French Open 2025: വിട്ടുകൊടുക്കില്ല മോനേ, ഫ്രഞ്ച് ഓപ്പണ്‍ കിരീടം അല്‍കാരസിന്റെ കൈയില്‍ ഭദ്രം, സിന്നര്‍ അടിയറവ് പറഞ്ഞു
Carlos Alcaraz Defends French Open Title: ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലില്‍ 4-6, 6-7, 6-4, 7-6, 7-6 സ്‌കോറിലാണ് അല്‍കാരസ് സിന്നറെ കീഴടക്കി കിരീടനേട്ടം ആവര്‍ത്തിച്ചത്. ടൈ ബ്രേക്കറില്‍ അല്‍കാരസ് കിരീടം ചൂടിയപ്പോഴേക്കും ഫൈനലിന്റെ ദൈര്‍ഘ്യം അഞ്ച് മണിക്കൂറും 29 മിനിറ്റും നീണ്ടുനിന്നു

‘പുലി പതുങ്ങിയത് ഒളിക്കാനല്ല, കുതിക്കാനാണ്’ ! ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെ ആവേശപ്പോരാട്ടത്തില്‍ കാര്‍ലോസ് അല്‍കാരസ് കിരീടം നിലനിര്‍ത്തിയപ്പോള്‍ ആരാധകര്‍ ഒരുപക്ഷേ ചിന്തിച്ചത് ഇങ്ങനെയായിരിക്കാം. ആദ്യ രണ്ട് സെറ്റും നഷ്ടമായതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ലോക ഒന്നാം നമ്പര്‍ താരം ജാനിക് സിന്നറെ അല്‍കാരസ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലില്‍ 4-6, 6-7, 6-4, 7-6, 7-6 സ്‌കോറിലാണ് അല്‍കാരസ് സിന്നറെ കീഴടക്കി കിരീടനേട്ടം ആവര്‍ത്തിച്ചത്.
ആദ്യ രണ്ട് സെറ്റുകള്‍ അല്‍കാരസിന് നഷ്ടമായിരുന്നു. സിന്നര്‍ ജേതാവാകുമെന്ന് ആരാധകര്‍ കുറച്ചുനേരമെങ്കിലും ചിന്തിച്ച നിമിഷം. എന്നാല്‍ കുതിച്ചെത്തിയ അല്‍കാരസ് തുടര്‍ന്നുള്ള മൂന്ന് സെറ്റുകള്‍ വെട്ടിപിടിക്കുകയായിരുന്നു. 6-4, 7-6, 7-6 എന്നീ സ്‌കോറുകള്‍ക്ക് അല്‍കാരസ് അവസാന മൂന്ന് സെറ്റുകളും സ്വന്തമാക്കിയപ്പോള്‍ സിന്നര്‍ അടിയറവ് പറഞ്ഞു.
ടൈ ബ്രേക്കറില്‍ അല്‍കാരസ് കിരീടം ചൂടിയപ്പോഴേക്കും ഫൈനലിന്റെ ദൈര്‍ഘ്യം അഞ്ച് മണിക്കൂറും 29 മിനിറ്റും നീണ്ടുനിന്നു. ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലാണ് ഇത്. 1982-ൽ പാരീസിൽ മാറ്റ്സ് വിലാൻഡറും ഗില്ലെർമോ വിലാസും തമ്മില്‍ നടന്ന ഫൈനല്‍ മത്സരമായിരുന്നു ഇതിന് മുമ്പുണ്ടായിരുന്നതിലെ ഏറ്റവും ദൈര്‍ഘ്യമേറിയത്. അന്ന് നാല് മണിക്കൂറും 42 മിനിറ്റും മത്സരം നീണ്ടുനിന്നു.




Read Also: French Open 2025 : സബലങ്കയെ തകർത്ത് ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് യുഎസിൻ്റെ കോകോ ഗൗഫ്
ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ കാർലോസ് അൽകറാസ് തന്റെ അപരാജിത റെക്കോർഡ് (5-0) വീണ്ടും ശക്തമാക്കി. സിന്നറുടെ 20 മത്സരങ്ങളിലെ അപരാജിതക്കുതിപ്പിനും 22 കാരനായ സ്പാനിഷ് താരം വിരാമമിട്ടു. അഞ്ച് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടത്തില്‍ ഇതിഹാസങ്ങളായ ബ്യോൺ ബോർഗിനും റാഫേൽ നദാലിനും ഒപ്പം അല്‍കാരസും ഇനി പങ്കാളിയാണ്. കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ സിന്നറിന് ആ നേട്ടം ഫ്രഞ്ച് ഓപ്പണില്‍ സ്വന്തമാക്കാനായില്ല.