ഷ്യം. സജന സജീവന്റെ ബാറ്റിങ് കരുത്തിലാണ് മുംബൈ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 25 പന്തുകള്‍ നേരിട്ട സജന 45 റണ്‍സെടുത്തു.

Sajana Sajeevan
മുംബൈ: ഡബ്ല്യുപിഎല്‍ 206 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 155 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 154 റണ്‍സ് അടിച്ചുകൂട്ടിയത്. മലയാളി താരം സജന സജീവന്റെ ബാറ്റിങ് കരുത്തിലാണ് മുംബൈ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 25 പന്തുകള്‍ നേരിട്ട സജന 45 റണ്‍സെടുത്തു. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
അവസാന ഓവറിലെ ആദ്യ പന്തിലാണ് സജന പുറത്തായത്. നദൈന്‍ ഡി ക്ലര്‍ക്കിനെ സിക്‌സറടിക്കാനുള്ള താരത്തിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. സജന ഉയര്‍ത്തിയടിച്ച പന്ത് സ്മൃതി മന്ദാന ക്യാച്ചെടുത്തു. സജനയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. സജനയ്ക്ക് പുറമെ നിക്കോളാ കാരി-29 പന്തില്‍ 40, ജി കമാലിനി-28 പന്തില്‍ 32 എന്നിവരും മുംബൈയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി.
അമേലിയ കെര്‍-15 പന്തില്‍ നാല്, നാറ്റ് സിവര്‍ ബ്രന്റ്-മൂന്ന് പന്തില്‍ നാല്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍-മൂന്ന് പന്തില്‍ നാല് എന്നിവര്‍ നിരാശപ്പെടുത്തി. അമന്‍ജോത് കൗര്‍, പൂനെ ഖെംനാര്‍ എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ആര്‍സിബിക്കായി നദൈന്‍ ഡി ക്ലര്‍ക്ക് നാലു വിക്കറ്റ് വീഴ്ത്തി. ലൗറന്‍ ബെല്‍, ശ്രേയങ്ക പാട്ടില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
അപകടകാരിയായ ഓള്‍ റൗണ്ടര്‍ അമേലിയ കെറും, കമാലിനിയുമാണ് ഓപ്പണിങിന് ഇറങ്ങിയത്. എന്നാല്‍ ലൗറന്‍ ബെല്ലിന്റെ പന്തില്‍ അരുന്ധതി റെഡ്ഡിക്ക് ക്യാച്ച് നല്‍കി കെര്‍ പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി. അഞ്ചാം ഓവറിലാണ് മുംബൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഏഴാം ഓവറില്‍ ഓള്‍ റൗണ്ടര്‍ നാറ്റ് സിവര്‍ ബ്രന്റിനെ കൂടി നഷ്ടമായതോടെ മുംബൈ പ്രതിരോധത്തിലായി.
കമാലിനിയും, ഹര്‍മന്‍പ്രീതും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സ്‌കോറിങിന് വേഗത കുറവായിരുന്നു. അഞ്ചാം വിക്കറ്റില്‍ സജനയും കാരിയും സൃഷ്ടിച്ച 82 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.