Cristiano Ronaldo: കളിക്കളത്തിലെ രാജാവിന് ‘സ്വർണ്ണ ബൂട്ടുകൾ’! റൊണാള്‍ഡോയ്ക്ക് വമ്പൻ സർപ്രൈസുമായി നൈക്കി
Nike Gold Mercurial Superfly RGN : ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷത്തെ ഫുട്ബോൾ കരിയറിനെ ആദരിക്കുന്നതിനായി അമേരിക്കൻ സ്‌പോർട്‌സ് വെയർ ഭീമന്മാരായ നൈക്കി 'ഗോൾഡ് മെർക്കുറിയൽ സൂപ്പർഫ്ലൈ ആർ.ജി.എൻ' ഫുട്ബോൾ ബൂട്ട് പുറത്തിറക്കി. നൈക്കിയുമായി ആജീവനാന്ത കരാറുള്ള താരമാണ് റൊണാള്‍ഡോ.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷത്തെ ഫുട്ബോൾ കരിയറിനെ ആദരിക്കുന്നതിനായി അമേരിക്കൻ സ്‌പോർട്‌സ് വെയർ ഭീമന്മാരായ നൈക്കി ‘ഗോൾഡ് മെർക്കുറിയൽ സൂപ്പർഫ്ലൈ ആർ.ജി.എൻ’ ഫുട്ബോൾ ബൂട്ട് പുറത്തിറക്കി. നൈക്കിയുമായി ആജീവനാന്ത കരാറുള്ള താരമാണ് റൊണാള്‍ഡോ. ഞായറാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ പോർച്ചുഗൽ – കൊളംബിയ പോരാട്ടത്തിൽ താരം ഈ ബൂട്ടുകള്‍ ധരിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. തിളങ്ങുന്ന സ്വർണ്ണ നിറത്തിലുള്ള ബേസും അതിൽ വെള്ള നിറത്തിലുള്ള ഡിസൈനുമാണ് ഈ ബൂട്ടുകൾക്കുള്ളതെന്ന് ‘ഫൂട്ടി ഹെഡ്‌ലൈന്‍സ്’ റിപ്പോര്‍ട്ട് ചെയ്തു.
മികച്ച പന്ത് നിയന്ത്രണത്തിനായി 3/4-ലെങ്ത് എയർ സൂം യൂണിറ്റ്, ഫ്ലൈവയർ സപ്പോർട്ട്, മൃദുവായ മുകൾഭാഗം എന്നിവയും ഈ ബൂട്ടിന്റെ സവിശേഷതകളാണെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 28,343 ഇന്ത്യൻ രൂപ (300 ഡോളർ) വിലവരുന്ന ഈ ബൂട്ടുകൾ ബുധനാഴ്ച ലോകമെമ്പാടും വിപണിയിലെത്തിച്ചു. ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ റൊണാൾഡോ ഇരട്ട ഗോൾ നേടിയതിന്റെ തൊട്ടടുത്ത് ദിവസമാണ് ഈ ബൂട്ടുകള്‍ വിപണിയിലെത്തിച്ചത്. ഉസ്‌ബെക്കിസ്ഥാനെ പോര്‍ച്ചുഗല്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.
നൈക്കിയുടെ ട്വീറ്റ്
20 years in the making @Cristiano.
Gold Mercurial Superfly RGN, dropping June 24. pic.twitter.com/drY4En5VCs
— Nike Football (@nikefootball) June 23, 2026
ചരിത്രനേട്ടം
ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടമാണ് ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തോടെ റൊണാള്‍ഡോ സ്വന്തമാക്കിയത്. ആരാധകരുടെ ‘സിആര്‍7’ന്റെ സമാനതകളില്ലാത്ത കരിയറിനെ ആദരിക്കുന്നതിനായി ഈ പ്രത്യേക ബൂട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ 41-ാം വയസിലും തന്റെ മികവിന് ഒരു കുറവുമില്ലെന്ന് താരം തെളിയിച്ചിരിക്കുകയാണ്.
ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തോടെ ഈ ലോകകപ്പിലെ ആദ്യ വിജയമാണ് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്. ഇരട്ടഗോളുകള്‍ നേടിയ റൊണാള്‍ഡോയ്ക്ക് പുറമെ, നൂനോ മെൻഡിസ്, റാഫേൽ ലിയാവോ എന്നിവരും വല കുലുക്കി. ഉസ്ബെക്കിസ്ഥാൻ ഗോൾകീപ്പർ അബ്ദുവോഹിദ് നെമറ്റോവിന്റെ ഓണ്‍ ഗോള്‍ കൂടി ചേര്‍ന്നപ്പോള്‍ അഞ്ച് ഗോളുകളാണ് പോര്‍ച്ചുഗലിന് ലഭിച്ചത്.
താരതമ്യേന ദുര്‍ബലരായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരെയായിരുന്നു പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. എന്നാല്‍ അനായാസ ജയം ലക്ഷ്യമിട്ടെത്തിയ പോര്‍ച്ചുഗലിനെ കോംഗോ സമനിലയില്‍ തളിച്ചു. ഈ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനും സാധിച്ചില്ല.
എന്നാല്‍ ആദ്യ മത്സരത്തിന് ശേഷം ടീമിന് വലിയ പുരോഗതി കൈവരിക്കാനായെന്ന് താരം പറഞ്ഞു. റെക്കോർഡുകൾ തകർക്കുന്നത് സവിശേഷമായ കാര്യമാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ, ദേശീയ ടീമിനെ അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും താരം വ്യക്തമാക്കി.
ടീം മികച്ച പ്രകടനം കാഴ്ചവച്ചു. ഒരുപാട് മെച്ചപ്പെട്ടു. എല്ലാ കാര്‍മേഘങ്ങള്‍ക്കും ഒരു വെള്ളി വെളിച്ചമുണ്ടാകും എന്ന് പറയുന്നതുപോലെയാണിത്. റെക്കോർഡുകൾ എപ്പോഴും സന്തോഷം നൽകുന്നവയാണ്. എന്നാൽ ദേശീയ ടീമിനെ വിജയത്തിലെത്തിക്കുക എന്നതാണ് തന്റെ എപ്പോഴത്തെയും ലക്ഷ്യമെന്ന് റൊണാള്‍ഡോ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
English Summary
Nike released special-edition gold boots to honor Cristiano Ronaldo’s 20-year career. The $300 boots celebrate his record of scoring in six different World Cups. Ronaldo recently scored twice in Portugal’s 5-0 victory over Uzbekistan. He will likely wear the new gold boots this Sunday against Colombia.