French Open 2025 : സബലങ്കയെ തകർത്ത് ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് യുഎസിൻ്റെ കോകോ ഗൗഫ്
French Open Women's Singles 2025 Winner : ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു കോകോ ഗൗഫിൻ്റെ ജയം. കോകോ ഗൗഫിൻ്റെ കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം നേട്ടമാണിത്.
കളിമണ്ണ് കോർട്ടിലെ പുതിയ റാണിയായി അമേരിക്കയുടെ യുവതാരം കോകോ ഗൗഫ്. ഒന്നാം സീഡ് ബെലൂസ് താരം അര്യന സബലെങ്കയ തോൽപ്പിച്ചാണ് കോകോ ഗൗഫ് ആദ്യമായി ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിടുന്നത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു 21കാരിയായ യുഎസ് താരത്തിൻ്റെ ജയം. സ്കോർ 6-7(5), 6-2, 6-4 എന്നിങ്ങിനെ ബെലറൂസ് താരത്തെ ഗൗഫ് തകർത്തത്.
ആദ്യ സെറ്റിൽ നേരിട്ട തിരിച്ചടിക്ക് മറുപടിയായി ബാക്കി രണ്ട് സെറ്റുകൾ നേടിയാണ് ടൂർണമെൻ്റിലെ രണ്ടാം സീഡ് താരമായ ഗൗഫ് റോളണ്ട് ഗാരോസിൽ കിരീടം ഉയർത്തിയത്. യുഎസ് യുവതാരത്തിൻ്റെ കരിയറിലെ രണ്ടാമത്തെ ഗ്രാൻഡ് സ്ലാം കിരീട നേട്ടമാണിത്. 2023 യുഎസ് ഓപ്പൺ കിരീടം നേടിയാണ് ഗൗഫ് തൻ്റെ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം സ്വന്തമാക്കുന്നത്. ഇതിഹാസ താരം സെറീന വില്യംസിന് ശേഷം ഫ്രഞ്ച് ഓപ്പണിൽ മുത്തമിടുന്ന രണ്ടാമത്തെ അമേരിക്കൻ താരമാണ് ഗൗഫ്.
നാളെ ജൂൺ എട്ടാം തീയതിയാണ് ഫ്രഞ്ച് ഓപ്പൺ പുരുഷ ഫൈനൽസ്. കലാശപ്പോരാട്ടത്തിൽ ഒന്നാം സീഡ് താരമായ ഇറ്റലിയുടെ യാനിക് സിന്നറും രണ്ടാം സീഡ് താരമായ സ്പെയിൻ്റെ കാർലോസ് അൽക്കാരസും തമ്മിലാണ് ഏറ്റുമുട്ടുക. സെമി ഫൈനലിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ചാണ് സിന്നർ ഫൈനലിലേക്ക് പ്രവേശിച്ചത്. ഇറ്റലിയുടെ ലൊറെൻസോ മുസെറ്റി മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറിയതോടെയാണ് അൽക്കാരസിന് ഫൈനലിലേക്ക് വഴി തെളിഞ്ഞത്.