India vs England: രോഹിതുമില്ല, കോഹ്ലിയുമില്ല; എന്നിട്ടും ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു
India vs England ticket sale: ആദ്യ പോരാട്ടം ജൂണ്‍ 20 മുതല്‍ 24 വരെ നടക്കും. ജൂലൈ രണ്ട് മുതല്‍ ആറു വരെയാണ് രണ്ടാമത്തെ മത്സരം. മൂന്നാമത്തെ ടെസ്റ്റ് ജൂലൈ 10 മുതല്‍ 14 വരെയും, നാലാമത്തേത് ജൂലൈ 23 മുതല്‍ 27 വരെയും നടക്കും. പരമ്പരയിലെ അവസാന മത്സരം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാലു വരെയാണ്

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ഇനിയും 12 ദിവസം ബാക്കിയുണ്ട്. ടിക്കറ്റുകളുടെ വില്‍പന പൊടിപൊടിക്കുകയാണ്. പല മത്സരങ്ങളുടെയും ടിക്കറ്റുകള്‍ ഏറെക്കുറെ വിറ്റുതീര്‍ന്നുവെന്ന് ‘റേവ്‌സ്‌പോര്‍ട്‌സ്’ റിപ്പോര്‍ട്ട് ചെയ്തു. ഹെഡിംഗ്ലിയില്‍ നടക്കുന്ന മത്സരത്തിന് ഏതാനും ടിക്കറ്റുകള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ മിക്ക ടിക്കറ്റുകളും വിറ്റു. മാഞ്ചസ്റ്ററിലും, ലോര്‍ഡ്‌സിലുമെല്ലാം സമാനമായ സാഹചര്യമാണ്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടില്‍ നടക്കുന്നത്. എന്നിട്ടും മത്സരാവേശത്തിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍.
അതേസമയം, പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തി. കഴിഞ്ഞ ദിവസമാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും, പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്. സാധാരണ ഇന്ത്യന്‍ ടീം എവിടെയെത്തിയാലും വരവേല്‍ക്കാന്‍ നിരവധി ആരാധകര്‍ എത്തുന്നതാണ് പതിവ്. എന്നാല്‍ ലണ്ടനില്‍ കുറച്ച് മാധ്യമപ്രവര്‍ത്തകരും, ഏതാനും ആരാധകരും മാത്രമാണുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.




Touchdown UK 🛬#TeamIndia have arrived for the five-match Test series against England 🙌#ENGvIND pic.twitter.com/QK5MMk9Liw
— BCCI (@BCCI) June 7, 2025
പരമ്പര ആരംഭിക്കുന്നതിന് മുമ്പ്, ഇന്ത്യ എയ്‌ക്കെതിരെ നാല് ദിവസത്തെ സന്നാഹ മത്സരം ഇന്ത്യ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹെഡിംഗ്ലി (ലീഡ്സ്), എഡ്ജ്ബാസ്റ്റൺ (ബർമിംഗ്ഹാം), ലോർഡ്‌സ്, ദി ഓവൽ (ലണ്ടൻ), ഓൾഡ് ട്രാഫോർഡ് (മാഞ്ചസ്റ്റർ) എന്നിവിടങ്ങളിലാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നടക്കുന്നത്.
ആദ്യ മത്സരം ജൂണ്‍ 20 മുതല്‍ 24 വരെ നടക്കും. ജൂലൈ രണ്ട് മുതല്‍ ആറു വരെയാണ് രണ്ടാമത്തെ പോരാട്ടം. മൂന്നാമത്തെ ടെസ്റ്റ് ജൂലൈ 10 മുതല്‍ 14 വരെയും, നാലാമത്തേത് ജൂലൈ 23 മുതല്‍ 27 വരെയും നടക്കും. പരമ്പരയിലെ അവസാന മത്സരം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാലു വരെയാണ്.